ഓസ്ട്രേലിയയിൽ ആ താരത്തിന്റ അഭാവം ഇന്ത്യയെ ബാധിക്കും. എംഎസ്കെ പ്രസാദിന്‍റെ മുന്നറിയിപ്പ്.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിൽ ചെതേശ്വർ പൂജാരയുടെ അഭാവം നന്നായി പ്രതിഫലിക്കുമെന്ന് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പര നവംബർ 22നാണ് ആരംഭിക്കുന്നത്.

ഇതിന് മുന്നോടിയായി ഇന്ത്യ പരമ്പരയ്ക്കുള്ള തങ്ങളുടെ സ്‌ക്വാഡിനെ പ്രഖ്യാപിക്കുകയുണ്ടാ യി. രോഹിത് ശർമ, വിരാട് കോഹ്ലി, കെഎൽ രാഹുൽ എന്നിവരല്ലാതെ മറ്റൊരു അനുഭവസമ്പത്തുള്ള ബാറ്ററെ ടീമിൽ ഉൾപ്പെടുത്താൻ ഇന്ത്യ തയ്യാറായില്ല. ഇതിനെ ചോദ്യം ചെയ്താണ് എംഎസ്കെ പ്രസാദ് രംഗത്ത് എത്തിയത്. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും എന്തുകൊണ്ടാണ് ഇന്ത്യ പൂജാരയെ പരമ്പരയിൽ ഉൾപ്പെടുത്താതിരുന്നത് എന്ന് പ്രസാദ് ചോദിക്കുന്നു.

പൂജാരയുടെ പരിചയസമ്പന്നതയും ടെസ്റ്റ് മത്സരങ്ങളിലുള്ള പ്രതിഭയും ഓസ്ട്രേലിയൻ സാഹചര്യത്തിൽ ഇന്ത്യയെ രക്ഷിച്ചേനെ എന്നാണ് പ്രസാദ് കരുതുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പൂജര തന്റെ രഞ്ജി ട്രോഫിയിലെ ഒമ്പതാമത്തെ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയത്. ഛത്തീസ്ഗഡിനെതിരെ നടന്ന മത്സരത്തിൽ ആയിരുന്നു പൂജാരയുടെ തകർപ്പൻ ഇരട്ട സെഞ്ച്വറി.

ഇതിന് ശേഷം ഓസ്ട്രേലിയൻ മണ്ണിലെ പൂജാരയുടെ റെക്കോർഡുകൾ ചൂണ്ടിക്കാട്ടിയാണ് പ്രസാദ് രംഗത്ത് എത്തിയിരിക്കുന്നത്. നിതീഷ് റെഡ്ഢിയെ പോലെയുള്ള താരങ്ങളെ ഓസ്ട്രേലിയൻ പര്യടനത്തിന് തിരഞ്ഞെടുക്കുന്നതിന് മുൻപ് പൂജാരയെപ്പറ്റി ഇന്ത്യ ആലോചിക്കേണ്ടിയിരുന്നു എന്നാണ് പ്രസാദ് കരുതുന്നത്.

“പൂജാര രഞ്ജി ട്രോഫിയിൽ തന്റെ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയിട്ട് കുറച്ചുസമയം മാത്രമേ ആയിട്ടുള്ളൂ. അതുകൊണ്ടു തന്നെ ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ ഇന്ത്യയ്ക്ക് അവന്റെ അനുഭവ സമ്പത്തും ടെസ്റ്റ് മത്സരത്തിന് ആവശ്യമായ പ്രതിഭയും ഗുണം ചെയ്തേനെ. ഇന്ത്യ നിതീഷ് റെഡിയെ അടക്കം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ ഒരു മത്സരത്തിനായെങ്കിലും സെലക്ടർമാർ കാത്തിരിക്കേണ്ടിയിരുന്നു. അവിടെ നിന്ന് മികച്ച താരങ്ങളെ കണ്ടെത്തണമായിരുന്നു.”- പ്രസാദ് കൂട്ടിച്ചേർക്കുന്നു.

2018-19 ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് പൂജാര. പരമ്പരയിൽ ഇന്ത്യ 2-1 എന്ന നിലയിൽ വിജയം സ്വന്തമാക്കിയപ്പോൾ പൂജാരയായിരുന്നു പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

7 ഇന്നിംഗ്സുകളിൽ നിന്ന് 521 റൺസായിരുന്നു പരമ്പരയിൽ പൂജാര സ്വന്തമാക്കിയത്. 3 സെഞ്ച്വറികളും ഒരു അർധസെഞ്ച്വറിയും പൂജാര പരമ്പരയിൽ സ്വന്തമാക്കി. 74.42 എന്ന ഉയർന്ന ശരാശരിയിലാണ് പൂജാര ഓസ്ട്രേലിയയിൽ മികവ് പുലർത്തിയത്. അതിനാൽ തന്നെ ഇത്തവണത്തെ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ പൂജാരയുടെ നഷ്ടം ഇന്ത്യയെ ബാധിക്കും എന്ന് ഉറപ്പാണ്.

Previous articleഒരു പരമ്പര മാത്രമേ തോറ്റിട്ടുള്ളു. വിമർശനങ്ങൾ ഓവർ ആകരുതെന്ന് രോഹിത് ശർമ.
Next articleഇന്ത്യയുടെ തകർച്ച തുടങ്ങിയത് ആ തീരുമാനം മുതൽ, ടീമിൽ പൊട്ടിത്തെറി ഉണ്ടാവും. മുൻ താരം പറയുന്നു.