കഴിഞ്ഞ മത്സരത്തിൽ ഡൽഹിക്കെതിരെ 57 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കിയശേഷം സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് തങ്ങളുടെ നാലാം മത്സരത്തിന് ഇറങ്ങുകയാണ്. ഇത്തവണ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സാണ് സഞ്ജുവിന്റെ എതിരാളികൾ. ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്ന് മത്സരങ്ങൾ കളിച്ച രാജസ്ഥാൻ രണ്ടു മത്സരങ്ങളിലും വിജയം കണ്ടിട്ടുണ്ട്. മറുവശത്ത് ചെന്നൈയുടെ അവസ്ഥയും ഇതുതന്നെയാണ്. ആദ്യ മത്സരത്തിൽ ഗുജറാത്തിനെതിരെ പരാജയത്തോടെ തുടങ്ങിയെങ്കിലും, പിന്നീടുള്ള രണ്ടു മത്സരങ്ങളിലും തകർപ്പൻ വിജയം നേടാൻ ചെന്നൈയ്ക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത് എന്നതും ചെന്നൈക്ക് മത്സരത്തിൽ മുൻതൂക്കം നൽകുന്നു. മറുവശത്ത് മുൻനിര ബാറ്റർമാരുടെ ഫോമാണ് രാജസ്ഥാന് പ്രതീക്ഷയായി ഉള്ളത്.
ഇതുവരെ ഇരു ടീമുകളും തമ്മിൽ ഐപിഎല്ലിൽ 27 തവണ പോരാടിയിട്ടുണ്ട്. ഇതിൽ 15 തവണ ചെന്നൈ സൂപ്പർ കിങ്സ് വിജയം നേടിയപ്പോൾ, 12 തവണയാണ് രാജസ്ഥാൻ വിജയികളായത്. എന്നിരുന്നാലും നിലവിലെ ഫോം പരിശോധിക്കുമ്പോൾ രാജസ്ഥാനാണ് കൂടുതൽ മേൽക്കൈ എന്ന് പറയാതിരിക്കാനാവില്ല. മത്സരത്തിൽ വലിയ മാറ്റങ്ങളില്ലാതെ തന്നെയാവും സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇറങ്ങുക. രാജസ്ഥാനായി ജോസ് ബട്ലറും ജെയിസ്വാളും തന്നെ ഓപ്പണറായി എത്തിയേക്കാം.
മൂന്നാം നമ്പരിൽ നായകൻ സഞ്ജു സാംസനും, നാലാം നമ്പറിൽ റിയാൻ പരഗും, അഞ്ചാം നമ്പറിൽ ഹെറ്റ്മെയ്റും ഇറങ്ങാനാണ് സാധ്യത. ദേവദത്ത് പടിക്കൽ ഇനിയും ടീമിൽ ഇടം കണ്ടെത്തുമോ എന്നത് കണ്ട്റിയേണ്ടതാണ്. മാത്രമല്ല മധ്യനിരയിൽ ജൂറലും മത്സരത്തിൽ കളിച്ചേക്കും. ബോളിംഗ് വിഭാഗത്തിൽ ട്രന്റ് ബോൾട്ട് കഴിഞ്ഞ മത്സരങ്ങളിലൊക്കെയും രാജസ്ഥാനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഒപ്പം യൂസ്വെന്ദ്ര ചഹലും രവിചന്ദ്രൻ അശ്വിനും സന്ദീപ് ശർമയും ചേരുമ്പോൾ രാജസ്ഥാൻ ശക്തമായ നിരയായി മാറും.
മറുവശത്ത് ചെന്നൈ സൂപ്പർ കിങ്സിന് വലിയ തലവേദനയായുള്ളത് പേസ് ഡിപ്പാർട്ട്മെന്റാണ്. ചെപ്പോക്കിൽ കൃത്യമായി സ്പിൻ തന്ത്രങ്ങൾ പയറ്റി വിജയിക്കാറുണ്ടെങ്കിലും, പേസർമാരൊക്കെയും തല്ലുവാങ്ങുന്നത് ധോണിക്ക് തലവേദന ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ശ്രീലങ്കൻ താരം പതിരാന തിരിച്ച് ടീമിലേക്കെത്തുന്നത് ചെന്നൈയ്ക്ക് ആശ്വാസം നൽകുന്നു. മഹേഷ് തീക്ഷണയും തിരിച്ചെത്തുന്നതോടെ ചെന്നൈ കൂടുതൽ ശക്തമായി മാറും. എന്നിരുന്നാലും ബെൻ സ്റ്റോക്സിന്റെയും മോയിൻ അലിയുടെയും പരിക്ക് ചെന്നൈയെ ബാധിക്കാൻ സാധ്യതയുണ്ട്. വൈകിട്ട് 7.30നാണ് മത്സരം നടക്കുന്നത്.