നാണക്കേടിന്റെ റെക്കോർഡ് പേരിൽ ചേർത്ത് ദിനേശ് കാർത്തിക്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടയിലാണ് നാണക്കേടിന്റെ പൂജ്യം റെക്കോർഡ് ദിനേശ് കാർത്തിക്ക് സ്വന്തമാക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം തവണ ഡക്കായി പുറത്തായിട്ടുള്ള ബാറ്റർ എന്ന റെക്കോർഡാണ് ദിനേശ് കാർത്തിക്കിന്റെ പേരിൽ ചേർക്കപ്പെട്ടത്. മത്സരത്തിൽ ഗോൾഡൻ ഡക്കായി ആയിരുന്നു ദിനേശ് കാർത്തിക്ക് കൂടാരം കയറിയത്. ഇതുവരെ 15 തവണയാണ് ദിനേശ് കാർത്തിക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡക്കായി പുറത്തായിട്ടുള്ളത്.
15 തവണ ലീഗിൽ ഡക്കായി പുറത്തായിട്ടുള്ള മൻദ്വീപ് സിംഗും ദിനേശ് കാർത്തിക്കിനൊപ്പം ലിസ്റ്റിൽ ഒന്നാമതുണ്ട്. ശേഷം ഇന്ത്യയുടെ നിലവിലെ നായകനായ രോഹിത് ശർമയാണ് ലിസ്റ്റിലുള്ള മറ്റൊരാൾ. ഇന്ത്യൻ പ്രീമിയർ ലീഗൽ 14 തവണ രോഹിത് ശർമ ഡക്കായി കൂടാരം കയറുകയുണ്ടായി. കൊൽക്കത്തയുടെ ബാറ്റർ സുനിൽ നരെയ്നും 14 തവണ പൂജ്യനായി പുറത്തായിട്ടുണ്ട്. ഇവരെയൊക്കെ മറികടന്നാണ് ദിനേശ് കാർത്തിക് നാണക്കേടിന്റെ റെക്കോർഡ് സ്വന്തം പേരിൽ ചേർത്തിരിക്കുന്നത്.
മത്സരത്തിൽ ബാംഗ്ലൂർ ഇന്നിംഗ്സിന്റെ നിർണായകസമയത്തായിരുന്നു കാർത്തിക് ക്രീസിൽ എത്തിയത്. ആദ്യ പന്തിൽ തന്നെ ഒരു വമ്പൻ ഷോട്ടിനാണ് കാർത്തിക് ശ്രമിച്ചത്. എന്നാൽ വിചാരിച്ചത് പോലെ പന്ത് കണക്ട് ചെയ്യാൻ കാർത്തിക്കിന് സാധിച്ചില്ല. ബാറ്റിൽ കൊണ്ടുയർന്ന പന്ത് ഡീപ് മിഡ്വിക്കറ്റിൽ നിന്ന ലളിത് യാദവിന്റെ കൈകളിൽ എത്തുകയായിരുന്നു. അങ്ങനെ മത്സരത്തിൽ ഗോൾഡൻ ഡെക്കായി ദിനേശ് കാർത്തിക്ക് കൂടാരം കയറി. മത്സരത്തിൽ ഒരു വമ്പൻ ഫിനിഷിങ്ങിന് ശ്രമിച്ച ബാംഗ്ലൂരിനേറ്റ തിരിച്ചടിയായിരുന്നു ദിനേശ് കാർത്തിക്കിന്റെ ഈ പുറത്താകൽ.
മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനായി 34 പന്തുകളിൽ 50 റൺസ് നേടിയ വിരാട് കോഹ്ലി നിറഞ്ഞാടി. കോഹ്ലിയുടെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 174 റൺസ് ആയിരുന്നു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നേടിയത്. മറുപടി ബാറ്റിംഗിൽ ഒരു തകർച്ച തന്നെയാണ് ഡൽഹിക്ക് ഉണ്ടായത്. മുൻനിര ബാറ്റർമാർ വളരെ പരിതാപകരമായ രീതിയിൽ കൂടാരം കയറിയ ഡൽഹിക്ക് മത്സരത്തിന്റെ ഒരു സമയത്തും ആധിപത്യം പുലർത്താൻ സാധിച്ചിരുന്നില്ല. 38 പന്തുകളിൽ 50 റൺസ് നേടിയ മനീഷ് പാണ്ഡെ മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്. മത്സരത്തിൽ 23 റൺസിന്റെ പരാജയമാണ് ഡൽഹിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.