സെമിയിൽ ഇന്ത്യയെ എതിർ ടീം പരാജയപ്പെടുത്തും. കാരണം വിശദീകരിച്ച് മുൻ പാക് താരം.

നിലവിൽ 2023 ഏകദിന ലോകകപ്പിലെ ഏറ്റവും ശക്തമായ ടീമാണ് ഇന്ത്യ. ഇതുവരെ ഈ ലോകകപ്പിൽ 8 മത്സരങ്ങൾ കളിച്ച ഇന്ത്യ എല്ലാ മത്സരങ്ങളിലും വിജയം നേടിയിട്ടുണ്ട്. മാത്രമല്ല എല്ലാ മത്സരങ്ങളിലും വമ്പൻ വിജയങ്ങൾ തന്നെയാണ് ഇന്ത്യ നേടിയിരിക്കുന്നത്. ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളോട് കൃത്യമായ ആധിപത്യം പുലർത്തിയായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ഇതോടുകൂടി ഇന്ത്യ ഈ ലോകകപ്പിൽ കിരീടം നേടാനുള്ള സാധ്യതകൾ വർധിച്ചിരിക്കുകയാണ്. പക്ഷേ ഇന്ത്യ ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ പുറത്താവാനുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ നായകൻ മിസ്ബ ഉൾ ഹഖ് ഇപ്പോൾ.

ആദ്യ ഓവറുകളിൽ ഇന്ത്യൻ ബാറ്റർമാരെ സമ്മർദ്ദത്തിലാക്കിയാൽ മത്സരങ്ങളിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിക്കും എന്നാണ് മിസ്ബ പറഞ്ഞിരിക്കുന്നത്. “ഒരു കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്. ഗ്രൂപ്പ് ഘട്ടം പോലെയല്ല നോക്കൗട്ട് മത്സരങ്ങൾ. നോക്കൗട്ട് മത്സരങ്ങളിൽ ടൂർണമെന്റിലുള്ള ടീമുകളൊക്കെയും ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ശ്രമിക്കും.

നിലവിലെ ലോകകപ്പിന്റെ ഫേവറേറ്റുകൾ എന്ന നിലയിലും, ആതിഥേയർ എന്ന നിലയിലും ഇന്ത്യയ്ക്ക് വലിയ രീതിയിൽ സമ്മർദ്ദവും മത്സരത്തിലുണ്ടാവും. മത്സരത്തിന്റെ ആദ്യത്തെ 1-2 ഓവറുകളിൽ ഏതെങ്കിലും ടീം ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയാൽ അതവരെ ബാധിക്കും. അവരെ അങ്ങനെ പരാജയപ്പെടുത്താൻ സാധിക്കും. മറ്റു ടീമുകൾക്ക് മുൻപിലുള്ള വലിയ അവസരമാണിത്.”- മിസ്ബ പറയുന്നു.

നിലവിലെ ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ കരുത്ത് ടോപ്പ് ഓർഡർ ബാറ്റർമാരുടെ മികവാർന്ന പ്രകടനങ്ങളാണ്. രോഹിത് ശർമ മത്സരങ്ങളിൽ നൽകുന്ന കിടിലൻ തുടക്കങ്ങൾ മുതലാക്കാൻ വിരാട് കോഹ്ലി, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ തുടങ്ങിയ ബാറ്റർമാർക്ക് സാധിക്കുന്നുണ്ട്. പവർപ്ലേ ഓവറുകളിൽ എതിർ ടീമിന്മേൽ സമ്മർദ്ദം ചെലുത്തി രോഹിത് റൺസ് കണ്ടെത്തുമ്പോൾ, വിരാട് കോഹ്ലി തന്റേതായ ശൈലിയിൽ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കാറുള്ളത്. ടീമിലെ മറ്റു ബാറ്റർമാരുടെയും പ്രകടനത്തിൽ പ്രധാന പങ്കുവഹിക്കുന്നത് ഈ രണ്ടു താരങ്ങളുടെ പ്രകടനം തന്നെയാണ്.

എന്നിരുന്നാലും ഇരു ബാറ്റർമാരും ചെറിയ ഇടവേളയിൽ പുറത്തായാൽ ഇന്ത്യയ്ക്ക് വലിയ തിരിച്ചടി ലഭിക്കും എന്ന കാര്യത്തിൽ സംശയമില്ല. 2019 ലെ ഏകദിന ലോകകപ്പിലും രോഹിത് ശർമയ അടക്കമുള്ളവർ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാൽ സെമി ഫൈനലിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ ചീട്ടുകൊട്ടാരം പോലെ തകർന്നപ്പോൾ ഇന്ത്യ പരാജയം അറിയുകയായിരുന്നു. എന്നാൽ ഇനി അത്തരം ഒരു പിഴവുണ്ടാവാതെ ലോകകപ്പ് കിരീടം ചൂടാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നിരുന്നാലും മിസ്ബയുടെ ഈ പ്രതികരണം എതിർ ടീമുകൾക്ക് ഗുണം ചെയ്യും എന്ന് ഉറപ്പാണ്.

Previous article“കോഹ്ലി സെഞ്ച്വറിയ്ക്ക് വേണ്ടി മാത്രം കളിക്കുന്നു. പക്ഷേ രോഹിത് ടീമിനായി കളിക്കുന്നു”. വിവാദ പരാമർശവുമായി പാക്ക് താരം.
Next articleഎന്റെ കരിയറിൽ ഇത്ര മോശം ടീമിനെ കണ്ടിട്ടില്ല, അപമാനകരം. ബംഗ്ലാദേശിനെതിരെ ആഞ്ഞടിച്ച് മാത്യൂസ്