ഇന്ത്യൻ പേസർ ഉമേഷ് യാദവ് 2022 സീസണിൽ ഇംഗ്ലണ്ട് ആഭ്യന്തര സീസണില്‍ കളിക്കും. മിഡിൽസെക്സിനായി താരം കളിക്കുക. കൗണ്ടി ചാമ്പ്യൻഷിപ്പിലും റോയൽ ലണ്ടൻ ക്ലബ് ടൂര്‍ണമെന്‍റിലുമാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ താരം ഭാഗമാവുക.
ഈ സീസണിൽ ഇംഗ്ലീഷ് ടീമിനായി എത്തുന്ന നാലാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ഉമേഷ്. ഈ വർഷത്തിന്റെ തുടക്കത്തിൽ, വെറ്ററൻ ഇന്ത്യൻ ബാറ്റർ ചേതേശ്വര് പൂജാര കൗണ്ടി ചാമ്പ്യൻഷിപ്പിൽ സസെക്‌സിനെ പ്രതിനിധീകരിച്ചു. കൂടാതെ, ക്രുനാൽ പാണ്ഡ്യയും വാഷിംഗ്ടൺ സുന്ദറും യഥാക്രമം വാർവിക്‌ഷയറിനും ലാനാഷയറിനുമായി റോയൽ ഏകദിന കപ്പിനായി ഒപ്പുവച്ചിരുന്നു.
ഇംഗ്ലണ്ടിന്റെ ഫ്രാഞ്ചൈസി അധിഷ്‌ഠിത ടൂർണമെന്റായ ‘ദി ഹൺഡ്രഡി’നോടൊപ്പം നടക്കുന്ന വൈറ്റ്-ബോൾ ടൂർണമെന്റ് ഓഗസ്റ്റ് 2 മുതൽ സെപ്റ്റംബർ 17 വരെ നടക്കും. അതേസമയം, ജൂലൈ, സെപ്തംബർ മാസങ്ങളിൽ നടക്കുന്ന കൗണ്ടി ചാമ്പ്യൻഷിപ്പിൽ മിഡിൽസെക്‌സിന് ഇനിയും ആറ് മത്സരങ്ങൾ ബാക്കിയുണ്ട്. ‘ആവേശത്തോടെ കാത്തിരിക്കുന്നു.’ എന്നാമ് മിഡില്‍സെക്സ് ടീമിന്‍റെ ഔദ്യോഗിക സ്വാഗതത്തോട് ഉമേഷ് യാദവ് പ്രതികരിച്ചത്.
ഉമേഷിനെ ടീമിലെത്തിക്കാനുള്ള തീരുമാനം വിശദീകരിച്ചുകൊണ്ട് മിഡിൽസെക്‌സിന്റെ പെർഫോമൻസ് ഹെഡ് അലൻ കോൾമാൻ പറഞ്ഞു, തങ്ങളുടെ റാങ്കുകളിൽ ഏറ്റവും മികച്ച വിദേശ താരങ്ങൾ ഉണ്ടായിരിക്കണമെന്ന് ക്ലബ്ബ് ആഗ്രഹിക്കുന്നുവെന്നും പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി നാട്ടിലേക്ക് മടങ്ങുന്നതിനാൽ, വെറ്ററൻ ഇന്ത്യൻ ഫാസ്റ്റ് ബൗളറാണ് ആ സ്ഥാനത്തിനു അനുയോജ്യൻ എന്നും പറഞ്ഞു.
“സീസണിലുടനീളം ഒരു വിദേശ രാജ്യാന്തര ബൗളർ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശമായിരുന്നു, ഞങ്ങളുടെ ബ്ലാസ്റ്റ് കാമ്പെയ്‌ൻ ആരംഭിക്കുന്നതിന് മുമ്പ് ഷഹീൻ പാകിസ്ഥാനിലേക്ക് മടങ്ങിയതിനാൽ അദ്ദേഹത്തിന് പകരക്കാരനാകാൻ ശരിയായ കളിക്കാരനെ ഞങ്ങൾ തിരയുകയായിരുന്നു.
യാദവ് , പരിചയ സമ്പത്തുമായാണ് അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വരുന്നത്, തെളിയിക്കപ്പെട്ട ഒരു ലോകോത്തര താരമാണ്. ഞങ്ങളുടെ യുവ താരങ്ങള്‍ക്ക് ഒരു റോള്‍ മോഡല്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.