2023 ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ അജയ്യരായി പ്രയാണം അവസാനിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. സെമിഫൈനലിൽ ശക്തരായ ന്യൂസിലാൻഡ് ടീമാണ് ഇന്ത്യയുടെ എതിരാളികൾ. ലീഗ് ഘട്ടത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ വിജയം കണ്ടിരുന്നു. അതിനാൽ തന്നെ സെമിഫൈനലിലും ഇന്ത്യയ്ക്ക് ന്യൂസിലാൻഡിനെ പരാജയപ്പെടുത്താൻ സാധിക്കും എന്നാണ് പ്രതീക്ഷ. 2019 ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ ന്യൂസിലാൻഡിനെതിരെയായിരുന്നു ഇന്ത്യ പരാജയമറിഞ്ഞത്. ഈ സമ്മർദ്ദം ഇത്തവണയും ഇന്ത്യക്കൊപ്പം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ്.
ഫൈനലിലും തങ്ങളുടെ പ്രക്രിയകളിൽ മാറ്റം വരുത്താൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല എന്നാണ് ദ്രാവിഡ് പറഞ്ഞത്. “സെമിഫൈനൽ മത്സരം കേവലം മറ്റൊരു മത്സരം മാത്രമാണെന്ന് പറയുന്നത് ആധികാരികമാണ് എന്നെനിക്ക് തോന്നുന്നില്ല. അത് അല്പം ആധികാരികമല്ലാത്ത കാര്യം തന്നെയാണ്. തീർച്ചയായും അതൊരു സെമിഫൈനൽ മത്സരമാണ്. പക്ഷേ എന്നിരുന്നാലും ഞങ്ങളുടെ പ്രക്രിയകളിൽ യാതൊരു മാറ്റവും വരാൻ പോകുന്നില്ല. മത്സരം വളരെ പ്രധാനപ്പെട്ടതാണ് എന്ന് ഞങ്ങൾ അംഗീകരിക്കുന്നു. ഇതൊരു നോകൗട്ട് മത്സരമാണ്. ആ സത്യം അംഗീകരിക്കുന്നത് കൊണ്ടുതന്നെ മത്സരത്തിൽ സമ്മർദമുണ്ടാകും.”- രാഹുൽ ദ്രാവിഡ് പറഞ്ഞു.
“എന്നാൽ ഇതുവരെ സമ്മർദ്ദങ്ങൾക്കെതിരെ ഞങ്ങൾ പ്രതികരിച്ച രീതി വെച്ചു നോക്കുകയാണെങ്കിൽ, അതൊരുപാട് ആത്മവിശ്വാസവും വിശ്വാസവും നൽകുന്നുണ്ട്. ഞങ്ങൾ തയ്യാറാകുന്ന രീതിയിലും, പരിശീലനം നടത്തുന്ന രീതിലും യാതൊരു മാറ്റങ്ങളും ആവശ്യമുണ്ട് എന്ന് ഞാൻ ചിന്തിക്കുന്നില്ല. ഞാൻ വളരെ ആത്മവിശ്വാസത്തിലാണ്. ടീമിന്റെ പൂർണമായുള്ള പോസിറ്റീവ് മനോഭാവവും ആവേശവുമൊക്കെ നല്ല ആത്മവിശ്വാസം നൽകുന്നുണ്ട്. ആളുകളുടെ മുൻപിൽ വച്ച് വലിയ പ്രകടനങ്ങൾ പുറത്തെടുക്കുക എന്നതിലാണ് ഞങ്ങൾ ശ്രദ്ധിക്കുന്നത്. ആ നിമിഷത്തിൽ തന്നെ പ്രകടനങ്ങൾ നടത്താൻ ശ്രമിക്കുന്നു. നന്നായി തന്ത്രങ്ങൾ ഉപയോഗിക്കുന്നു. തയ്യാറെടുപ്പുകൾ നടത്തുന്നു. നല്ല പ്രകടനങ്ങൾ പുറത്തെടുക്കുന്നു.”- ദ്രാവിഡ് കൂട്ടിച്ചേർത്തു.
ഒപ്പം നെതർലൻഡ്സിനെതിരായ മത്സരത്തിലെ ശ്രെയസ് അയ്യരുടെ പ്രകടനത്തെ പുകഴ്ത്തിയും ദ്രാവിഡ് സംസാരിക്കുകയുണ്ടായി. “ഞങ്ങളുടെ മധ്യനിരയുടെ നട്ടെല്ലാണ് ശ്രെയസ് അയ്യർ. കഴിഞ്ഞ പത്തുവർഷം ഞങ്ങൾ ഒരു മികച്ച നാലാം നമ്പർ ബാറ്ററേ കണ്ടെത്താൻ കുറെയധികം ബുദ്ധിമുട്ടിയിരുന്നു. അതിന് ഉത്തരമാണ് ശ്രേയസ് അയ്യർ.”- ദ്രാവിഡ് പറഞ്ഞു വയ്ക്കുന്നു. ബുധനാഴ്ചയാണ് ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ പോരാട്ടം നടക്കുന്നത്.