റോഡ് സേഫ്റ്റി സീരീസില്‍ തകര്‍പ്പന്‍ തുടക്കവുമായി ഇന്ത്യ. ഓപ്പണിംഗ് ഗംഭീരമാക്കി സേവാഗ് – സച്ചിന്‍

Sachin and Sehwag

റോഡ് സേഫ്റ്റി സീരീസിന്‍റെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയതുടക്കം. ബംഗ്ലാദേശ് ലെജന്‍റസിനെ 10 വിക്കറ്റിനു തോല്‍പ്പിച്ചാണ് ഇന്ത്യ തുടക്കം കുറിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 110 റണ്‍സ് വിജയലക്ഷ്യം വെറും 10.1 ഓവറില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മറികടന്നു. ഒരുവശത്ത് അടിച്ചു കളിച്ച സേവാഗും മറുവശത്ത് മികച്ച പിന്തുണ നല്‍കിയ സച്ചിനും ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

35 പന്തില്‍ 10 ഫോറും 5 സിക്സും സഹിതം 80 റണ്ണാണ് വിരേന്ദര്‍ സേവാഗ് നേടിയത്. അതേ സമയം സച്ചിന്‍ 26 പന്തില്‍ 5 ഫോറിന്‍റെ അകമ്പടിയോടെ 33 റണ്‍ നേടി. ഓപ്പണിംഗ് വിക്കറ്റില്‍ നാലോവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 50 കടത്തിയപ്പോള്‍ വെറും 20 പന്തിലാണ് സെവാഗ് അര്‍ധസെഞ്ചുറി തികച്ചത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനു മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ നസീമുദ്ദീനും ജാവേദ് ഒമറും അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് മടങ്ങിയത്. 49, 12 എന്നിങ്ങനെയായിരുന്നു ഇവരുടെ സ്കോറുകള്‍. ഓപ്പണര്‍മാരെ നഷ്ടമായതോടെ ബംഗ്ലാദേശിന്‍റെ പതനം ആരംഭിച്ചു.

19.4 ഓവറില്‍ 109 റണ്‍സിനു എല്ലാവരും പുറത്തായി. ഇന്ത്യക്കു വേണ്ടി പ്രഗ്യാന്‍ ഓജ നാലോവറില്‍ 12 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ യുവരാജ് സിംഗ് മൂന്നോവറില്‍ 15 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വിനയ് കുമാര്‍ 25 റണ്‍സിന് രണ്ട് വിക്കറ്റുമെടുത്തു. യൂസഫ് പത്താനും മന്‍പ്രീത് ഗോണിയും ഓരോ വിക്കറ്റ് വീഴ്ത്തി. വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്സുമായി ഇന്ത്യയുടെ അടുത്ത മത്സരം

Previous articleആൻഡേഴ്‌സണ് റിവേഴ്‌സ് സ്വീപ് ബൗണ്ടറിയിലൂടെ മറുപടി : റിഷാബ് പന്തിനെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ലോകം -വീഡിയോ കാണാം
Next articleബ്ലാസ്റ്റേഴ്സിൽ സ്‌ക്വാഡിൽ വമ്പൻ അഴിച്ചുപണി