ഐപിൽ വരാനിരിക്കുന്ന പതിനാലാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന മലയാളിതാരം സഞ്ജു സാംസണെ അഭിനന്ദിച്ച് ടീം അംഗവും ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടറുമായ ക്രിസ് മോറിസ് രംഗത്തെത്തി . സഞ്ജു സാംസണെ കേവലമൊരു ടീമിന്റെ യുവനായകനായി മാത്രം നമുക്ക് കാണാനാവില്ലെന്നും മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള കളിക്കാരനാണ് സഞ്ജുവെന്നും മോറിസ് പ്രശംസിക്കുന്നു .
“രാജസ്ഥാനിലായിരുന്നപ്പോഴും ഡല്‍ഹി ക്യാപിറ്റല്‍സിലായിരുന്നപ്പോഴും ഞാന്‍ സഞ്ജുവിനൊപ്പം ബാറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ യുവനായകനെന്ന് മാത്രം പറയാനാവില്ല. നല്ല ക്രിക്കറ്റ് ബുദ്ധിയുള്ള മികച്ചൊരു കളിക്കാരനാണ് സഞ്ജു. ടീമിലെ വിക്കറ്റ് കീപ്പര്‍ കൂടിയാകുന്നത് സഞ്ജുവിന് ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ മികവ് കാട്ടാനുള്ള അവസരമാണ്. കാരണം ഒരു വിക്കറ്റ് കീപ്പര്‍ക്ക് കളിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ രീതീയില്‍ സമീപിക്കാനാവും. അതുകൊണ്ടുതന്നെ അവരുടെ തന്ത്രങ്ങളും വളരെയേറെ വ്യത്യസ്തമായിരിക്കും. കളിയെ ഗൗരവത്തോടെ സമീപിക്കുന്ന കളിക്കാരനാണ് സഞ്ജു .നായകനായ സഞ്ജുവിന്റെ കഴിവിൽ ആർക്കും തർക്കങ്ങളില്ല .സഞ്ജു നായകനായ ടീമിൽ കളിക്കുവാൻ ഞാൻ വളരെയേറെ ആവേശത്തോടെ തന്നെ കാത്തിരിക്കുകയാണ്.”മോറിസ് തന്റെ അഭിപ്രായം വെളിപ്പെടുത്തി .
കൂടാതെ സഞ്ജുവുമായി മികച്ച ബന്ധമുണ്ടെന്നതില്‍ താന്‍ ശരിക്കും ഭാഗ്യവാനാണെന്ന് പറഞ്ഞ മോറിസ് മത്സരങ്ങളിൽ സഞ്ജുവിന് ആവശ്യമായ 100 ശതമാനം പിന്തുണയും എപ്പോഴും നൽകുമെന്നും ഉറപ്പിച്ചു പറഞ്ഞു .
ഇത്തവണത്തെ ഐപിൽ ഏറെ ആവേശകരമാകും എന്ന് പറഞ്ഞ താരം കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാത്തത് താരങ്ങളെ ബാധിക്കില്ല എന്നും അഭിപ്രായപ്പെട്ടു .
നേരത്തെ താരലേലത്തിൽ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുക നൽകിയാണ് ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് ടീമിൽ എത്തിച്ചത് . 16.5 കോടി രൂപയ്ക്കാണ് മുന്‍ ആര്‍സിബി താരത്തെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.