സണ്‍റൈസേഴ്സ് ഹൈദരബാദിനെ 10 റണ്ണിനു തോല്‍പ്പിച്ചു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ ടൂര്‍ണമെന്‍റ് ആരംഭിച്ചു. നിതീഷ് റാണ, രാഹുല്‍ ത്രിപാഠി എന്നിവരുടെ അര്‍ദ്ധസെഞ്ചുറി മികവില്‍ 188 റണ്‍സ് വിജയലക്ഷ്യം മുന്നില്‍വച്ചപ്പോള്‍ ഹൈദരബാദിനു നിശ്ചിത 20 ഓവറില്‍ 177 റണ്ണില്‍ എത്താനേ സാധിച്ചുള്ളു.
അവസാന 3 ഓവറില്‍ 44 റണ്‍ വേണമെന്നിരിക്കെ മനോഹരമായി കൊല്‍ക്കത്ത ബോളര്‍മാര്‍ എറിഞ്ഞു തീര്‍ത്തു. ക്രീസില്‍ സെറ്റായ നിന്ന മനീഷ് പാണ്ടേക്ക് ഫിനിഷിങ്ങ് ചെയ്യാന്‍ സാധിച്ചില്ലാ. വമ്പന്‍ വിജയത്തിലേക്ക് ബാറ്റേന്തിയ ഹൈദരബാദിനു തുടക്കത്തിലേ വാര്‍ണറേയും, സാഹയേയും നഷ്ടമായി.
എന്നാല്‍ മനീഷ് പാണ്ടേക്കൊപ്പം ജോണി ബെയര്‍സ്റ്റോ (55) എത്തിയതോടെ ഹൈദരബാദിനു വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ ഈ കൂട്ടുകെട്ട് തകര്‍ത്ത് കുമ്മിന്‍സ് കൊല്‍ക്കത്തക്ക് അനുകൂലമാക്കി. നബി (14), വിജയ് ശങ്കര്‍(11), അബ്ദുള്‍ സമദ് (19) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും വിജയം അകന്നു നിന്നു. 44 പന്തില്‍ 2 ഫോറും 3 സിക്സും അടക്കം 61 റണ്ണാണ് മനീഷ് പാണ്ടേ നേടിയത്. കൊല്‍ക്കത്തക്കു വേണ്ടി പ്രസീദ് കൃഷ്ണ 2 വിക്കറ്റ് വീഴ്ത്തി. ഷാക്കീബ്, റസ്സല്‍,പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 7 ഓവറില്‍ 53 റണ്ണാണ് ഓപ്പണര്‍മാരായ ഗില്ലും നിതീഷ് റാണയും ചേര്‍ന്നു നേടിയത്. ഗില്ലിനെ പുറത്താക്കിയെങ്കിലും പിന്നീട് എത്തിയ ത്രിപാഠി ശേഷമെത്തിയ രാഹുൽ ത്രിപാഠിയും സൺറൈസേഴ്‌സ് ബൗളർമാരെ കടന്നാക്രമിച്ചു. രണ്ടാം വിക്കറ്റിൽ നിതിഷ റാണയ്‌ക്കൊപ്പം 93 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് രാഹുൽ ത്രിപാഠി പുറത്തായത്. 29 പന്തുകൾ നേരിട്ട് അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 53 റൺസാണ് ത്രിപാഠി നേടിയത്.
മധ്യനിരയില്‍ റസ്സലിനും (5), മോര്‍ഗനും (2) കാര്യമായി ചെയ്യാന്‍ സാധിച്ചില്ലാ. മറുവശത്ത് നിതീഷ് റാണ 56 പന്തുകൾ നേരിട്ട് നാല് സിക്‌സും ഒൻപത് ഫോറുമടക്കം 80 റൺസെടുത്തു. കാര്‍ത്തിക് ( 9 പന്തില്‍ 22 ),ഷാക്കീബ് (3) എന്നിവര്‍ കൊല്‍ക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ചു.
ഹൈദരബാദിനു വേണ്ടി നബി, റാഷീദ് ഖാന്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു.