എല്ലാ വർഷവും ഐപിഎൽ കിരീടം ഉയർത്തണമെന്ന മോഹവുമായി എത്തി നിരാശയോടെ മടങ്ങുന്ന ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇത്തവണയും ആ ലക്ഷ്യത്തോടെ തന്നെയാണ് ബാംഗ്ലൂർ ഇറങ്ങുന്നത്. കഴിഞ്ഞ 15 ഐപിഎൽ സീസണിൽ നിന്നും ഒരു കിരീടം പോലും ഉയർത്തുവാൻ ബാംഗ്ലൂരിന് ഇതുവരെയും സാധിച്ചിട്ടില്ല.ഈ സീസണിൽ വമ്പൻ പ്രതീക്ഷകളോടെ ഇറങ്ങുന്ന ടീമിന് ഇപ്പോൾ വില്ലനായി എത്തിയിരിക്കുന്നത് പരിക്കാണ്. ടീമിനെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നത് മൂന്ന് സൂപ്പർ താരങ്ങളുടെ പരിക്കാണ്. മൂന്ന് പേരും ബാംഗ്ലൂരിന്റെ മുഖ്യ താരങ്ങൾ ആണെന്നാണ് പ്രത്യേകത.
ഓസ്ട്രേലിയൻ പേസ്റ്റർ ജോഷ് ഹെയ്സൽവുഡ്, ഓൾറൗണ്ടർ ഗ്ലൻ മാക്സ്വെൽ, സ്പിന്നർ വാനിന്ദു ഹസരംഗ എന്നിവരാണ് ആ മൂന്നു താരങ്ങൾ.ഹേസൽവുഡും മാക്സ്വെല്ലും വിട്ടുനിൽക്കുന്നത് പരിക്ക് കാരണമാണ്. എന്നാൽ ഹസരംഗ വിട്ടുനിൽക്കുന്നത് ന്യൂസിലാൻഡിനെതിരായ പരമ്പര കാരണമാണ്. ആദ്യ മത്സരം മൂന്ന് താരങ്ങൾക്കും നഷ്ടമാകും എന്ന കാര്യം ഉറപ്പാണ്. ഓസ്ട്രേലിയൻ പേസർ ഹേസൽവുഡിന് ചില മത്സരങ്ങൾ പൂർണ്ണമായും നഷ്ടമാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കാലിനേറ്റ പരിക്കാണ് താരത്തിന് ഇതുവരെയും പൂർണമായും ഭേദമാകാത്തത്.
താരത്തിന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മെഡിക്കൽ ക്ലിയറൻസ് ലഭിച്ചിട്ടില്ല എന്നാണ് പ്രമുഖ മാധ്യമമായ ക്രിക്കറ്റ് അഡിക്ടർ റിപ്പോർട്ട് ചെയ്യുന്നത്. താരത്തിന് ബാംഗ്ലൂരിനൊപ്പം ചേരണമെങ്കിൽ മെഡിക്കൽ ക്ലിയറൻസ് ലഭിക്കണം. എന്നാൽ ഇത് എപ്പോഴാണ് ലഭിക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല. വൈകാതെ ലഭിക്കും എന്നാണ് ബാംഗ്ലൂര് ആരാധകരുടെ പ്രതീക്ഷ. ബാംഗ്ലൂരിന്റെ ആദ്യ മത്സരം മുംബൈ ഇന്ത്യൻസിനെതിരെയാണ്.
പൂർണ്ണമായും കായിക ക്ഷമത വീണ്ടെടുക്കാത്തതിനാൽ മാക്സ്വെൽ മത്സരത്തിൽ നിന്നും വിട്ടുനിൽക്കും. ശ്രീലങ്കയുടെ ന്യൂസിലാൻഡ് പര്യടനം ഏപ്രിൽ 8 വരെയാണ്. പൂർണ്ണമായും പര്യടനത്തിന്റെ ഭാഗമാകുവാൻ ശ്രീലങ്കൻ താരം ഹസരംഗ തീരുമാനിക്കുകയാണെങ്കിൽ ആദ്യ രണ്ടു മത്സരങ്ങളും താരത്തിന് നഷ്ടമാകും. അങ്ങനെയാണെങ്കിൽ ബാംഗ്ലൂരിന് വേണ്ടി താരം പന്ത് എറിയുക ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ഏപ്രിൽ 10ന് നടക്കുന്ന മത്സരത്തിലാകും.