ക്രിക്കറ്റ് പ്രാന്തന്‍മാര്‍ ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗമായ സുരേഷ് വാരിയത്ത് എഴുതുന്നു.
ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ എഴുപത്തഞ്ചാം വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയാണ്. 27 റൺസ് കടവുമായി രണ്ടാമിന്നിങ്ങ്സ് തുടങ്ങിയ സന്ദർശകർ 55-3 എന്ന നിലയിൽ ഒരു ബാറ്റിങ് തകർച്ചയേയും അനിവാര്യമായ തോൽവിയേയും മുന്നിൽ കണ്ട വേള. ആരാധകരുടെയും നിരൂപകരുടെയും വിമർശനങ്ങളുടെ മുൾമുനയിൽ പിടയുന്ന പൂജാരയും രഹാനെയും നേരിട്ട 352 പന്തുകളും എടുത്ത 106 റൺസുകളും ഒരു പുതിയ വിജയചരിതം തീർക്കുന്നതിന് ഇന്ത്യയ്ക്ക് അടിത്തറ പാകുകയായിരുന്നു. നാലാം ദിവസത്തിൻ്റെ അന്ത്യയാമങ്ങളിലും അഞ്ചാം ദിവസത്തിൻ്റെ തുടക്കത്തിലും വീണ്ടും തകർന്ന ഇന്ത്യയെ കൈപ്പിടിച്ചുയർത്താൻ രണ്ട് അപ്രതീക്ഷിത ഹീറോകൾ അവിടെ ഉദയം ചെയ്തു. മുഹമ്മദ് ഷമിയും ബുംറയും എഴുതിയത് പുതിയൊരു ചെറുത്ത് നിൽപ്പിൻ്റെ അധ്യായം മാത്രമായിരുന്നില്ല, ഇംഗ്ലീഷുകാരുടെ ചേസു ചെയ്യാനുള്ള ആത്മവിശ്വാസിൻ്റെ നെറുകയിൽ അടിച്ച അവസാനത്തെ ആണി കൂടിയായിരുന്നു…..
അവസാന ദിവസം ലഞ്ചിനു ശേഷം ഡിക്ലയർ ചെയ്ത് വിജയിക്കുകയെന്ന അത്യപൂർവ സംഭവത്തിൽ നമ്മൾ മറക്കാൻ പറ്റാത്ത മുഖങ്ങൾ വേറെയുമുണ്ട് ഇന്ത്യൻ നിരയിൽ. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ രാഹുൽ, ടെസ്റ്റിൽ 8 വിക്കറ്റുകൾ നേടി ഇംഗ്ലീഷ് ബാറ്റിങ്ങിനെ തകർത്ത സിറാജ്…. മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ കോലി ………..
ലോർഡ്സ് ഗ്രൗണ്ടിലെ ഇന്ത്യൻ ടെസ്റ്റ് വിജയങ്ങളിലൂടെ കണ്ണോടിച്ചാൽ ഒരുപാട് വീരനായകരെ കാണാൻ പറ്റും. 1986 ൽ ആദ്യ ടെസ്റ്റിൽ ജയിച്ച് സീരീസ് 2-0 നു നേടുമ്പോൾ ഓർമയിൽ വരുന്നത് ലോർഡ്സിൽ തുടർച്ചയായ തൻ്റെ മൂന്നാം സെഞ്ചുറി നേടിയ കേണൽ വെംഗ് സാർക്കറെത്തന്നെയാണ്. ആദ്യ ഇന്നിംഗ്സിൽ ചേതൻ ശർമ്മ അഞ്ചും രണ്ടാമിന്നിംഗ്സിൽ കപിൽ നാലും വിക്കറ്റുകൾ നേടിയപ്പോൾ അഞ്ചു വിക്കറ്റിന് ഇന്ത്യ വിജയം നേടി.
പിന്നീടൊരിന്ത്യൻ വിജയം ലോർഡ്സിൽ കാണാൻ 28 വർഷം കാത്തിരിക്കേണ്ടി വന്നു. ധോണിയുടെ പട 95 റൺസിന് ഇംഗ്ലണ്ടിൻ്റെ മണ്ണിൽ തേരോട്ടം നടത്തുമ്പോൾ സെഞ്ചുറി നേടിയ രഹാനെയും ആദ്യ ഇന്നിംഗ്സിൽ ആറു വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറും രണ്ടാമിന്നിംഗ്സിൽ ഏഴ് വിക്കറ്റെടുത്ത ഇഷാന്ത് ശർമയും വേറിട്ടു നിന്നു. രണ്ടാമിന്നിങ്സിൽ 95 റൺസ് നേടിയ മുരളി വിജയിനെയും മറക്കാൻ പറ്റില്ല.
രസകരമായ സംഗതി എന്തെന്നാൽ വിജയിച്ച എല്ലാ ടെസ്റ്റിലും ഇരു വശത്തും സെഞ്ചുറി എല്ലാം ആദ്യ ഇന്നിംഗ്സിലായിരുന്നു നേടിയത്. ഗ്രഹാം ഗൂച്ചിൻ്റെ സെഞ്ചുറിക്കു മറുപടിയായി വെംഗാസർക്കർ ഉണ്ടായിരുന്നെങ്കിൽ 2014ൽ അത് രഹാനെയും ഗാരീ ബാലൻസുമായിരുന്നു. ഏറ്റവുമൊടുവിൽ ലോർഡ്സിൽ ഇന്ത്യക്കു വേണ്ടി ആദ്യ ഇന്നിംഗ്സിൽ പട നയിച്ച ലോകേഷ് രാഹുലിന് മറുപടിയായത് ഇംഗ്ലീഷ് നായകൻ ജോ റൂട്ടിൻ്റെ അത്യുജ്വലമായ 180 നോട്ടൗട്ട് ആയിരുന്നു.