2023 ഏകദിന ലോകകപ്പിൽ ഇതുവരെ വളരെ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ചവെച്ചിട്ടുള്ളത്. തങ്ങൾ നേരിട്ട എല്ലാ ടീമിനെയും പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് ഇതുവരെ സാധിച്ചിട്ടുണ്ട്. അതേപോലെ തന്നെയാണ് ന്യൂസിലാൻഡ് ടീമിന്റെ കാര്യവും. ഇതുവരെ 4 മത്സരങ്ങൾ ഈ ലോകകപ്പിൽ കളിച്ച ന്യൂസിലാൻഡ് 4 മത്സരങ്ങളിലും വിജയം കണ്ടു. മാത്രമല്ല ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയ്ക്ക് മേൽ കൃത്യമായി ആധിപത്യം സ്ഥാപിക്കാനും ന്യൂസിലാൻഡിന് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇത്തവണത്തെ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് വലിയ ഭീഷണി ഉയർത്തുന്ന ടീം ന്യൂസിലാൻഡാണ് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ന്യൂസിലാൻഡ് ഈ ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കില്ല എന്നാണ് ന്യൂസിലാൻഡ് താരം റോസ് ടെയിലർ പറയുന്നത്.
ഇന്ത്യൻ മണ്ണിൽ കിരീടം സ്വന്തമാക്കാൻ ഏറ്റവും സാധ്യത ഇന്ത്യൻ ടീമിൽ തന്നെയാണ് എന്നാണ് ടെയിലറുടെ അഭിപ്രായം. “സ്വന്തം തട്ടകത്തിൽ കളിക്കുമ്പോൾ ഇന്ത്യ വേറെ ലെവൽ ടീമാണ്. അവർക്ക് കൂടുതൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കുന്നു. 2023 ഏകദിന ലോകകപ്പിൽ മികച്ച രീതിയിൽ ആരംഭിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യ തന്നെയാണ് ലോകകപ്പ് ഉയർത്താൻ ഏറ്റവും സാധ്യതയുള്ള ടീം. ന്യൂസിലാൻഡിനെതിരായ ആദ്യ റൗണ്ടിലെ മത്സരഫലം എന്തായാലും ഇന്ത്യയെ ബാധിക്കില്ല. പക്ഷേ അവർ ലോകകപ്പ് ഉയർത്തും എന്നാണ് ഞാൻ കരുതുന്നത്.”- ടെയിലർ പറയുന്നു.
ഇന്ത്യയുടെ ടീം ഘടന വിശകലനം ചെയ്താണ് റോസ് ടെയിലർ സംസാരിച്ചത്. “ഇന്ത്യയുടെ പ്രധാന പേസറായ ജസ്പ്രീറ്റ് ബുമ്ര ആക്രമണത്തിന് നല്ല രീതിയിൽ നേതൃത്വം നൽകുന്നുണ്ട്. ഇന്ത്യയുടെ പേസ് നിര നന്നായി മുന്നോട്ടു പോകുന്നു. രവീന്ദ്ര ജഡേജയും കുൽദീപ് യാദവുമാണ് സ്പിൻ വിഭാഗത്തിലുള്ളത്. അവരും നന്നായി പന്തറിയുന്നു. ഇന്ത്യയുടെ മുൻനിരയിലുള്ള ബാറ്റർമാർ ഇതുവരെ വെടിക്കെട്ട് പ്രകടനം തന്നെയാണ് കാഴ്ചവെച്ചിട്ടുള്ളത്.”- ടെയിലർ കൂട്ടിച്ചേർക്കുന്നു. ഇതുവരെയുള്ള ഇന്ത്യയുടെ പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ ടെയിലർ പറഞ്ഞത് അന്വർത്വമാകാനാണ് സാധ്യത. എന്നിരുന്നാലും സൗത്ത് ആഫ്രിക്കയും ന്യൂസിലാൻഡുമടക്കമുള്ള ടീമുകൾ വരും മത്സരങ്ങളിൽ കൂടുതൽ ശക്തമായ പ്രകടനങ്ങൾ പുറത്തെടുക്കും എന്ന കാര്യം ഉറപ്പാണ്.
നിലവിൽ ഇന്ത്യൻ ടീമിനെ ബാധിക്കുന്ന ഒരു പ്രധാന കാര്യം താരങ്ങളുടെ പരിക്കാണ്. ആദ്യ മത്സരങ്ങൾക്ക് ശേഷം ഇന്ത്യൻ നിരയിലെ ഒന്നിലേറെ താരങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ ഹർദിക് പാണ്ട്യയാണ് പരിക്കുമൂലം ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. ഇന്ത്യൻ ടീമിന്റെ സന്തുലിതാവസ്ഥയിൽ പ്രധാന പങ്കാണ് പാണ്ട്യ വഹിച്ചിരുന്നത്. പാണ്ട്യയ്ക്ക് ന്യൂസിലാൻഡിനെതിരായ മത്സരം നഷ്ടമാവും. എന്നിരുന്നാലും വരും മത്സരങ്ങളിൽ പാണ്ട്യ ടീമിന്റെ ശക്തിയായി തിരികെയെത്തുമെന്നാണ് പ്രതീക്ഷ.