ഐപിഎല്ലിൽ ലക്നൗവും ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെ ഒരുപാട് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയിരുന്നു. വിരാട് കോഹ്ലിയും ഗൗതം ഗംഭീറും നവീൻ ഉൾ ഹക്കും വാക്പോരിൽ ഏർപ്പെട്ടത് മൈതാനത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചുm മാത്രമല്ല ക്രിക്കറ്റ് ലോകത്ത് ഇത് വളരെ ചർച്ചയാവുകയും ചെയ്തു. അതിനുശേഷം മൈതാനത്തിന് പുറത്തും ഇപ്പോൾ വാക്ക്പോരുകളുമായി രംഗത്തെത്തിയിരിക്കുകയാണ് വിരാട് കോഹ്ലിയും നവീൻ ഉൾ ഹക്കും. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇരുവരും പേരു പറയാതെ പോരാട്ടം നയിച്ചത്. ഗംഭീറിനെതിരെയുണ്ടായ സംഭവത്തെക്കുറിച്ച് വിരാട് കോഹ്ലി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കുറിച്ചിരുന്നത്.
“നമ്മൾ കേൾക്കുന്നതെല്ലാം അഭിപ്രായങ്ങൾ മാത്രമാണ്. അത് വസ്തുതയല്ല. നമ്മൾ കാണുന്നതെല്ലാം നമ്മളുടെ കാഴ്ചപ്പാടുകളാണ്. അതെല്ലാം സത്യമായിരിക്കണം എന്നില്ല.”- വിരാട് കോഹ്ലി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിക്കുകയുണ്ടായി. മത്സരത്തിൽ അവിചാരിതമായ ഒരു വിജയമായിരുന്നു ബാംഗ്ലൂർ സ്വന്തമാക്കിയത്. അതിനുശേഷം ഇരു ടീമുകളും ഹസ്തദാനം നൽകുന്ന സമയത്തായിരുന്നു വിരാട് കോഹ്ലിയും ഗൗതം ഗംഭീറും ഏറ്റുമുട്ടിയത്. വിരാട് കോഹ്ലി മൈതാനത്ത് മേയേഴ്‌സുമായി സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. എന്നാൽ ലക്നൗവിന്റെ മെന്ററായ ഗംഭീർ മേയേഴ്സിനെ കോഹ്ലിയുടെ അടുത്തുനിന്ന് വിളിച്ചുകൊണ്ടുപോയി. ഇവിടെ നിന്നായിരുന്നു പ്രശ്നങ്ങൾ ആരംഭിച്ചത്.
ശേഷം നവീൻ ഉൾ ഹക്കും വിരാട് കോഹ്ലിയും വാക്ക്പൊരിൽ ഏർപ്പെട്ടു. മത്സരത്തിനിടെ നവീനിനെ കോഹ്ലി സ്ലഡ്ജ് ചെയ്യുകയുണ്ടായി. അതിനു പകരമായി വിരാട് കോഹ്ലിയുമായി കയർക്കുകയായിരുന്നു നവീൻ. ശേഷം നവീൻ കോഹ്ലിക്കെതിരെ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത് ഇങ്ങനെയാണ്. “നിങ്ങൾ അർഹിക്കുന്നതാണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. അത് അങ്ങനെ തന്നെയായിരിക്കണം എന്നത് ഉറപ്പാണ്. അത് അങ്ങനെയാണ് സംഭവിക്കാറുള്ളത്.”- നവീൻ കുറിച്ചു.
എന്തായാലും വളരെ ആകസ്മികമായ സംഭവങ്ങളാണ് മത്സരത്തിനുശേഷം അരങ്ങേറിയത്. മത്സരശേഷം വാക്പോരിൽ ഏർപ്പെട്ട മൂന്ന് ടീമംഗങ്ങൾക്കും ബിസിസിഐ പിഴ ചുമത്തിയിട്ടുണ്ട്. വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തങ്ങൾക്ക് ലഭിക്കുന്ന മാച്ച് ഫീയുടെ 100% വും ബിസിസിഐക്ക് പിഴയായി നൽകണം. നവീൻ മത്സരത്തിലെ ഫീസിന്റെ 50% ആണ് നൽകേണ്ടത്. മുൻപും ഇത്തരത്തിൽ വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മിൽ വാക്പോരുകൾ മൈതാനത്ത് ഉണ്ടായിട്ടുണ്ട്. പക്ഷേ ഇത്രയും കാലം കഴിഞ്ഞിട്ടും ഇരുവരുടെയും പക്വത ഇല്ലായ്മ തുടരുകയാണ്.