ചെപ്പോക്കില്‍ തകര്‍പ്പന്‍ വിജയവുമായി ചെന്നൈ. മുന്നില്‍ നിന്നും നയിച്ച് കോണ്‍വെ.

ഹൈദരാബാദിന്റെ മേൽ താണ്ഡവമാടി ധോണിയുടെ മഞ്ഞപ്പട. ചെപ്പൊക്കിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റുകൾക്ക് ഹൈദരാബാദിനെ പരാജയപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ഈ സീസണിലെ ചെന്നൈയുടെ നാലാം വിജയമാണ് മത്സരത്തിൽ പിറന്നത്. വമ്പൻ താരങ്ങളൊക്കെയും പരിക്കു മൂലം പുറത്തിരിക്കുമ്പോഴും ചെന്നൈക്ക് മത്സരത്തിൽ വിജയം കാണാൻ സാധിക്കുന്നത് വലിയ ആശ്വാസം തന്നെ ടീമിന് നൽകുന്നുണ്ട്. മത്സരത്തിൽ രവീന്ദ്ര ജഡേജയുടെ കിടിലൻ ബോളിംഗ് പ്രകടനവും, ഓപ്പണർമാരുടെ പക്വതയാർന്ന ബാറ്റിംഗുമായിരുന്നു ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്.

FuPpvxlXgAULPEn

മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദ് നിരയിലെ എല്ലാ ബാറ്റർമാരും ചെറിയ സംഭാവനകൾ നൽകിയെങ്കിലും സ്കോറിംഗ് ഉയർത്തുന്നതിൽ എല്ലാവരും പരാജയപ്പെട്ടു. ഇന്നിംഗ്സിൽ 26 പന്തുകളിൽ 34 റൺസ് നേടിയ അഭിഷേക് ശർമയാണ് ടോപ് സ്കോറർ. ഹാരി ബ്രുക്ക്(18) ത്രിപാതി(21) ക്ലാസൻ(17) എന്നിവർ ടീമിലേക്ക് ചെറിയ സംഭാവനകൾ നൽകി. എന്നാൽ അവസാന ഓവറുകളിൽ ബാറ്റർമാർക്ക് വെടിക്കെട്ട് കാഴ്ചവയ്ക്കാൻ സാധിക്കാതെ വന്നത് ഹൈദരാബാദിനെ ബാധിക്കുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 134 റൺസ് മാത്രമാണ് ഹൈദരാബാദിന് മത്സരത്തിൽ നേടാൻ സാധിച്ചത്.

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈക്ക് ഒരു തകർപ്പൻ തുടക്കം തന്നെ ഓപ്പണർമാർ നൽകുകയുണ്ടായി. കോൺവെയും ഗെയ്ക്വാഡും ചെന്നൈക്കായി ആദ്യ വിക്കറ്റിൽ അടിച്ചു തകർത്തു. ആദ്യ വിക്കറ്റിൽ 87 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. കോൺവെ 57 പന്തുകളിൽ 77 റൺസ് നേടി. ഇന്നിംഗ്സിൽ 12 ബൗണ്ടറികളും 1 സിക്സറുമാണ് ഉൾപ്പെട്ടത്. ഗയ്ക്വാഡ് 30 പന്തുകളിൽ 35 റൺസ് മത്സരത്തിൽ നേടുകയുണ്ടായി. ഇരുവരുടെയും മികവിൽ ചെന്നൈ അനായാസം വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. എന്നാൽ ഋതുരാജ് കൂടാരം കയറിയതിനുശേഷം എത്തിയ അമ്പട്ടി റായുഡുവും(9) രഹാനെയും(9) പതറുകയുണ്ടായി. പക്ഷേ കോൺവെ അവസാനം വരെ ക്രീസിൽ തുടർന്നതോടെ ചെന്നൈ വിജയിക്കുകയായിരുന്നു.

മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. മത്സരത്തിലുടനീളം ഹൈദരാബാദത്തിന് മേൽ ആധിപത്യം സ്ഥാപിക്കാൻ ചെന്നൈയ്ക്ക് സാധിച്ചിട്ടുണ്ട്. ആദ്യ മത്സരങ്ങളിൽ പേസ് ബോളിങ്ങിൽ പരാജയമായി മാറിയ ചെന്നൈ ഒരു വമ്പൻ തിരിച്ചുവരവ് തന്നെയാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും നടത്തിയിരിക്കുന്നത്. ബാംഗ്ലൂരിനെതിരായ മത്സരത്തിലും ചെന്നൈയുടെ പേസ് നിര മികവ് പുലർത്തിയിരുന്നു. ശേഷം ഹൈദരാബാദിനെതിരെയും ബോളിംഗിൽ തിളങ്ങുന്ന നിരയെ തന്നെയാണ് കണ്ടത്.