അവന് പരിക്ക് പറ്റിയാൽ ഇന്ത്യയ്ക്ക് ലോകകപ്പ് നഷ്ടമാകും. ഇന്ത്യ സൂക്ഷിക്കണം. കപിലിന്റെ ഉപദേശം.

സമീപകാലത്ത് ഇന്ത്യൻ ടീമിനെ വലിയ രീതിയിൽ ബാധിച്ച ഒന്നാണ് താരങ്ങളുടെ പരിക്ക്. പല മുൻനിര താരങ്ങളും പരിക്കുമൂലം ടീമിൽ നിന്ന് ഏറെക്കാലം മാറിനിൽക്കുന്ന സാഹചര്യമുണ്ട്. 2023ൽ 50 ഓവർ ലോകകപ്പ് നടക്കാനിരിക്കുമ്പോഴും ഇത്തരത്തിൽ പരിക്കുകൾ ഇന്ത്യയെ ബാധിക്കുന്നുണ്ട്. ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ജസ്പ്രീത് ബുംറ, റിഷാഭ് പന്ത് തുടങ്ങിയ കളിക്കാരുടെ പരിക്ക് മാനേജ്മെന്റിനെ വിലയ രീതിയിൽ അലട്ടുന്നു. ഈ താരങ്ങളൊക്കെയും പരിക്കിൽ നിന്ന് കരകയറാത്ത പക്ഷം ടീം കോമ്പിനേഷനുകൾ എല്ലായിപ്പോഴും മാറ്റിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ സൂപ്പർ താരങ്ങളായ ഇവരൊക്കെയും പരിക്കിന്റെ പിടിയിലായത് ലോകകപ്പിനെ ബാധിക്കുമോ എന്ന സംശയം ആരാധകർക്കിടയിൽ പോലുമുണ്ട്. ഇതിനെപ്പറ്റി ആശങ്ക പങ്കുവയ്ക്കുകയാണ് 1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയ ക്യാപ്റ്റൻ കപിൽ ദേവ്.

ഓൾറൗണ്ടർ ഹർദിക്ക് പാണ്ട്യയുടെ കാര്യമാണ് തന്നെ ഏറ്റവുമധികം അലട്ടുന്നത് എന്നായിരുന്നു കപിൽ ദേവ് പറഞ്ഞത്. പലപ്പോഴും ഹാർദിക്കിന് സ്ഥിരമായി പരിക്കുകൾ സംഭവിക്കുന്നു. ഒരു ബാറ്റിംഗ് ഓൾറൗണ്ടറായതിനാൽ തന്നെ ടീമിൽ ഒരുപാട് ഇമ്പാക്ട് ഉണ്ടാക്കിയ കളിക്കാരനാണ് ഹർദിക് പാണ്ട്യ. പാണ്ട്യയ്ക്ക് സ്ഥിരമായി ഇത്തരത്തിൽ പരിക്ക് സംഭവിക്കുന്നതിനാൽ തന്നെ ഇന്ത്യൻ ടീമിന്റെ കോമ്പിനേഷനെ അത് വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. 2023 ലോകകപ്പിലും പാണ്ട്യയ്ക്ക് പരിക്കേൽക്കുകയാണെങ്കിൽ അത് ഇന്ത്യയെ മോശമായി ബാധിക്കും എന്നാണ് കപിൽ ദേവ് പറയുന്നത്. അതിനാൽ പാണ്ട്യയെ കൈകാര്യം ചെയ്യുന്ന രീതി ഇന്ത്യ കുറച്ചുകൂടി ശ്രദ്ധിക്കണം എന്നാണ് കപിലിന്റെ പക്ഷം.

“പരിക്കുകൾ എന്നത് ഓരോ കായികതാരത്തിന്റെയും ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. എല്ലാവരുടെയും പരിക്കുകളുടെ സ്ഥിതി മെച്ചപ്പെടും എന്നാണ് ഞാൻ കരുതുന്നത്. ലോകകപ്പിൽ എനിക്ക് വലിയ ഭയം ഉണ്ടാക്കുന്നത് ഹർദിക് പാണ്ട്യയാണ്. അയാൾക്ക് എല്ലായിപ്പോഴും പെട്ടെന്ന് പരിക്കേൽക്കാറുണ്ട്. നിലവിലെ കളിക്കാരൊക്കെയും കൃത്യമായി ഫിറ്റ്നസ് പുലർത്തുകയാണെങ്കിൽ ഇന്ത്യയ്ക്ക് ലോകകപ്പ് നേടാൻ സാധിക്കും. മികച്ച ഒരു ടീമിനെ മൈതാനത്തിറക്കി മികച്ച രീതിയിൽ കളിക്കാനും സാധിക്കും.”- കപിൽ ഒരു പ്രമുഖ വാർത്താ മാധ്യമത്തോട് പറഞ്ഞു.

ഒക്ടോബർ അഞ്ചിനാണ് ഇന്ത്യയിൽ 50 ഓവർ ലോകകപ്പ് തുടങ്ങുന്നത്. നവംബർ 19 വരെയാണ് ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. ധർമ്മശാല, ഡൽഹി, കൊൽക്കത്ത, ലക്നൗ, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, പൂനെ, ബാംഗ്ലൂർ തുടങ്ങി 10 മൈതാനങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എന്തായാലും ഐസിസി സമയക്രമം പ്രഖ്യാപിച്ചതിനു പിന്നാലെ വലിയ രീതിയിലുള്ള പ്രതീക്ഷകളും ഉടലെടുത്തിട്ടുണ്ട്. അവസാനമായി ഇന്ത്യൻ മണ്ണിൽ 50 ഓവർ ലോകകപ്പ് എത്തിയപ്പോൾ ഇന്ത്യ തന്നെയായിരുന്നു ചാമ്പ്യന്മാർ.

Previous articleസൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തുന്നു. ശ്രേയസ്സ് അയ്യരുടെ കാര്യം അനിശ്ചിതം
Next articleഇന്ത്യ അവനെ എന്തുകൊണ്ട് നായകസ്ഥാനത്ത് പരിഗണിക്കുന്നില്ല? ഓൾറൗണ്ടറെ ചൂണ്ടിക്കാട്ടി സാബാ കരീം.