നാലാം കിരീടത്തില്‍ മുത്തമിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ്. റണ്‍മല കീഴടക്കാനാവാതെ കൊല്‍ക്കത്ത

2021 ഐപിഎല്ലില്‍ മുത്തമിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആവേശകരമായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 28 റണ്‍സിനു തോല്‍പ്പിച്ചു. ഐപിഎല്ലില്‍ ഇത് നാലാം തവണെയാണ് മഹേന്ദ്ര സിങ്ങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് കിരീടം സ്വന്തമാക്കുന്നത്. 2010, 2011, 2018 വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ സ്വന്തമാക്കിയട്ടുള്ളത്. 193 റണ്‍സ് പിന്തുടര്‍ന്ന കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനു 165 റണ്‍സില്‍ എത്താനേ സാധിച്ചുള്ളു.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാന്‍ എത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി മികച്ച തുടക്കമാണ് ലഭിച്ചത്. ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 91 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 32 പന്തില്‍ 5 ഫോറും 3 സിക്സുമായി നിന്ന വെങ്കടേഷ് അയ്യറെ ഷാര്‍ദ്ദൂല്‍ ടാക്കൂര്‍ പുറത്താക്കി. അതേ ഓവറില്‍ നിതിഷ് റാണയെ പൂജ്യത്തിനു പുറത്താക്കി താക്കൂര്‍ ഇരട്ട പ്രഹരമേല്‍പ്പിച്ചു.

പിന്നീട് കണ്ടത് കൊല്‍ക്കത്ത ബോളര്‍മാരുടെ ഡ്രസിങ്ങ് റൂം ഘോഷയാത്രയായിരുന്നു. നരൈന്‍ (2), കാര്‍ത്തിക് (9) ഷാക്കീബ് (0), ത്രിപാഠി (2) എന്നിവര്‍ നിരാശപ്പെടുത്തി. അര്‍ദ്ധസെഞ്ചുറി നേടിയ ഗില്ലും അതിനിടെ പുറത്തായിരുന്നു. 43 പന്തില്‍ 6 ഫോറടക്കമാണ് ഗില്‍ 51 റണ്‍ നേടിയത്. ഇയാന്‍ മോര്‍ഗനും (4) മടങ്ങിയതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.

അവസാന നിമിഷം ശിവം മാവി (20), ഫെര്‍ഗൂസന്‍ (18) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും വിജയം അകന്നു നിന്നു. ചെന്നൈക്കു വേണ്ടി ബോളിംഗില്‍ താക്കൂര്‍ 3 വിക്കറ്റ് വീഴ്ത്തി. ഹേസല്‍വുഡ് , ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍, ബ്രാവോ, ചഹര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി ഋതുരാജ് ഗെയ്ക്വാദ് – ഫാഫ് ഡുപ്ലെസി ഓപ്പണിങ് സഖ്യം തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. 49 പന്തിൽ നിന്ന് 61 റൺസ് ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 27 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 32 റൺസെടുത്ത ഋതുരാജിനെ പുറത്താക്കി സുനില്‍ നരൈനാണ് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.

പിന്നാലെ റോബിന്‍ ഉത്തപ്പ ഇന്നിംഗ്സ് വേഗത കൂട്ടിയതോടെ ചെന്നൈ സ്കോര്‍ബോര്‍ഡില്‍ റണ്‍സ് ഒഴുകി. രണ്ടാം വിക്കറ്റിൽ ഇരുവരും അതിവേഗം 63 റൺസ് അടിച്ചെടുത്തു. ഈ കൂട്ടുകെട്ട് പൊളിച്ചതും നരെയ്നായിരുന്നു. 15 പന്തിൽ നിന്ന് മൂന്ന് സിക്സടക്കം 31 റൺസെടുത്ത ഉത്തപ്പയെ നരെയ്ൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

പിന്നാലെയെത്തിയ മോയിൻ അലിയും കൊൽക്കത്ത ബൗളിങ്ങിന്‍റെ മേല്‍ ആധിപത്യം സ്ഥാപിച്ചു. 20 പന്തിൽ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 37 റൺസോടെ പുറത്താകാതെ നിന്ന മൊയിന്‍ അലി, ഡുപ്ലെസിക്കൊപ്പം മൂന്നാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്തു. 59 പന്തില്‍ 7 ഫോറും 3 സിക്സും സഹിതം 86 റണ്‍സാണ് ഫാഫ് ഡൂപ്ലസിസ് നേടിയത്.

കൊൽക്കത്തയ്ക്കായി നാല് ഓവർ എറിഞ്ഞ സുനിൽ നരെയ്ൻ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നാല് ഓവർ എറിഞ്ഞ ലോക്കി ഫെർഗൂസൻ 56 റൺസ് വഴങ്ങി.

Previous articleഫാഫ് ഡൂപ്ലസിയെ സറ്റംപ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയപ്പോള്‍ കൈവിട്ടത് ഐപിഎല്‍ കിരീടം.
Next articleഅന്ന് ശക്തമായി തിരിച്ചു വരുമെന്നു പറഞ്ഞു. ഇന്ന് നാലാം കിരീടവുമായി ധോണിയുടെ മറുപടി