“ഈ ഫീൽഡിങ് വയ്ച്ച് ഇന്ത്യ ലോകകപ്പ് നേടില്ല” . മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം.

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയെങ്കിലും ഇന്ത്യയെ അലട്ടുന്ന കുറച്ചധികം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ പ്രധാനപ്പെട്ടത് ഇന്ത്യൻ ടീം അംഗങ്ങളുടെ മോശം ഫീൽഡിങ് തന്നെയായിരുന്നു. മത്സരത്തിലുടനീളം വളരെ മോശം രീതിയിലാണ് ഇന്ത്യ ഫീൽഡിങ് തുടർന്നത്. നായകൻ കെഎൽ രാഹുൽ അടക്കമുള്ളവർ തുടർച്ചയായി ക്യാച്ചുകൾ കൈവിടുകയും, വിക്കറ്റുകൾ നേടാനുള്ള അവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്തു.

ലോകകപ്പിന് മുമ്പായുള്ള തയ്യാറെടുപ്പായാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ കളിക്കുന്നത്. അതിനാൽ തന്നെ ഇത്തരം പിഴവുകൾ ഇന്ത്യയെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മത്സരത്തിലെ ഇന്ത്യയുടെ മോശം ഫീൽഡിങ് പ്രകടനത്തെ വിമർശിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

ഇന്ത്യൻ ടീം അംഗങ്ങൾ ഇങ്ങനെ ക്യാച്ച് കൈവിടുകയാണെങ്കിൽ ലോകകപ്പ് തന്നെ നഷ്ടമാവും എന്നാണ് മുഹമ്മദ് കൈഫ് നൽകുന്ന മുന്നറിയിപ്പ്. ട്വിറ്ററിന്റെ പുതിയ രൂപമായ എക്സിലൂടെയാണ് കൈഫ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. “മുന്നറിയിപ്പ് : നന്നായി ക്യാച്ച് എടുക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് ലോകകപ്പ് തന്നെ നഷ്ടമായേക്കാം. ബാറ്റിംഗും ബോളിംഗും മാത്രം കൊണ്ട് ഒരു മത്സരം ജയിക്കാനാവില്ല. ലോകകപ്പ് നേടണമെങ്കിൽ ഇന്ത്യ ക്യാച്ച് പിടിക്കുക തന്നെ വേണം.”- മുഹമ്മദ് കൈഫ് കുറിക്കുന്നു.

വളരെ ദയനീയമായ ഫീൽഡിങ് പ്രകടനങ്ങളാണ് മോഹാലിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ കാഴ്ചവച്ചത്. വിക്കറ്റ് കീപ്പർ എന്ന നിലയിൽ കെഎൽ രാഹുലായിരുന്നു ഇതിൽ പ്രധാന പരാജയമായി മാറിയത്. നിസ്സാരമായ റണ്ണൗട്ടുകൾ പോലും കെഎൽ രാഹുലിന് സാധ്യമാക്കാൻ കഴിഞ്ഞില്ല. ഒരുപാട് അവസരങ്ങൾ ഈ താരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്തു. ഇങ്ങനെയാണ് ഓസ്ട്രേലിയ മത്സരത്തിൽ 276 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തിയത്. എന്നിരുന്നാലും ലോകകപ്പ് മത്സരങ്ങളിൽ ഇത്തരത്തിൽ മോശം ഫീൽഡിങ് പ്രകടനങ്ങൾ നടത്തിയാൽ ഇന്ത്യൻ ടീമിന് തിരിച്ചടിയുണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 277 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ ഋതുരാജും(71) ശുഭമാൻ ഗില്ലും(74) തകർപ്പൻ തുടക്കം നൽകുകയായിരുന്നു. ഒന്നാം വിക്കറ്റിൽ 142 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. ശേഷമെത്തിയ നായകൻ കെ എൽ രാഹുലും സൂര്യകുമാർ യാദവും മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യ മത്സരത്തിൽ 5 വിക്കറ്റുകൾക്ക് വിജയം നേടുകയാണ് ഉണ്ടായത്.

പ്രധാന താരങ്ങളെ പുറത്തിരുത്തി ഇറങ്ങിയ ഇന്ത്യയ്ക്ക് വളരെ ആശ്വാസം നൽകുന്ന വിജയം തന്നെയാണ് മത്സരത്തിൽ ഉണ്ടായത്.