ആവേശം അണപൊട്ടിയ മത്സരമായിയിരുന്നു 2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനൽ. മത്സരത്തിലൂടനീളം ഇരു ടീമുകൾക്കും ആധിപത്യങ്ങൾ മാറിമറിഞ്ഞു കൊണ്ടേയിരുന്നു. പല സമയത്തും ഗുജറാത്ത് ടൈറ്റൻസ് വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും അവസാന പന്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് അതിവിദഗ്ധമായി വിജയം തട്ടിയെടുക്കുകയാണ് ഉണ്ടായത്. അവസാന ഓവറിൽ 13 റൺസായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ഈ സമയത്ത് ക്രീസിലുണ്ടായിരുന്നത് ശിവം ദുബേയും രവീന്ദ്ര ജഡേജയുമാണ്. ഈ സീസണിൽ തന്നെ ഏറ്റവുമധികം സിക്സറുകൾ നേടിയ താരമാണ് ശിവം ദുബെ. എന്നാൽ അവസാന ഓവറിൽ മോഹിത് ശർമയ്ക്കെതിരെ ശിവം ദുബെ പതറുന്നതായിരുന്നു കണ്ടത്.
അവസാന ഓവറുകളിലെ ആദ്യ പന്തുകളിൽ മോഹിത് ശർമ കൃത്യമായി യോർക്കറുകൾ എറിഞ്ഞതോടെ ചെന്നൈയ്ക്ക് യാതൊന്നും ചെയ്യാൻ സാധിച്ചില്ല. ആദ്യ നാല് പന്തുകളിൽ കേവലം 4 റൺസ് മാത്രമായിരുന്നു ചെന്നൈയ്ക്ക് നേടാൻ സാധിച്ചത്. ഇതോടെ ചെന്നൈയുടെ വിജയലക്ഷ്യം അവസാന രണ്ട് പന്തുകളിൽ 10 റൺസായി മാറി. അതുകൊണ്ടുതന്നെ അവസാന രണ്ട് പന്തുകളിൽ ചെന്നൈക്ക് ബൗണ്ടറി അത്യാവശ്യമായിരുന്നു. ഈ സമയത്ത് എല്ലാ ആധിപത്യവും ഗുജറാത്തിലേക്ക് വന്നു ചേർന്നു. ശേഷമാണ് ഗ്യാലറിയിൽ ഒരു രസകരമായ സംഭവം നടന്നത്.
മത്സരത്തിൽ ഗുജറാത്ത് ജയിക്കുമെന്ന് തോന്നലെത്തിയതോടെ ബിസിസിഐ സെക്രട്ടറി ജയ് ഷാ ചെറിയ രീതിയിൽ ആഘോഷങ്ങൾ ആരംഭിച്ചു. സമീപത്ത് ഇരുന്ന് ആരെയോ നോക്കി ജയ്ഷാ ഗുജറാത്ത് വിജയിച്ച രീതിയിൽ മുഷ്ടി ചുരുട്ടി ആംഗ്യം കാട്ടുകയുണ്ടായി. എല്ലാം കൊണ്ടും തങ്ങൾ വിജയം നേടി എന്ന ഭാവത്തിലായിരുന്നു ഷാ. വിഐപി ഗ്യാലറിയിൽ നിന്ന് ഇത്തരം ഒരു ആംഗ്യം ഉയർന്നപ്പോൾ തന്നെ അത് ക്യാമറ കണ്ണിൽ ഒപ്പിയെടുക്കാൻ ബ്രോഡ്കാസ്റ്റർമാർ മറന്നില്ല.
എന്നാൽ ജയ് ഷായുടെ ഈ അമിത ആവേശത്തിന് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. അവസാന രണ്ടു പന്തുകളിൽ 10 റൺസ് വേണമെന്നിരിക്കെ അഞ്ചാം പന്തിൽ രവീന്ദ്ര ജഡേജ ഒരു തകർപ്പൻ സിക്സർ നേടി. ഇതോടെ ചെന്നൈയുടെ വിജയലക്ഷം അവസാന പന്തിൽ നാല് റൺസായി മാറി. അടുത്ത പന്ത് ജഡേജയുടെ ലെഗ് സൈഡിലായിരുന്നു മോഹിത് ശർമ എറിഞ്ഞത്. അത് അതിവിദഗ്ധമായി ജഡേജ ബൗണ്ടറി കടത്തുകയുമുണ്ടായി. ഇതോടെ മത്സരം ചെന്നൈയുടെ വരുതിയിൽ എത്തുകയായിരുന്നു. മത്സരത്തിൽ വിജയത്തിന് മുമ്പേ ആഘോഷം തുടങ്ങിയ ജയ് ഷായ്ക്ക് എട്ടിന്റെ പണിയാണ് രവീന്ദ്ര ജഡേജ മത്സരത്തിൽ നൽകിയത്.