“ചതിച്ചത് പിച്ചാണ്, ഫൈനലിൽ ഇങ്ങനെയായിരുന്നില്ല പിച്ച് വേണ്ടത്.”. ഹർഭജന്റെ വിമർശനം.

ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 6 വിക്കറ്റുകളുടെ പരാജയമാണ് നേരിട്ടത്. ഇതിന് ശേഷം അഹമ്മദാബാദിൽ ഫൈനലിനായി ഒരുക്കിയിരുന്ന പിച്ചിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഫൈനൽ മത്സരത്തിൽ പിച്ചിന്റെ സ്ലോ ആയതോടെ ബാറ്റർമാർക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്ലോ പിച്ചിൽ നന്നായി ബുദ്ധിമുട്ടുകയും, റൺസ് കണ്ടെത്താൻ വിഷമിക്കുകയും ചെയ്തു. ഇത് ഇന്ത്യയുടെ സ്കോർ കേവലം 240 റൺസിൽ ഒതുങ്ങാൻ കാരണമായിരുന്നു. ശേഷം മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ പിച്ച് അല്പം കൂടി ബാറ്റിംഗിന് അനുകൂലമാവുകയും ഓസ്ട്രേലിയ അനായാസം വിജയം കാണുകയുമാണ് ചെയ്തത്. ഇതിന് ശേഷമാണ് പിച്ചിനെ വിമർശിച്ചുകൊണ്ട് ഹർഭജൻ രംഗത്ത് എത്തിയിരിക്കുന്നത്.

“ഒരു സ്ലോവർ സൈഡിലുള്ള പിച്ച് ഫൈനലീനായി രൂപീകരിച്ചതായാണ് എനിക്ക് തോന്നിയത്. സാധാരണ പിച്ചുകളെക്കാൾ വരണ്ട രീതിയിലാണ് പിച്ച് ആദ്യം കാണപ്പെട്ടത്. ഫൈനൽ മത്സരത്തിൽ ഞാൻ കാണാൻ ആഗ്രഹിച്ചത് 300 റൺസിലധികം നേടാൻ സാധിക്കുന്ന പിച്ച് തന്നെയാണ്. ഒരുപക്ഷേ അങ്ങനെയൊരു പിച്ച് അഹമ്മദാബാദിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്ത്യക്ക് കാര്യങ്ങൾ കുറച്ചുകൂടി അനുകൂലമായനേ. നമ്മുടെ ബാറ്റർമാരൊക്കെയും ടൂർണമെന്റിലുടനീളം വളരെ മികച്ച ഫോമിലാണ് ഉണ്ടായിരുന്നത്. അവർ ടൂർണമെന്റിലുടനീളം അവിശ്വസനീയമായിരുന്നു. മാത്രമല്ല ഒരുപാട് അഭിമാനകരമായ പ്രകടനങ്ങളും കാഴ്ചവച്ചു. അവർ കളിച്ച രീതി വച്ച് നോക്കുകയാണെങ്കിൽ, കുറച്ചുകൂടി ബാറ്റിംഗിന് അനുകൂലമായ പിച്ച് അഹമ്മദാബാദിൽ ഉണ്ടാക്കാമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്.”- ഹർഭജൻ പറഞ്ഞു.

“കുറച്ചുകൂടി മെച്ചപ്പെട്ട പിച്ചായിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് മത്സരത്തിൽ തീർച്ചയായും വിജയിക്കാൻ സാധിച്ചേനെ. അതൊരു പ്രധാന കാര്യമായി തന്നെയാണ് ഞാൻ കരുതുന്നത്. മത്സരത്തിന് മുൻപ് എന്റെ സമയത്ത് കളിച്ചിരുന്ന കുറച്ച് ഓസ്ട്രേലിയൻ സുഹൃത്തുക്കളോട് ഞാൻ മത്സരത്തെപ്പറ്റി ചോദിച്ചിരുന്നു. എല്ലാവരും പറഞ്ഞത് ഇന്ത്യയാണ് മത്സരത്തിൽ വലിയ ടീം എന്നു തന്നെയാണ്.”

” അതുതന്നെയായിരുന്നു സത്യവും. എന്നാൽ മത്സരത്തിൽ ഓസ്ട്രേലിയ ഒരു കൃത്യമായ പ്ലാനോട് കൂടിയാണ് മൈതാനത്തെത്തിയത്. അത് വളരെ മികച്ച രീതിയിൽ പ്രായോഗികമാക്കാനും അവർക്ക് സാധിച്ചു. ഒരു അവിസ്മരണീയ ക്രിക്കറ്റ് തന്നെയാണ് ഓസ്ട്രേലിയ കളിച്ചത്.”- ഹർഭജൻ കൂട്ടിച്ചേർത്തു.

“ഒരുപക്ഷേ മത്സരത്തിലെ വിക്കറ്റ് കുറച്ചുകൂടി മെച്ചപ്പെട്ടതായിരുന്നുവെങ്കിൽ, ഒരുപക്ഷേ ബാറ്റിലേക്ക് ബോൾ അല്പം കൂടി മൃദുവായി വന്നിരുന്നുവെങ്കിൽ, ഇന്ത്യൻ ബാറ്റർമാർ കുറച്ചുകൂടി നന്നായി മത്സരം ആസ്വദിച്ചേനെ.”- ഹർഭജൻ സിംഗ് പറഞ്ഞുവെക്കുന്നു.

ഹർഭജന്റെ ഇതേ അഭിപ്രായം തന്നെയാണ് മുൻ താരങ്ങളായ ബ്രറ്റ് ലീ, റിക്കി പോണ്ടിംഗ്, വസീം അക്രം എന്നിവരും പങ്കുവെച്ചത്. എന്തൊക്കെയായാലും മത്സരത്തിലേറ്റ കനത്ത തിരിച്ചടി തന്നെയാണ് ഇത്തരം ഒരു പിച്ച് എന്ന് എല്ലാവരും അംഗീകരിക്കുന്നു.