മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ് മറികടന്നു. 19.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ വിജയം.വിജയത്തോടെ 4 മത്സരങ്ങളില്‍ നിന്നും 6 പോയിന്‍റുമായി ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടാമതാണ്. 4 പോയിന്‍റുള്ള മുംബൈ ഇന്ത്യന്‍സ് നാലാമതാണ്.
തുടക്കത്തിലേ പൃഥി ഷായെ (7) നഷ്ടമായെങ്കിലും ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്ത ധവാനും (45) സ്റ്റീവന്‍ സ്മിത്തും (33) ചേര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്സ് നയിച്ചു. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 53 റണ്‍സിന്‍റെ കൂട്ടുകെട്ട് സ്ഥാപിച്ചു. പൊള്ളാര്‍ഡിന്‍റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി സ്റ്റീവന്‍ സ്മിത്ത് മടങ്ങി. ലളിത് യാദവിനൊപ്പം ധവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 100 കടത്തി.
ധവാന്‍ പുറത്തായതിനു ശേഷം എത്തിയ ക്യാപ്റ്റന്‍ റിഷഭ് പന്ത് (7) ഉടനെ പുറത്തായതോടെ ഡല്‍ഹി ക്യാംപില്‍ ഭീതി പടര്‍ന്നു. എന്നാല്‍ ലളിത് യാദവ് (22), ഹെറ്റ്മെയര്‍ (10) എന്നിവര്‍ ചേര്‍ന്നു ഡല്‍ഹിയെ വിജയത്തിലെത്തിച്ചു. മുംബൈ ഇന്ത്യന്‍സിനു വേണ്ടി ജയന്ത് യാദവ്, ജസ്പ്രീത് ബൂംറ, രാഹുല്‍ ചഹര്‍, പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിനു നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടാനേ സാധിച്ചുള്ളു. രോഹിത് ശര്‍മ്മയും – സൂര്യകുമാര്‍ യാദവും ചേര്‍ന്നു മികച്ച തുടക്കം സമ്മാനിച്ചെങ്കിലും മധ്യനിര തകര്‍ന്നടിഞ്ഞതോടെ ശരാശരിയിലും താഴെയുള്ള സ്കോറിലാണ് മുംബൈ ഇന്ത്യന്‍സിനു എത്താനായാത്.
തുടക്കത്തിലേ ഡീകോക്കിനെ പുറത്താക്കി സ്റ്റോണിസ് ഡല്‍ഹി ക്യാപിറ്റല്‍സിനു മികച്ച തുടക്കം നല്‍കി. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ( 30 പന്തില്‍ 44 ) സൂര്യകുമാര്‍ യാദവ് ( 15 പന്തില്‍ 24 ) എന്നിവര്‍ ചേര്‍ന്ന് പവര്‍പ്ലേയില്‍ 55 റണ്‍സ് കണ്ടെത്തി. എന്നാല്‍ സൂര്യകുമാര്‍ യാദവിനെ ആവേശ് ഖാന്‍ പുറത്താക്കിയതോടെ മത്സരം ഡല്‍ഹിക്കനുകൂലമായി.
അമിത് മിശ്ര പന്ത് എടുത്തതോടെ വിക്കറ്റ് വീഴ്ച്ച ആരംഭിച്ചു. രോഹിത്, ഹർദ്ദിക് (0), പൊള്ളാർഡ് (2) എന്നിവർ മിശ്രക്ക് വിക്കറ്റ് സമ്മാനിച്ച് വേഗം മടങ്ങി. കൃനാൽ പാണ്ഡ്യ (1) ലളിത് യാദവിനും ഇരയായി. 6 വിക്കറ്റ് നഷ്ടത്തിൽ 84 എന്ന നിലയിൽ പതറിയ മുംബൈയെ ഏഴാം വിക്കറ്റിൽ ഇഷാൻ കിഷനും ജയന്ത് യാദവും ചേർന്ന് കരകയറ്റി. 39 റൺസാണ് ഇരുവരും ചേർന്ന് കണ്ടെത്തിയത്. കിഷനെ (26) പുറത്താക്കി മിശ്ര 4 വിക്കറ്റ് സ്വന്തമാക്കി. ജയന്ത് യാദവിനെ (23) റബാഡ പുറത്താക്കി. രാഹുൽ ചഹാർ (6) അവേഷ് ഖാനു മുന്നിൽ വീണു.