1983ലായിരുന്നു ഇന്ത്യൻ ടീം ആദ്യമായി ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. അന്ന് കപിൽ ദേവിന്റെ നേതൃത്വത്തിൽ ശക്തരായ വിൻഡീസ് ടീമിനെ പരാജയപ്പെടുത്തിയിരുന്നു ഇന്ത്യ ചരിത്രം കുറിച്ചത്. ടൂർണമെന്റിലുടനീളം ഏറ്റവും ശക്തരായ ടീം തന്നെയായിരുന്നു വെസ്റ്റിൻഡീസ്. അതിനാൽ തന്നെ ഫൈനലിൽ വെസ്റ്റിൻഡീസ് ഇന്ത്യയെ പരാജയപ്പെടുത്തും എന്നതായിരുന്നു എല്ലാവരുടെയും ധാരണ. പക്ഷേ അതിശക്തമായ തിരിച്ചുവരവ് നടത്തി കപിൽ ദേവിന്റെ നേതൃത്വത്തിൽ കിരീടം ചൂടാൻ ഇന്ത്യക്ക് സാധിച്ചു. എന്നാൽ 1983ലെ ലോകകപ്പിൽ ഇന്ത്യ കിരീടം സ്വന്തമാക്കിയത് കേവലം ഭാഗ്യം കൊണ്ടുമാത്രമാണ് എന്നാണ് വെസ്റ്റിൻഡീസിന്റെ ഇതിഹാസ ഫാസ്റ്റ് ബോളർ ആന്റി റോബർട്ട്സ് ഇപ്പോൾ പറയുന്നത്.
1983ലെ ടൂർണമെന്റിൽ ലീഗ് സ്റ്റേജിലെ ആദ്യ മത്സരത്തിലും ഇന്ത്യ വെസ്റ്റിൻഡീസിനെ പരാജയപ്പെടുത്തിയിരുന്നു. ശേഷം ഫൈനലിൽ ഇന്ത്യ 183 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഇതോടെ വിൻഡീസ് വിജയിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ മികച്ച ബോളിംഗ് പ്രകടനത്തോടെ ഇന്ത്യ ആ സ്കോർ പ്രതിരോധിച്ചു. എന്നാൽ ആ ടൂർണമെന്റിലെ ഏറ്റവും ശക്തരായ ടീം വെസ്റ്റിൻഡീസ് തന്നെയാണ് എന്നാണ് റോബർട്ട്സിന്റെ അഭിപ്രായം. “അതെ, ഞങ്ങൾ ഇന്ത്യക്കെതിരെ ആ മത്സരത്തിൽ പരാജയപ്പെട്ടു. അത് അന്ന് സംഭവിച്ചതാണ്. നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ ക്രിക്കറ്റ് ഒരു അത്ഭുതങ്ങളുടെ മത്സരമാണ്. നമ്മൾ കുറച്ചു മത്സരങ്ങളിൽ വിജയിക്കും, കുറച്ചു മത്സരങ്ങളിൽ പരാജയപ്പെടും. ഞങ്ങൾ എല്ലായ്പ്പോഴും പരാജയം നേരിടാൻ തയ്യാറായിരുന്നു. എന്നിരുന്നാലും ആ ടൂർണമെന്റിൽ പല വലിയ ടീമുകളും ഞങ്ങളെ പരാജയപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇന്ത്യയ്ക്കത് സാധിച്ചു.”- റോബർട്ട്സ് പറയുന്നു.
“മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് ഇന്നിങ്സിൽ ഞങ്ങൾ അവരെ പൂർണമായും തകർത്തെറിയുകയുണ്ടായി. ആളുകൾ പലപ്പോഴും ക്രിക്കറ്റിനെ ഭാഗ്യത്തിന്റെ മത്സരമായല്ലാ കാണുന്നത്. 1983 വരെ ഞങ്ങൾ ഒരു ലോകകപ്പ് മത്സരത്തിൽ പോലും പരാജയമറിഞ്ഞിരുന്നില്ല. എന്നാൽ 1983ൽ ഞങ്ങൾ രണ്ടുതവണ പരാജയപ്പെട്ടു. 1975 മുതൽ 83 വരെയുള്ള ചരിത്രം പരിശോധിക്കുകയാണെങ്കിൽ ലോകകപ്പിൽ ഞങ്ങൾ രണ്ടുതവണ മാത്രമാണ് പരാജയമറിഞ്ഞത്. അത് രണ്ടും ഇന്ത്യക്കെതിരെയായിരുന്നു.”- റോബർട്ട്സ് കൂട്ടിച്ചേർക്കുന്നു.
“ഫൈനലിൽ ഞങ്ങൾ വളരെ നല്ല ഫോമിൽ തന്നെയായിരുന്നു. പക്ഷേ അത് ഞങ്ങളെ സംബന്ധിച്ച് ഒരു മോശം മത്സരം ആയിരുന്നു. 1983ല്‍ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തത് ഭാഗ്യമാണ്. മികച്ച ടീമായിരുന്നിട്ടുകൂടി ഞങ്ങൾ രണ്ടുതവണ ഇന്ത്യക്കെതിരെ പരാജയപ്പെട്ടു. ആറുമാസങ്ങൾക്ക് ശേഷം വീണ്ടും ഞങ്ങൾ ഇന്ത്യക്കെതിരെ കളിച്ചിരുന്നു. അന്ന് 6-0ന് ഇന്ത്യയെ പരാജയപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചു. അതുകൊണ്ടുതന്നെയാണ് ഞാൻ പറയുന്നത്, 1983ൽ ഇന്ത്യയെ രക്ഷിച്ചത് ഭാഗ്യമാണ് എന്ന്. അതോടൊപ്പം ഞങ്ങളുടെ അമിത ആത്മവിശ്വാസവും ഇന്ത്യയ്ക്ക് രക്ഷയായി.”- റോബർട്ട്സ് പറഞ്ഞുവയ്ക്കുന്നു.