ജീവനക്കാർ പോലും ഫോൺ ഉപയോഗിക്കരുത്, പൂർണ ലോക്‌ഡൗൺ. രഹസ്യ പരിശീലനവുമായി ഇന്ത്യ.

ഓസ്ട്രേലിയയ്ക്കെതിരായ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയ്ക്കായി ഇന്ത്യ ഓസ്ട്രേലിയൻ മണ്ണിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. പാറ്റ് കമ്മിൻസ് നയിക്കുന്ന ഓസ്ട്രേലിയയെ 4-0 എന്ന നിലയിൽ പരാജയപ്പെടുത്തിയാൽ മാത്രമേ ഇന്ത്യയ്ക്ക് 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്ഥാനം കണ്ടെത്താൻ സാധിക്കൂ.

ഇന്ത്യയെ സംബന്ധിച്ച് ഇതൊരു വെല്ലുവിളികൾ നിറഞ്ഞ ദൗത്യമാണ്. ന്യൂസിലാൻഡിനെതിരെ തുടർച്ചയായി 3 മത്സരങ്ങളിൽ പരാജയം നേരിട്ട ശേഷമാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ മൈതാനത്ത് ഇറങ്ങുന്നത്. നവംബർ 22നാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഇതിന് മുൻപായി വളരെ രഹസ്യമായാണ് ഇന്ത്യയുടെ പരിശീലന സെഷനുകൾ തയ്യാറാക്കിയിരിക്കുന്നത്.

കൃത്യമായ നിയന്ത്രണങ്ങളാണ് ഇന്ത്യയുടെ പരിശീലന സെഷന് നിർദ്ദേശിച്ചിരിക്കുന്നത്. പൊതുജനങ്ങളെ ആരെയും തന്നെ ഇന്ത്യയുടെ പരിശീലനം കാണാനായി അനുവദിക്കുന്നില്ല. മാത്രമല്ല ഒരു ലോക്ക്ഡൗൺ രീതിയിലാണ് ഇന്ത്യയുടെ പരിശീലനം നിലവിൽ നടക്കുന്നത്. പരിശീലനം നടക്കുന്ന സ്റ്റേഡിയത്തിലുള്ള ജോലിക്കാരെ പോലും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.

ഇതാദ്യമായാണ് ഇന്ത്യ ഇത്ര രഹസ്യമായി പരിശീലന സെഷൻ നടത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം കളിക്കാരെ കൂടുതലായി നെറ്റ് പരിശീലനത്തിന് ഇന്ത്യ അണിനിരത്തുകയാണ്. രോഹിത് ശർമയുടെ അഭാവത്തിലാണ് ഇന്ത്യ ആദ്യ മത്സരത്തിനു മുന്നോടിയായി പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

തന്റെ വ്യക്തിപരമായ കാരണങ്ങൾ മൂലം രോഹിത് ശർമ ഇന്ത്യയിലേക്ക് തിരികെ പോയിരുന്നു. രോഹിത് ഏത് ദിവസം തിരികെ എത്തുമെന്നതിനെ സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും ഇതുവരെ വന്നിട്ടില്ല. രോഹിത്തിന്റെ മടങ്ങി വരവിനെ പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ ബിസിസിഐ പിന്നീട് അറിയിക്കുമെന്നാണ് ഇന്ത്യയുടെ പരിശീലകനായ ഗൗതം ഗംഭീർ പത്രസമ്മേളനത്തിൽ പറഞ്ഞത്. രോഹിതിന്റെ അഭാവത്തിൽ ജസ്‌പ്രീറ്റ് ബുമ്രയാണ് ഇന്ത്യയെ ആദ്യമായി മത്സരത്തിൽ നയിക്കുക. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്.

നവംബർ 12ന് ഇന്ത്യയുടെ ഇടംകയ്യൻ ബാറ്റർമാരായ റിഷഭ് പന്തും ജയസ്വാളും നെറ്റ് പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. ഇരുതാരങ്ങളും ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ വളരെ നിർണായകമായ റോൾ തന്നെയാണ് വഹിക്കുന്നത്. കഴിഞ്ഞ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരകളിൽ ഓസ്ട്രേലിയൻ മണ്ണിൽ തട്ടുപൊളിപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച പാരമ്പര്യമാണ് പന്തിനുള്ളത്. ജയസ്വാളിനും മികച്ച തുടക്കം തന്നെയാണ് ടെസ്റ്റ് കരിയറിൽ ലഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയൻ സാഹചര്യത്തിൽ ഇത് പരമാവധി മുതലെടുക്കുക എന്നതാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.

Previous articleഞാന്‍ ഈ കാര്യത്തില്‍ മിടുക്കന്‍. മഞ്ഞ ജേഴ്സി ഇടാന്‍ ആഗ്രഹം പറഞ്ഞ് ഇന്ത്യന്‍ താരം.