ഇന്ത്യൻ താരം ന്യൂസിലാൻഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ നിന്നും പുറത്ത്. ഓപ്പണർ ഋതുരാജ് ഗൈക്വാദ് ആണ് പരിക്കേറ്റ് കിവീസിനെതിരായ പരമ്പരയിൽ നിന്നും പുറത്തായത്. കൈക്കുഴക്കാണ് താരത്തിന് പരിക്കേറ്റത്.
ട്വന്റി-20 പരമ്പരക്ക് മുൻപായി ഇന്ന് റാഞ്ചിയിൽ ഇന്ത്യൻ ടീമിനൊപ്പം ചേരേണ്ടിയിരുന്ന താരം നിലവിൽ തുടർ ചികിത്സകൾക്കായി ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഉള്ളത്. സൂപ്പർ താരത്തിന് പരിക്കേറ്റത്തോടെ പകരക്കാരനെ ഉടൻ തന്നെ പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. കഴിഞ്ഞവർഷം ശ്രീലങ്കക്കെതിരെ നടന്ന 20-20 പരമ്പരയും കൈക്കുഴക്ക് പരിക്കേറ്റതിനെ തുടർന്ന് താരത്തിന് നഷ്ടമായിരുന്നു.
ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത് താരത്തിന് പകരക്കാരനായി മലയാളി താരം സഞ്ജു സാംസൺ വരുമോ എന്നാണ്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സ തേടിയിരുന്ന താരം നിലവിൽ കൊച്ചിയിലാണ് ഉള്ളത്. കെസിഎ ഒരുക്കിയ ഫിസിയോതെറാപ്പിക്ക് കൊച്ചിയിൽ വിധേയനാകുകയാണ് താരം. ഈ മാസം 27ന് റാഞ്ചിയിൽ വച്ചാണ് ആദ്യ 20-20 മത്സരം.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. രണ്ടാമത്തെ മത്സരം 29ന് ലഖ്നൗവിലും, മൂന്നാമ്മത്തെ മത്സരം ഫെബ്രുവരി ഒന്നിന് അഹമ്മദാബാദിൽ വച്ചും നടക്കും. ഹർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ മുതിർന്ന താരങ്ങൾക്ക് എല്ലാം വിശ്രമം അനുവദിച്ചിരിക്കുകയാണ്.