ഇത് ധോണിയുടെ മട. രാജാകീയ വിജയം 27 റൺസിന്.

ഡൽഹി ക്യാപിറ്റൽസിനെ മുട്ടുകുത്തിച്ചുകൊണ്ട് ചെന്നൈ സൂപ്പർ കിംഗ്സിന്റെ രാജകീയ വിജയം. ചെപോക്കിൽ നടന്ന മത്സരത്തിൽ 27 റൺസിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ബാറ്റിംഗിൽ ചെന്നൈക്കായി മധ്യനിര ബാറ്റർമാർ മികവു കാട്ടിയപ്പോൾ ബോളർമാർ ഒന്നടങ്കം തിളങ്ങുകയായിരുന്നു. ഈ വിജയത്തോടെ ചെന്നൈ പോയിന്റ്സ് ടേബിളിൽ തങ്ങളുടെ രണ്ടാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ഇതുവരെ 11 മത്സരങ്ങൾ ഈ സീസണിൽ കളിച്ച ചെന്നൈ ഏഴ് മത്സരങ്ങളിൽ വിജയം കണ്ടു. 15 പോയിന്റുകളാണ് ചെന്നൈക്ക് ഉള്ളത്.

മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബോളിങ്ങിന് അനുകൂലമായ പിച്ചിൽ ആദ്യ സമയങ്ങളിൽ തന്നെ ചെന്നൈ പതറുന്നതാണ് കണ്ടത്. 18 പന്തുകളിൽ 24 റൺസ് എടുത്ത ഋതുരാജ് മാത്രമാണ് ചെന്നൈ മുൻനിരയിൽ മികച്ച നിന്നത്. രഹാനെ 21 റൺസ് നേടിയെങ്കിലും 20 പന്തുകൾ നേരിടേണ്ടി വന്നു. അങ്ങനെ ചെന്നൈയുടെ സ്കോറിങ് റേറ്റ് മെല്ലെ ആവുകയായിരുന്നു. എന്നാൽ മധ്യനിര ബാറ്റർമാർ മത്സരത്തിൽ തകർത്താടിയതോടെ ചെന്നൈ മത്സരത്തിലേക്ക് തിരികെയെത്തി. 12 പന്തുകളിൽ 25 റൺസെടുത്ത ശിവം ദുബയും 17 പന്തുകളിൽ 23 റൺസെടുത്ത അമ്പട്ടി റായുഡുവും മധ്യഓവറുകളിൽ ചെന്നൈക്കായി പോരാട്ടം നയിച്ചു. ഇവർക്കൊപ്പം അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജയും(21) മഹേന്ദ്ര സിംഗ് ധോണിയും(20) നിറഞ്ഞാടിയപ്പോൾ ചെന്നൈ 167 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. മത്സരത്തിലെ രണ്ടാം പന്തിൽ തന്നെ ഡേവിഡ് വാർണറെ(0) ദീപക് ചാഹർ വീഴ്ത്തി.ഒപ്പം മുൻനിരയിൽ വലിയ പ്രതീക്ഷയായിരുന്ന ഫിൽ സോൾട്ടും മിച്ചൽ മാർഷും ചെറിയ ഇടവേളയിൽ കൂടാരം കയറിയതോടെ ഡൽഹി മത്സരത്തിൽ പതറുകയായിരുന്നു. സോൾട്ട് മത്സരത്തിൽ 11 പന്തുകളിൽ 17 റൺസ് മാത്രമാണ് നേടിയത്. ഒപ്പം ചെന്നൈയുടെ സ്പിന്നർമാർ മത്സരത്തിന്റെ നിയന്ത്രണം മധ്യ ഓവറുകളിൽ തന്നെ ഏറ്റെടുക്കുകണ്ടായി. ഇതോടെ ഡൽഹിയുടെ സ്കോറിങ് റേറ്റ് വല്ലാതെ കുറഞ്ഞു.

മനീഷ് പാണ്ടേ 29 പന്തുകളിൽ നിന്ന് 27 റൺസാണ് മത്സരത്തിൽ നേടിയത്. റൂസോ 37 പന്തുകളിൽ 35 റൺസ് നേടി. ഇരുവരുടെയും ഇന്നിങ്സ് ഡൽഹിക്ക് വിനയായി മാറുകയായിരുന്നു. അവസാന ഓവറുകളിൽ അക്ഷർ(21) അടിച്ചു തകർക്കാൻ ശ്രമിച്ചെങ്കിലും പതിരാനയുടെ മുൻപിൽ അഴിഞ്ഞാടാൻ സാധിച്ചില്ല. ഇതോടെ ഡൽഹി മത്സരത്തിൽ വമ്പൻ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഈ പരാജയത്തോടെ ഡൽഹിയുടെ പ്ലേയോഫ് പ്രതീക്ഷകൾ വലിയ രീതിയിൽ മങ്ങലിലായിട്ടുണ്ട്.