അന്ന് ഷാർജയിൽ ഗാംഗുലിപടയെ നാണംകെടുത്തിയ ലങ്ക. ഇന്ന് രോഹിത് പട വക മധുര പ്രതികാരം.

2023 ഏഷ്യാകപ്പ് ഫൈനലിലെ ശ്രീലങ്കയ്ക്കെതിരായ വിജയം ഇന്ത്യയ്ക്ക് നൽകുന്നത് വലിയൊരു ആവേശം തന്നെയാണ്. മാത്രമല്ല ശ്രീലങ്കൻ ടീമിനോടുള്ള ഇന്ത്യയുടെ 23 വർഷം കാത്തുവെച്ച ഒരു പകപോക്കൽ കൂടിയാണ് ഏഷ്യാകപ്പ് മത്സരത്തിന്റെ ഫൈനലിൽ കാണാൻ സാധിച്ചത്. 2000ൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ ടീമിനെ നാണം കെടുത്തി പരാജയപ്പെടുത്തിയ ഒരു കഥ ശ്രീലങ്കയ്ക്കുണ്ട്. അന്ന് ഗാംഗുലി നായകനായ ഇന്ത്യൻ ടീംആ മത്സരത്തിലെ ദാരുണ പരാജയത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിടുകയും ചെയ്തിരുന്നു. ഇപ്പോൾ അതിനുള്ള പ്രതികാരമാണ് രോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം വീട്ടിയിരിക്കുന്നത്.

വളരെ വലിയ പ്രതീക്ഷയോടെ ആയിരുന്നു 2000 ചാമ്പ്യൻസ് ട്രോഫി ഫൈനലിലേക്ക് ഇന്ത്യയെത്തിയത്. എന്നാൽ പൂർണമായും ഇന്ത്യയെ ഇല്ലാതാക്കിയ പ്രകടനമാണ് ശ്രീലങ്ക കാഴ്ചവച്ചത്. ശ്രീലങ്കക്കായി നായകൻ സനത് ജയസൂര്യ മത്സരത്തിൽ നിറഞ്ഞാടുകയുണ്ടായി. മത്സരത്തിൽ 161 പന്തുകൾ നേരിട്ട് ജയസൂര്യ 189 റൺസ് സ്വന്തമാക്കി. 21 ബൗണ്ടറികളും 4 സിക്സറുകളും ജയസൂര്യയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മറ്റൊരു ബാറ്റർമാരും ഇന്ത്യക്കെതിരെ നേടാത്ത ആധിപത്യമാണ് ജയസൂര്യ നേടിയെടുത്തത്. ഇങ്ങനെ മത്സരത്തിൽ ശ്രീലങ്ക 299 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പൂർണമായും തകർന്നുവീണു.

സൗരവ് ഗാംഗുലിയും സച്ചിൻ ടെണ്ടുൽക്കറും അടക്കമുള്ള ഒരു ബാറ്റർമാർക്കും അന്ന് മത്സരത്തിൽ മികവ് പുലർത്താൻ സാധിച്ചില്ല. ഇന്ത്യൻ നിര കേവലം 54 റൺസിനാണ് മത്സരത്തിൽ തകർന്നു വീണത്. ശ്രീലങ്കയ്ക്കായി ചാമിന്താ വാസ് 5 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, മുത്തയ്യാ മുരളീധരൻ 3 വിക്കറ്റുകളുമായി പിന്തുണ നൽകി. അങ്ങനെ മത്സരത്തിൽ 245 റൺസിന്റെ കൂറ്റൻ പരാജയം ഇന്ത്യ ഏറ്റുവാങ്ങി. ഇതിനുള്ള മറുപടിയാണ് ഇന്ത്യ ഇപ്പോൾ നൽകിയിരിക്കുന്നത്. ശ്രീലങ്കൻ ടീമിനെ കേവലം 50 റൺസിന് പുറത്താക്കി നാണം കെടുത്തിയാണ് രോഹിത്തിന്റെ പട ഏഷ്യാകപ്പിൽ പറഞ്ഞയച്ചത്.

മത്സരത്തിൽ മുഹമ്മദ് സിറാജിന്റെ ശക്തമായ പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് കരുത്തേകിയത്. അന്നത്തെ ഫൈനലിൽ ചാമിന്താ വാസ് ശ്രീലങ്കയ്ക്കായി നടത്തിയ പ്രകടനത്തിന് ഒരുപടി മുൻപിൽ നിൽക്കുന്ന പ്രകടനം തന്നെയാണ് സിറാജ് ഇന്ന് ഇന്ത്യക്കായി നടത്തിയത്. ഇത് ഇന്ത്യയ്ക്ക് വലിയ ആശ്വാസവും പകരുന്നുണ്ട്. 23 വർഷം മുൻപ് ഷാർജയിൽ നാണംകെട്ടുപോയ ഇന്ത്യൻ ടീമിന്റെ മധുരപ്രതികാരം അങ്ങേയറ്റത്തെ ആവേശത്തോടെ ആഘോഷിക്കുകയാണ് ഇന്ത്യൻ ആരാധകർ.

Previous article2023 ഏഷ്യകപ്പ്‌ രാജാക്കന്മാരായി ഇന്ത്യ. ഫൈനലിൽ ലങ്കയ്‌ക്കെതിരെ 10 വിക്കറ്റ് വിജയം.
Next articleവന്ന വഴി അവൻ മറന്നിട്ടില്ല. ലങ്കയിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് സിറാജിന്റെ സർപ്രൈസ് ഗിഫ്റ്റ്!!