ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിലെ പരാജയം ഇന്ത്യയെ വലിയ രീതിയിൽ നിരാശരാക്കിയിട്ടുണ്ട്. ടൂർണമെന്റിൽ തുടർച്ചയായി 10 വിജയങ്ങൾ നേടിയിരുന്നു ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. എന്നാൽ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ വേദനാജനകമായ ഒരു പരാജയം ഇന്ത്യയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു.
ഇതിന് ശേഷം ഇന്ത്യൻ താരങ്ങളൊക്കെയും വളരെ നിരാശയിലാണ്. എന്നിരുന്നാലും ഇന്ത്യ ഈ പരാജയത്തെ കുറിച്ച് ഓർത്ത് അധികം വിഷമിക്കേണ്ട സാഹചര്യമില്ല എന്നാണ് മുൻ പാക്കിസ്ഥാൻ താരം വസീം അക്രം പറയുന്നത്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് വളരെ മികച്ച സ്ഥലത്താണുള്ളത് എന്ന് അക്രം കൂട്ടിച്ചേർത്തു.
ഫൈനൽ മത്സരം പരാജയപ്പെടാൻ കാരണമായത് ഒരു മോശം ദിവസം മാത്രമാണ് എന്ന് അക്രം വിലയിരുത്തുന്നു. ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോഴും സുരക്ഷിതമായ കരങ്ങളിൽ തന്നെയാണ് എന്ന് അക്രം വിശ്വസിക്കുന്നു. “തീർച്ചയായും ഫൈനൽ മത്സരത്തിലെ പരാജയം ഇന്ത്യയെ നിരാശരാക്കിയിട്ടുണ്ടാവും. എന്നിരുന്നാലും ക്രിക്കറ്റിൽ ഇതൊക്കെയും സംഭവിക്കാവുന്നതാണ്.
ഇന്ത്യയ്ക്ക് ഒരു മോശം ദിവസമുണ്ടായി. നിർഭാഗ്യവശാൽ അത് ഫൈനൽ ദിവസം തന്നെയായി. എന്നിരുന്നാലും നിങ്ങൾ ഇന്ത്യൻ ടീമിന്റെ ഘടനയിലേക്ക് നോക്കൂ. അവർക്ക് ബാക്കപ്പിന് പോലും കൃത്യമായ തരത്തിലുള്ള കളിക്കാരുണ്ട്. ഇപ്പോൾ എന്താണോ ചെയ്യുന്നത്, അതുതന്നെയാണ് ഇന്ത്യ ഇനിയും മുൻപോട്ട് ചെയ്യേണ്ടത്. അവരുടെ ക്രിക്കറ്റ് ഇപ്പോൾ നല്ല സ്ഥലത്ത് തന്നെയാണ് നിൽക്കുന്നത്.”- അക്രം പറയുന്നു.
ഇന്ത്യക്കെതിരായ ഓസ്ട്രേലിയയുടെ ഫൈനൽ മത്സരത്തിലെ പ്രകടനത്തെ 1999 ലോകകപ്പിലെ ഫൈനൽ മത്സരത്തോടാണ് വസീം അക്രം ഉപമിച്ചത്. അന്നത്തെ ഫൈനലിൽ പാകിസ്താനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ കിരീടം ഉയർത്തുകയാണ് ഉണ്ടായത്. “1999 ലോകകപ്പ് ഫൈനൽ കളിക്കുമ്പോൾ ഞാനായിരുന്നു പാകിസ്ഥാൻ ടീമിന്റെ നായകൻ. ഞങ്ങൾ ലീഗ് സ്റ്റേജിൽ അന്ന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഫൈനലിലേക്ക് വന്നപ്പോൾ അവർ ഒരു വ്യത്യസ്ത ടീമായി മാറി. അഹമ്മദാബാദിൽ കണ്ടതും അതുതന്നെയാണ്.”- അക്രം കൂട്ടിച്ചേർക്കുന്നു.
നാലാം തവണയായിരുന്നു ഇന്ത്യ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ എത്തിയത്. തങ്ങളുടെ മൂന്നാം കിരീടം ലക്ഷ്യം വച്ചാണ് ഇന്ത്യ അഹമ്മദാബാദിലിറങ്ങിയത്. എന്നാൽ അത് സാധ്യമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. എന്നിരുന്നാലും ടൂർണമെന്റിലൂടനീളം മികച്ച പ്രകടനങ്ങൾ തന്നെയാണ് ഇന്ത്യ കാഴ്ചവെച്ചിട്ടുള്ളത്. ഈ ടൂർണമെന്റിൽ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയാണ് എന്ന് നിസംശയം പറയാൻ സാധിക്കും. മറുവശത്ത് ആറാം തവണയാണ് ഓസ്ട്രേലിയ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്.