അവിശ്വസിനീയ തിരിച്ചു വരവ് നടത്തിയ മുംബൈ ഇന്ത്യന്‍സിനു ഐപിഎല്ലിലെ ആദ്യ വിജയം സ്വന്തമാക്കി. 153 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു ഘട്ടത്തില്‍ വിജയിക്കുമെന്ന് തോന്നിയെങ്കിലും തകര്‍പ്പന്‍ ബോളിംഗ് പ്രകടനവുമായി മുംബൈ ഇന്ത്യന്‍സ് 10 റണ്ണിന്‍റെ വിജയം സ്വന്തമാക്കുകയായിരുന്നു.
അവസാന 5 ഓവറില്‍ 31 റണ്‍സ് വേണമെന്നിരിക്കെയാണ് മുംബൈ ഇന്ത്യന്‍സ് ബോളര്‍മാര്‍ കൊല്‍ക്കത്ത ബാറ്റസ്മാന്‍മാരെ വരിഞ്ഞു മുറുക്കിയത്. രാഹുല്‍ ചഹര്‍, ക്രുണാല്‍ പാണ്ട്യ, ബൂംറ, ബോള്‍ട്ട് എന്നിവര്‍ അതിമനോഹരമായി പന്തെറിഞ്ഞതോടെ ആദ്യ വിജയം മുംബൈ സ്വന്തമാക്കി.
നിതീഷ് റാണ (57), ശുഭ്മാന്‍ ഗില്‍ (33) എന്നിവരൊഴിച്ച് ബാക്കിയാര്‍ക്കും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനായില്ലാ. ത്രിപാഠി (5), മോര്‍ഗന്‍ (7), ഷാക്കീബ് (9), കാര്‍ത്തിക് (8) എന്നിങ്ങെനയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. അവസാന ഓവറില്‍ 15 റണ്‍സ് വേണമെന്നിരിക്കെ റസ്സല്‍, കമ്മിന്‍സ് എന്നിവരുടെ വിക്കറ്റ് വീഴ്ത്തി ബോള്‍ട്ട് മത്സരം മുംബൈക്ക് അനുകൂലമാക്കി. മുംബൈ ഇന്ത്യന്‍സിനു വേണ്ടി രാഹുല്‍ ചഹര്‍ 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബോള്‍ട്ട് 2 വിക്കറ്റ് നേടി, ക്രുണാല്‍ പാണ്ട്യ 1 വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് തുടക്കത്തിലേ ഡീകോക്കിനെ നഷ്ടമായി. എന്നാല്‍ സൂര്യകുമാര്‍ യാദവ് – രോഹിത് ശര്‍മ്മ സംഖ്യം മുംബൈ ഇന്ത്യന്‍സ് ഇന്നിംഗ്സ് പടുത്തുയര്‍ത്തി. ഇരുവരും ചേര്‍ന്ന് 76 റണ്‍സിന്‍റെ കൂട്ടൂകെട്ടാണ് ഉയര്‍ത്തിയത്. 36 പന്തില്‍ 2 സിക്‌സും 7 ഫോറും ഉള്‍പ്പെടെ 56 റണ്‍സാണ് സൂര്യകുമാര്‍ യാദവ് കുറിച്ചത്. രോഹിത് ശര്‍മ 32 പന്തില്‍ 43 റണ്‍സെടുത്തു. 1 സിക്‌സും 3 ഫോറും രോഹിത്തിന്റെ ഇന്നിംഗ്സില്‍ പിറന്നു.
ഇവരെക്കൂടാതെ മറ്റാര്‍ക്കും മികച്ച ഇന്നിംഗ്സ് കളിക്കാന്‍ സാധിച്ചില്ലാ. രോഹിത് ശര്‍മ്മ പുറത്തായതോടെ മുംബൈ ബാറ്റസ്മാന്‍മാര്‍ പവിലിയനിലേക്ക് യാത്ര ആരംഭിച്ചു. രണ്ടോവറില്‍ മുംബൈയുടെ 5 വിക്കറ്റുകള്‍ പിഴുത ആന്ദ്രെ റസ്സലാണ് ചെറിയ സ്കോറില്‍ മുംബൈ ഇന്ത്യന്‍സിനെ ഒതുക്കിയത്. ഇഷന്‍ കിഷന്‍ (3 പന്തില്‍ 1), ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 15), കീറോണ്‍ പൊള്ളാര്‍ഡ് (8 പന്തില്‍ 5), ക്രുണാല്‍ പാണ്ഡ്യ (9 പന്തില്‍ 15), മാര്‍ക്കോ ജാന്‍സണ്‍ (0), രാഹുല്‍ ചഹര്‍ (7 പന്തില്‍ 8), ജസ്പ്രീത് ബുംറ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. കൊല്‍ക്കത്തക്കു വേണ്ടി കമ്മിന്‍സ് 2 വിക്കറ്റ് വീഴ്ത്തി. ഷാക്കീബ്, ചക്രവര്‍ത്തി, പ്രസീദ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.