“കോഹ്ലി സെഞ്ച്വറിയ്ക്ക് വേണ്ടി മാത്രം കളിക്കുന്നു. പക്ഷേ രോഹിത് ടീമിനായി കളിക്കുന്നു”. വിവാദ പരാമർശവുമായി പാക്ക് താരം.

kohli and rohit

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഒരു ഉഗ്രൻ ഇന്നിങ്സാണ് വിരാട് കോഹ്ലി കാഴ്ചവെച്ചത്. മത്സരത്തിൽ 121 പന്തുകൾ നേരിട്ട കോഹ്ലി 101 റൺസ് സ്വന്തമാക്കുകയുണ്ടായി. തന്റെ ഏകദിന കരിയറിലെ 49ആം സെഞ്ചുറിയാണ് കോഹ്ലി മത്സരത്തിൽ നേടിയത്. ഈ സെഞ്ച്വറിയോടെ സച്ചിൻ ടെണ്ടുൽക്കറുടെ സെഞ്ച്വറി റെക്കോർഡിനൊപ്പം എത്താനും വിരാട് കോഹ്ലിക്ക് സാധിച്ചു. എന്നാൽ മത്സരത്തിലെ വിരാട് കോഹ്ലിയുടെ ബാറ്റിങ് മനോഭാവത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം മുഹമ്മദ് ഹഫീസ്. കോഹ്ലി മത്സരത്തിൽ വളരെ സ്വാർത്ഥമായ ഒരിന്നിങ്സാണ് കളിച്ചത് എന്ന് ഹഫീസ് പറഞ്ഞു.

അതേസമയം രോഹിത് ശർമ തെല്ലും സ്വാർത്ഥതയില്ലാതെയാണ് ഇന്ത്യക്കായി കളിക്കുന്നത് എന്നും ഹഫീസ് പറയുകയുണ്ടായി. ” കോഹ്ലിയുടെ സ്വാർത്ഥതയാർന്ന മനോഭാവം ഞാൻ ശ്രദ്ധിച്ചിരുന്നു. ഈ ലോകകപ്പിൽ ഇതാദ്യമായല്ല വിരാട് കോഹ്ലിയിൽ നിന്ന് ഇത്ര സ്വാർത്ഥമായ ഇന്നിംഗ്സ് കാണുന്നത്. മത്സരത്തിന്റെ 49ആം ഓവറിൽ എങ്ങനെയെങ്കിലും സിംഗിൾ നേടി തന്റെ വ്യക്തിഗത സെഞ്ച്വറി പൂർത്തീകരിക്കണം എന്നത് മാത്രമേ കോഹ്ലിയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ടീമിന്റെ ആവശ്യം കോഹ്ലി കണക്കിലെടുത്തില്ല. രോഹിത്തിനും ഇതുപോലെ സ്വാർത്ഥമായി കളിക്കാനുള്ള അവസരമുണ്ട്. പക്ഷേ രോഹിത് അത് ചെയ്യാറില്ല. കാരണം രോഹിത് എല്ലായിപ്പോഴും ടീമിനു വേണ്ടിയാണ് കളിക്കുന്നത്. അയാളുടെ വ്യക്തിഗത നേട്ടത്തിന് വേണ്ടിയല്ല. “- ഹഫീസ് പറഞ്ഞു.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

എന്നാൽ ഹഫീസിന്‍റെ ഈ പരാമർശത്തിനെതിരെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നിട്ടുള്ളത്. മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ് ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. “വിരാട് കോഹ്ലി സ്വാർത്ഥനാണെന്നും തന്റെ വ്യക്തിപരമായ നാഴികക്കല്ലുകൾ മാത്രമാണ് കണക്കിലെടുക്കുന്നത് എന്നുമുള്ള തമാശ നിറഞ്ഞ പ്രസ്താവന ഞാൻ കേട്ടിരുന്നു. അതെ, കോഹ്ലി സ്വാർത്ഥനാണ്. ഇന്ത്യയിലുള്ള മുഴുവൻ ക്രിക്കറ്റ് ആരാധകർക്കും വേണ്ടി അയാൾ സ്വാർത്ഥപരമായി കളിക്കുന്നു. ടീമിനായി കൂടുതൽ നേടാനായി അയാൾ സ്വാർത്ഥമായി കളിക്കുന്നു. പുതു ചരിത്രങ്ങൾ രചിക്കാനായി സ്വാർത്ഥമായി കളിക്കുന്നു. തന്റെ ടീം വിജയിച്ചു എന്ന് ഉറപ്പുവരുത്താൻ അയാൾ സ്വാർത്ഥമായി കളിക്കുന്നു. അതേ കോഹ്ലി സ്വാർത്ഥനാണ്.”- വെങ്കിടേഷ് പ്രസാദ് കുറിച്ചു.

മത്സരത്തിൽ കോഹ്ലിയുടെ ഇന്നിംഗ്സ് വളരെ മികച്ചത് തന്നെയായിരുന്നു. ബാറ്റിംഗിന് അത്ര അനുകൂലമല്ലാത്ത പിച്ചിൽ വളരെ ക്ഷമയോടെ തന്നെയായിരുന്നു വിരാട് കോഹ്ലി കളിച്ചത്. മത്സരത്തിൽ 67 പന്തുകളിൽ നിന്നായിരുന്നു കോഹ്ലി തന്റെ അർദ്ധസെഞ്ച്വറി പൂർത്തീകരിച്ചത്. ശേഷം 119 പന്തുകളിൽ നിന്ന് തന്നെ സെഞ്ച്വറി പൂർത്തീകരിക്കാനും കോഹ്ലിയ്ക്ക് സാധിച്ചു. ഇന്ത്യയെ 326 എന്ന ശക്തമായ ഒരു സ്കോറിൽ എത്തിച്ചാണ് കോഹ്ലി മൈതാനം വിട്ടത്. മത്സരത്തിൽ ഇന്ത്യ 243 റൺസിന്റെ വിജയവും സ്വന്തമാക്കിയിരുന്നു.

Scroll to Top