ഐപിഎല്ലിൽ എല്ലാവരും പണത്തിന് പിറകെയാണ് : രൂക്ഷ വിമർശനം ഉന്നയിച്ച് ഡെയ്ൽ സ്റ്റെയ്ൻ

ഐപിഎല്ലില്‍ കളിക്കുന്നതിനെക്കാള്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ ഏറ്റവും  ഗുണകരമാകുന്നത് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗും പോലെയുള്ള ചെറുകിട ടി20 ലീഗുകളില്‍ കളിക്കുന്നതാണെന്ന അഭിപ്രായവുമായി   ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ൻ രംഗത്ത് .

ഇപ്പോൾ  പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്‍റെ താരമായ സ്റ്റെയ്ന്‍ ഇത്തവണ ഐപിഎല്ലില്‍ കളിക്കാനില്ലെന്ന് നേരത്തെ തന്നെ  വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ വിരാട് കോലി നായകനായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം അംഗമായിരുന്ന സ്റ്റെയ്ന് കാര്യമായ മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല. ലഭിച്ച അവസരങ്ങളില്‍ സ്റ്റെയ്ന്‍ നിരാശപ്പെടുത്തുകയും ചെയ്തു. താരം പഴയ ഫോമിലേക്ക് തിരിച്ചുവരുവാൻ ഏറെ കഷ്ടപ്പെടുന്നത് നാം ഐപിഎല്ലിൽ കണ്ടതാണ് .

ഐപിഎല്‍ പോലെ പണക്കൊഴുപ്പുള്ള ലീഗുകളില്‍ ക്രിക്കറ്റിനേക്കാള്‍ പ്രാധാന്യം പണത്തിനാണെന്നും ഐപിഎല്‍ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സ്റ്റെയ്ന്‍  തുറന്ന് പറഞ്ഞു.ഐപിഎല്ലിൽ താരത്തിന്റെ കഴിവിനേക്കാൾ പണത്തിനാണ് പ്രാധാന്യം നൽകുന്നത് എന്നും സ്റ്റെയ്ൻ അഭിപ്രായപ്പെട്ടു .

ഐപിഎല്ലില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കാന്‍  ഞാൻ മുൻപേ തീരുമാനിച്ചിരുന്നു. അത് മാത്രമല്ല, ഐപിഎല്ലിനേക്കാള്‍ കളിക്കാരനെന്ന നിലയില്‍ ഇത്തരം ചെറുകിട ലീഗുകളാണ് എനിക്ക് ഗുണകരം. കാരണം മിക്കപ്പോഴും  ഐപിഎല്ലില്‍ കളിക്കുമ്പോള്‍ വമ്പന്‍ താരനിരയും വമ്പന്‍ സ്ക്വാഡും എല്ലാം ഉണ്ടാകും.  അതുകൊണ്ടുതന്നെ ക്രിക്കറ്റിനെക്കാള്‍ കളിക്കാര്‍ നേടുന്ന പ്രതിഫലത്തിനാണ് അവിടെ പ്രാധാന്യം. കൂടാതെ നാം  ഐപിഎല്ലില്‍ കളിക്കുമ്പോള്‍ അവിടെ ഗ്രൗണ്ടില്‍ നടത്തിയ പ്രകടനത്തിന്‍റെ പേരിലല്ല പലപ്പോഴും നമ്മള്‍ ഓര്‍മിപ്പിക്കപ്പെടുന്നത്. നേടുന്ന പ്രതിഫലത്തിന്‍റെ പേരിലാണ്. അതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ അതില്‍ നിന്ന് കുറച്ചുകാലം അകന്ന്  നില്‍ക്കാന്‍ വേണ്ടിയാണ് ഇത്തവണ ഐപിഎല്‍ ഉപേക്ഷിച്ചതെന്നും സ്റ്റെയ്ന്‍ വ്യക്തമാക്കി .