ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയം ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമിൽ ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട് എന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഡ്രസ്സിങ് റൂമിലെ ഭിന്നതകൾ ശക്തമാക്കാൻ ഈ പരാജയത്തിന് സാധിക്കും എന്നാണ് മനോജ് തിവാരി പറയുന്നത്. ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ ഇന്ത്യയുടെ പരാജയത്തിന്റെ ആരംഭം ബാംഗ്ലൂർ ടെസ്റ്റ് മത്സരമാണ് എന്ന് തിവാരി കരുതുന്നു.
ബാംഗ്ലൂർ ടെസ്റ്റിൽ ടോസ് നേടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് പരാജയത്തിന് തുടക്കമായി തിവാരി കാണുന്നത്. മത്സരത്തിൽ എന്തിനാണ് ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുന്നത് എന്ന് തനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല എന്ന് തിവാരി പറയുകയുണ്ടായി.
“ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ തകർച്ച ആരംഭിച്ചത് ബാംഗ്ലൂർ ടെസ്റ്റിൽ നിന്നാണ്. അതിന് പ്രധാന കാരണമായത്, ടോസ് നേടിയിട്ടും ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള രോഹിത് ശർമയുടെ മോശം തീരുമാനമാണ്. മത്സരത്തിൽ ഇന്ത്യയ്ക്ക് ഒരു പ്രധാന എതിരാളിയായി ഉണ്ടായിരുന്നത് കാലാവസ്ഥയായിരുന്നു. ഇതു മനസ്സിലാക്കി ഇന്ത്യ മുൻപോട്ട് പോകണമായിരുന്നു. മഴമൂലം മത്സരത്തിന്റെ ആദ്യ ദിവസത്തെ കളി പൂർണ്ണമായും നഷ്ടമായി.
എന്നാൽ പിന്നീട് ടോസ് ലഭിച്ചാൽ ഫീൽഡ് ചെയ്യാൻ ഇന്ത്യ തീരുമാനിക്കേണ്ടിയിരുന്നു. അത്തരമൊരു അവസരം കിട്ടിയിട്ടും ഇന്ത്യ അതിന് തയ്യാറായില്ല. മത്സരത്തിൽ എന്തിനാണ് ബാറ്റിംഗ് തെരഞ്ഞെടുത്തത് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.”- മനോജ് തിവാരി പറയുന്നു.
“ആ തീരുമാനത്തിൽ നിന്നാണ് ഇന്ത്യൻ ടീമിന്റെ തകർച്ച ആരംഭിച്ചത്. മാത്രമല്ല ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ടീം തിരഞ്ഞെടുക്കുന്നതിലും ഇന്ത്യയ്ക്ക് വലിയ പാളിച്ചയാണ് പറ്റിയത്. പിന്നീട് ആദ്യ ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യ തങ്ങളുടെ ടീമിൽ 3 മാറ്റങ്ങൾ വരുത്തി. അവിടെയും ഒരുപാട് പിഴവുകൾ ഉണ്ടായി. ടീം സെലക്ഷനിലെ ഈ പ്രശ്നങ്ങൾ ടീമിനുള്ളിൽ തന്നെ വലിയ ഭിന്നതക്കും പൊട്ടിത്തെറിക്കും കാരണമാകും എന്നത് ഉറപ്പാണ്. വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത് മികച്ച തീരുമാനമാണെന്ന് ഇപ്പോൾ ആളുകൾ പറയും.
എന്നാൽ അതിനർത്ഥം കുൽദീപ് യാദവ് മത്സരത്തിൽ കളിച്ചിരുന്നെങ്കിൽ വിക്കറ്റുകൾ ലഭിക്കില്ല എന്നല്ല, ബാറ്റിങ്ങിലെ മികവ് കൂടി കണക്കിലെടുത്ത് ആയിരിക്കണം സുന്ദറിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്.”- തിവാരി കൂട്ടിച്ചേർക്കുന്നു.
“എന്നാൽ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. കൃത്യമായ സമയത്ത് വിക്കറ്റ് എടുക്കാൻ സാധിക്കുന്ന, ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്ന അക്ഷർ പട്ടേൽ ഇന്ത്യയുടെ സ്ക്വാഡിൽ ഉണ്ടായിരുന്നു. ഈ സമയത്താണ് സുന്ദറിനെ നമ്മൾ പ്ലെയിങ് ഇലവനിലേക്ക് ഉൾപ്പെടുത്തിയത്. ഇതൊക്കെ ടീമിനുള്ളിൽ വലിയ പൊട്ടിത്തെറിയ്ക്ക് കാരണമായി. ആദ്യം ഇന്ത്യ അക്ഷർ പട്ടേലിനെ അവഗണിച്ചു. പിന്നീട് ബെഞ്ചിലിരുത്തി. ആദ്യ മത്സരത്തിൽ അവഗണിച്ച ആകാശ് ദീപിന് രണ്ടാം മത്സരത്തിൽ പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്താൻ സാധിച്ചു. പക്ഷേ രണ്ടാം ഇന്നിങ്സിൽ ഒരു ഓവർ പോലും അവൻ എറിഞ്ഞില്ല. മാത്രമല്ല ബുംറയെകൊണ്ട് ബോളിംഗ് ഓപ്പൺ ചെയ്യിപ്പിക്കുന്നുമില്ല. ഇതൊക്കെയും ഇന്ത്യയ്ക്ക് തിരിച്ചടി ഉണ്ടാക്കി.”- മനോജ് തിവാരി പറഞ്ഞു വയ്ക്കുന്നു.