ധോണിക്ക് നിര്‍ദ്ദേശവുമായി മുന്‍ ഇന്ത്യന്‍ താരം.

ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ റണ്ണൊന്നുമെടുക്കാതെയാണ് മഹേന്ദ്ര സിങ്ങ് ധോണി ആവേശ് ഖാന്‍റെ പന്തില്‍ ബോള്‍ഡായത്. ഏഴാം നമ്പര്‍ ബാറ്റസ്മാനായി ഇറങ്ങി 2 പന്തുകള്‍ മാത്രമാണ് ധോണി നേരിട്ടത്. ഇപ്പോഴിതാ ധോണിക്ക് നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍.

ഐ പി എല്ലിൽ ഇത് നാലാം തവണയാണ് ധോണി റണ്ണൊന്നും നേടാതെ പുറത്താകുന്നത്. ഇതിനുമുൻപ് 2015 ലാണ് ധോണി ഐ പി എല്ലിൽ പൂജ്യത്തിന് പുറത്താകുന്നത്.

” ചെന്നൈ സൂപ്പർ കിങ്‌സിനെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ ബാറ്റിങ് ഓർഡറിൽ ധോണി ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. മത്സരത്തിൽ ഡൗൺ ഓർഡറിലാണ് അവൻ ഇറങ്ങിയത്, ഒരുപക്ഷെ നാലോ അഞ്ചോ ഓവറിൽ മാത്രം ബാറ്റ് ചെയ്താൽ മതിയെന്ന് ധോണി തീരുമാനിച്ചിട്ടുണ്ടാകാം. എന്നാൽ ഒരുപാട് യുവതാരങ്ങൾ ധോണിയുടെ ടീമിലുണ്ട്, അവരിൽ ചിലർ വളരെ ചെറുപ്പമാണ്. അതുകൊണ്ട് അവർക്ക് ധോണി വഴിക്കാട്ടേണ്ടതുണ്ട് . ” സുനിൽ ഗാവസ്‌കർ പറഞ്ഞു.

” അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്സ്പീരിയൻസ് വെച്ചുനോക്കിയാൽ സാം കറനും വളരെ ചെറുപ്പമാണ്. എന്നാൽ അവൻ നന്നായി ബാറ്റ് ചെയ്തു. ഒരുപക്ഷേ യു എ ഇ യിലെ പോലെ സാം കറനെ മൂന്നാമനായോ നാലാമനായോ ഇറക്കിയേക്കാം. എന്നാൽ അതിനൊപ്പം ധോണിയും ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തണം. കാരണം എങ്കിൽ മാത്രമേ മത്സരത്തിന്റെ ഗതി നിയന്ത്രിക്കാൻ അവന് സാധിക്കൂ. മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ ധോണി പുറത്തായി. എന്നാലത് എല്ലാവർക്കും സംഭവിക്കാവുന്നതാണ്. എന്നാൽ ടൂർണമെന്റ് പുരോഗമിക്കുമ്പോൾ അവൻ ആറാമനായോ അഞ്ചാമനായോ ബാറ്റിങിനിറങ്ങണം. ” സുനിൽ ഗാവസ്‌കർ കൂട്ടിച്ചേർത്തു.

ബൗളര്‍മാരുടെ പ്രകടനത്തെയാണ് മത്സരശേഷം ധോണി കുറ്റപ്പെടുത്തിയത്. 188 എന്ന മികച്ച ടോട്ടല്‍ പ്രതിരോധിക്കാന്‍ ചെന്നൈക്ക് സാധിച്ചിരുന്നില്ല. എട്ട് പന്തുകള്‍ ശേഷിക്കെയാണ് ഡല്‍ഹി വിജയ റണ്‍ കുറിച്ചത്. മൂന്ന് തവണ ചാമ്പ്യന്‍മാരായ ചെന്നൈ വെള്ളിയാഴ്ച പഞ്ചാബ് കിംഗ്‌സിനെ നേരിടും.