പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് ഒരു വമ്പൻ വിജയം തന്നെയായിരുന്നു നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ലക്നൗ 257 എന്ന വമ്പൻ സ്കോർ നേടുകയുണ്ടായി. ശേഷം പഞ്ചാബിനെ ചുരുട്ടികെട്ടാനും ലക്നൗ ബോളർമാർക്ക് സാധിച്ചു. മത്സരത്തിലെ പ്രധാനപ്പെട്ട ഒരു കാര്യം കെ എൽ രാഹുലിന്റെ ഇന്നിംഗ്സ് തന്നെയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും രാഹുലിന്റെ സ്ലോ ഇന്നിംഗ്സുകൾ ലക്നൗവിനെ ബാധിച്ചിരുന്നു. ശേഷം പഞ്ചാബിനെതിരായ മത്സരത്തിൽ 9 പന്തുകളിൽ 12 റൺസ് നേടി രാഹുൽ പുറത്താകുകയായിരുന്നു. അതിനുശേഷം ഒരു വെടിക്കെട്ട് തന്നെയാണ് ലക്നൗ ബാറ്റർമാർ കാഴ്ചവച്ചത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും രാഹുൽ ഇത്തരത്തിൽ സ്ലോ ഇന്നിംഗ്സുകൾ കളിക്കുന്നത് ടീമിനെ വലിയ രീതിയിൽ ബാധിച്ചിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023 ഐപിഎല്ലിൽ രാഹുൽ 20 റൺസിന് താഴെ പുറത്തായ സാഹചര്യങ്ങളിലൊക്കെയും ഇന്നിംഗ്സിൽ വമ്പൻ സ്കോർ നേടാൻ ലക്നൗവിന് സാധിച്ചിട്ടുണ്ട്.
ഇതുവരെ 4 ഇന്നിങ്സുകളിലാണ് രാഹുൽ 20 റൺസിന് മുകളിൽ നേടിയിട്ടുള്ളത്. ഇതിലൊക്കെയും വളരെ ഇഴഞ്ഞുനീങ്ങിയ പ്രകടനം തന്നെയാണ് രാഹുൽ കാഴ്ചവച്ചത്. രാഹുൽ 20 റൺസിന് മുകളിൽ നേടിയ മത്സരങ്ങളിൽ 16 ഓവറുകൾ കഴിയുമ്പോഴുള്ള ലക്നൗവിന്റെ സ്കോറുകൾ ഇങ്ങനെയാണ്- 127ന് 5, 159ന് 8, 154ന് 7, 128ന് 7. ഈ സ്കോറുകൾ സൂചിപ്പിക്കുന്നത് രാഹുൽ ക്രീസിൽ കൂടുതൽ സമയം ചെലവഴിക്കുമ്പോൾ സ്കോറിംഗ് റേറ്റ് ക്രമാതീതമായി കുറയുന്നു എന്ന് തന്നെയാണ്. രാഹുലിന്റെ മനോഭാവത്തിൽ വരുത്തേണ്ട മാറ്റവും ഈ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.
ഇനി രാഹുൽ 20 റൺസിന് താഴെ നേടി പുറത്തായ മത്സരങ്ങളിലെ സ്കോറുകൾ നമുക്ക് പരിശോധിക്കാം. 4 മത്സരങ്ങളിലാണ് രാഹുൽ ഇതുവരെ 20 റൺസിന് താഴെ നേടി പുറത്തായത്. ഇതിൽ 3 മത്സരങ്ങളിലും 200 റൺസിന് മുകളിൽ ഇന്നിങ്സിൽ ലക്നൗവിനു സാധിച്ചിട്ടുണ്ട്. രാഹുൽ 20ന് താഴെ റൺസ് നേടി പുറത്തായ മത്സരങ്ങളിലെ ലക്നൗവിന്റെ ടോട്ടലുകൾ പരിശോധിക്കാം. 193ന് 6, 205ന് 7, 213ന് 9, 257ന് 5. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് രാഹുൽ പുറത്തായ ശേഷമെത്തുന്ന ബാറ്റർമാരുടെ മനോഭാവമാണ്. രാഹുൽ കളിക്കുന്ന പന്തുകൾ മറ്റുള്ള ബാറ്റർമാർ ഏതുതരത്തിൽ ഉപയോഗിക്കുന്നു എന്നതിന്റെ സൂചന കൂടി ലഭിക്കുന്നു.
ലക്നൗവിനെ സംബന്ധിച്ച് വരാനിരിക്കുന്ന മത്സരങ്ങളിലും രാഹുലിന്റെ ബാറ്റിംഗ് മനോഭാവം വളരെ നിർണായകമാണ്. ഇത്തരത്തിൽ പ്രതിരോധാത്മകമായി പവർപ്ലെയിൽ കളിക്കുന്നതിലൂടെ ലക്നൗവിനെ വലിയരീതിയിൽ വിജയസാധ്യത തന്നെ നഷ്ടപ്പെടുന്നുണ്ട്. ഈ മനോഭാവം മാറ്റി രാഹുൽ കൂടുതൽ അറ്റാക്കിങ്ങിലേക്ക് കടന്നു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതുവരെ ഈ സീസണിൽ എട്ടു മത്സരങ്ങളിൽ നിന്ന് 274 റൺസ് രാഹുൽ നേടിയിട്ടുണ്ട്. പക്ഷേ വെറും 114 മാത്രമാണ് രാഹുലിന്റെ സ്ട്രൈക്ക് റേറ്റ്.