ഐസിസി വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 107 റണ്‍സ് വിജയം. ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 137 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇതോടെ ടൂര്‍ണമെന്‍റില്‍ വിജയത്തോടെ തുടങ്ങാനും ഇന്ത്യക്ക് സാധിച്ചു. ഏകദിനത്തില്‍ പാക്കിസ്ഥാന്‍ ടീമിനു ഇതുവരെ ഇന്ത്യക്കെതിരെ വിജയിക്കാന്‍ പാക്കിസ്ഥാന്‍ ടീമിനു സാധിച്ചട്ടില്ലാ. ഇത് 11ാം മത്സരമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാനെ ഇന്ത്യന്‍ ബോളര്‍മാര്‍ വരിഞ്ഞു മുറുക്കി. പവര്‍പ്ലേയില്‍ വെറും 26 റണ്‍സ് മാത്രമാണ് പാക്കിസ്ഥാനു നേടാനായത്. ജാവരിയ ഖാനെ (11) പുറത്താക്കി രാജേശ്വരി ഗെയ്ക്വാദാണ് തുടക്കമിട്ടത്. പിന്നീട് വിക്കറ്റുകള്‍ ഓരോന്നായി വീണു. 30 റണ്‍സ് നേടിയ ഓപ്പണര്‍ അമീനാണ് ടോപ്പ് സ്കോറര്‍ .
ഇന്ത്യക്കു വേണ്ടി രാജ്വേശരി ഗെയ്ക്വാദ് നാലു വിക്കറ്റ് വീഴ്ത്തി. ജുലന്‍ ഗോസ്വാമി, സ്നേഹ റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മേഖ്ന സിങ്ങ്, ദീപ്തി ശര്‍മ്മ എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു. ന്യൂസിലന്‍റിനെതിരെ മാര്‍ച്ച് 10 നാണ് ഇന്ത്യയുടെ അടുത്ത മത്സരം. പോയിന്‍റ് ടേബിളില്‍ രണ്ട് പോയിന്‍റുമായി ഇന്ത്യ ഒന്നാമത് എത്തി.
നേരത്ത ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കു വേണ്ടി പൂജാ വസ്ത്രകര്‍ – സ്നേഹ റാണ എന്നിവരുടെ 122 റണ്‍ കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 114 ന് 6 എന്ന നിലയില്‍ നിന്നുമായിരുന്നു വനിതാ ലോകകപ്പിലെ റെക്കോഡ് ഏഴാം വിക്കറ്റ് പിറന്നത്. നേരത്തെ സ്പിന്‍ ബോളര്‍മാര്‍ ഇന്ത്യന്‍ ടോപ്പ് ഓഡറെ വീഴ്ത്തിയപ്പോള്‍ പിടിച്ചു നിന്നത് സ്മൃതി മന്ഥാന മാത്രമാണ് (52).
സ്കോര്‍ബോര്‍ഡില്‍ 4 റണ്‍സ് മാത്രമുള്ളപ്പോള്‍ ഷെഫാലി വര്‍മ്മയെ ഇന്ത്യക്ക് നഷ്ടമായിരുന്നു. രണ്ടാം വിക്കറ്റില്‍ ദീപ്തി ശര്‍മ്മയുമൊത്ത് (40) സ്മൃതി 92 റണ്‍സ് കൂട്ടി ചേര്‍ത്തു. പിന്നീട് ഇരുവരും പുറത്തായതോട വിക്കറ്റുകള്‍ വീഴാന്‍ ആരംഭിച്ചു.
മിതാലി(9) ഹര്‍മ്മന്‍പ്രീത് കൗര്‍ (5), റിച്ചാ ഘോഷ് (1) എന്നിവര്‍ പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. 200 നു താഴെ അവസാനിക്കും എന്ന കരുതിയപ്പോഴാണ് സ്നേഹ റാണയും പൂജയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 48 പന്തില്‍ 4 ഫോറടക്കമാണ് സ്നേഹ റാണയുടെ ഇന്നിംഗ്സ്. 59 പന്തില്‍ 8 ഫോറുമായി 67 റണ്‍സാണ് പൂജ നേടിയത്.
പാക്കിസ്ഥാനു വേണ്ടി നിദാ ദാര്‍, നഷ്റ സന്ദു എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സന, ബീഗ്, അമീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.