ഐസിസി റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കോഹ്ലി : ജോ റൂട്ട് മൂന്നാം റാങ്കിലേക്ക്

ചെന്നൈ ടെസ്റ്റിലെ ഇരട്ട ശതകത്തിന്റെ ബലത്തില്‍  ഐസിസി പുറത്തുവിട്ട പുതുക്കിയ ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ വലിയ മുന്നേറ്റം നടത്തി  ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. ഇന്നലെ അവസാനിച്ച  ചെപ്പോക്കിൽ നടന്ന  ഇന്ത്യയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ വിജയത്തില്‍  ആദ്യ ഇന്നിംഗ്സ് ബാറ്റിങ്ങിൽ 218 റണ്‍സുമായി മികവ് പുലര്‍ത്തിയ റൂട്ട് കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു .
സ്ഥിരതയായുള്ള  ബാറ്റിങ്ങാണ് ഇപ്പോൾ ഐസിസി റാങ്കിങ്ങിലും  താരത്തിന് മുന്നേറുവാൻ സഹായകമായത് .

ഐസിസി ടെസ്റ്റ് ബാറ്സ്മാൻമാരുടെ റാങ്കിങ്ങിൽ  883 റേറ്റിംഗ് പോയിന്റാണ്  ഇംഗ്ലണ്ട് ടീം നായകൻ ജോ റൂട്ടിനുള്ളത്.
റാങ്കിങ്ങിൽ  ഒന്നാം സ്ഥാനത്ത് കിവീസ് ടീം നായകൻ കെയ്ൻ വില്യംസൺ തന്നെയാണ് .919 റാങ്കിങ് പോയിന്റാണ് വില്യംസൺ ഉള്ളത് .റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്ത് 891 പോയിന്റ് കരസ്ഥമാക്കി.

അതേ സമയം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ  വിരാട് കോഹ്‍ലി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ട് എതിരായ ചെപ്പോക്ക് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിൽ ശോഭിക്കുവാൻ കഴിയാതിരുന്ന കോഹ്ലി രണ്ടാം ഇന്നിങ്സിൽ 72 റൺസ് അടിച്ചെടുത്തിരുന്നു .നേരത്തെ ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന 3 ടെസ്റ്റ് മത്സരങ്ങൾ കോഹ്ലി കളിച്ചിരുന്നില്ല .ഭാര്യ അനുഷ്ക്കയുടെ പ്രസവത്തെ തുടർന്നാണ് താരം ആദ്യ  ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയത് .