ഫൈനൽ തോൽക്കാൻ കാരണം ഇന്ത്യയുടെ അഹങ്കാരം. എല്ലാവരെയും വില കുറച്ചുകണ്ടെന്ന് മുൻ വിൻഡിസ് താരം.

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ദയനീയമായ പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ഈ പരാജയത്തിന് ശേഷം ഇന്ത്യയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിൻഡീസിന്റെ മുൻ താരം ആന്റി റോബർട്ട്. മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തിന് പ്രധാന കാരണമായി മാറിയത് ഇന്ത്യൻ ടീമിന്റെ അമിത ആത്മവിശ്വാസവും അഹങ്കാരവുമാണ് എന്നാണ് റോബർട്ട്സ് പറയുന്നത്. മറ്റു പല ടീമുകളെയും ഇന്ത്യ വിലകുറച്ചു കണ്ടതിന്റെ ഫലമാണ് ഈ പരാജയമെന്നും റോബർട്ട്സ് പറയുകയുണ്ടായി.

വളരെ രൂക്ഷമായ രീതിയിലായിരുന്നു റോബർട്ട്സ് ഇന്ത്യൻ ടീമിനെ വിമർശിച്ചത്. ഇന്ത്യൻ ടീമിന് അഹങ്കാരവും അമിത ആത്മവിശ്വാസവുമുണ്ടെന്നും അത് ഫൈനലിൽ അവരുടെ തകർച്ചയ്ക്ക് കാരണമായി മാറുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും റോബർട്ട്സ് പറയുന്നു. “ഇന്ത്യയുടെ ക്രിക്കറ്റിൽ ധാർഷ്ട്യം എന്നത് വളരെ വലിയ രീതിയിൽ കടന്നു കയറിയിരിക്കുകയാണ്. അതിനാൽ തന്നെ ലോകത്തുള്ള മറ്റു ടീമുകളെയൊക്കെയും അവർ എപ്പോഴും വിലകുറച്ചാണ് കാണാറുള്ളത്.”- റോബർട്ട്സ് പറഞ്ഞു.

“ഇന്ത്യൻ ടീം തങ്ങളുടെ ശ്രദ്ധ എന്തിലാണെന്ന് കൃത്യമായി തീരുമാനിക്കണം. ടെസ്റ്റ് ക്രിക്കറ്റിനാണോ പരിമിത ഓവർ ക്രിക്കറ്റിനാണോ ഇന്ത്യ മുൻഗണന നൽകേണ്ടത് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ട്വന്റി20 ക്രിക്കറ്റ് എന്തായാലും അതിന്റെ വഴിക്ക് നടക്കും. എന്നാൽ എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ബാറ്റും ബോളും തമ്മിൽ മികച്ച ഒരു പോരാട്ടം പോലും നടന്നിട്ടില്ല. ഫൈനലിൽ ഇന്ത്യ തങ്ങളുടെ ബാറ്റിംഗ് കരുത്ത് പ്രകടിപ്പിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ അത് സംഭവിച്ചില്ല.”- റോബർട്ട്സ് കൂട്ടിച്ചേർത്തു.

“മത്സരത്തിൽ രഹാനെ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. രഹാനെ പൊരുതിയെങ്കിലും മറ്റൊരു കളിക്കാരനും ടീമിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ല. തന്റെ കൈക്ക് പരിക്കേറ്റിട്ടും അത് യാതൊരുതരത്തിലും വകവയ്ക്കാതെ ആയിരുന്നു രഹാനെ കളിക്കളത്തിൽ ഇറങ്ങിയത്. ശുഭ്മാൻ ഗിൽ മികച്ച ഷോട്ടുകൾ കളിക്കുന്ന സമയത്ത് വളരെ നല്ല കളിക്കാരനണെന്ന് തോന്നും. പക്ഷേ ബോളെറിയുമ്പോൾ ലെഗ് സ്റ്റമ്പിലാണ് ഗിൽ നിൽക്കാറുള്ളത്. ഈ കാരണത്താൽ അവൻ പലപ്പോഴും ബൗൾഡാകുന്നു. ചിലപ്പോഴൊക്കെ വിക്കറ്റിന് പിറകിൽ ക്യാച്ച് പോവുകയും ചെയ്യുന്നു. വിരാട് മത്സരത്തിൽ വളരെ ദുർബലമായ പന്തിലായിരുന്നു വിക്കറ്റ് കളഞ്ഞുകുളിച്ചത്. വളരെ മികച്ച കളിക്കാരുണ്ടായിട്ടും വിദേശ പിച്ചുകളിൽ വേണ്ടരീതിയിൽ പ്രകടനങ്ങൾ പുറത്തെടുക്കാൻ ഇന്ത്യയ്ക്ക് ഇത്തവണയും സാധിച്ചില്ല.”- റോബർട്ട്സ് പറഞ്ഞുവെക്കുന്നു.

Previous articleഏഷ്യാ കപ്പിലൂടെ സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തും. ഫിറ്റ്നെസ് വീണ്ടെടുക്കാനായി ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍
Next articleആകാശ് സിംഗിനെ ചെന്നൈ ടീമിലെത്തിച്ചത് സഞ്ജു. വെളിപ്പെടുത്തലുമായി രാജസ്ഥാൻ കോച്ച്.