ഐസിസി ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടില്‍ സിംബാബ്വെക്കെതിരെ വിജയവുമായി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെ 17.2 ഓവറില്‍ 115 ല്‍ എല്ലാവരും പുറത്തായി. 71 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്.
വിജയത്തോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായ ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടും. നവംബര്‍ 10 ന് അഡലെയ്ഡിലാണ് മത്സരം. ആദ്യ സെമിയില്‍ പാക്കിസ്ഥാന്‍ ന്യൂസിലന്‍റിനെ നേരിടും.
വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വെക്ക് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ മധ്വരേയുടെ വിക്കറ്റ് നഷ്ടമായി. ഭുവനേശ്വര്‍ കുമാറിനായിരുന്നു വിക്കറ്റ്. പിന്നാലെ അടുത്ത ഓവറില്‍ അര്‍ഷദീപ് സിങ്ങ് വിക്കറ്റ് വീഴ്ത്തി.
പവര്‍പ്ലേക്ക് ശേഷം ഷമിയുടേയും ഹര്‍ദ്ദിക്കിന്‍റെ ഊഴമായിരുന്നു. ഇരുവരും വിക്കറ്റുകള്‍ പിഴുതതോടേ സിംബാബ്വെ 36 ന് 5 എന്ന നിലയിലായി. സ്പിന്നര്‍മാര്‍ എത്തിയതോടെ റണ്‍സ് ധാരാളം ഒഴുകി.
സിക്കന്ദര്‍ റാസയും റയാന്‍ ബേളും മനോഹരമായി സ്പിനിന്നെ നേരിട്ടു. എന്നാല്‍ അശ്വിനെ വമ്പന്നടിക്കുള്ള ശ്രമത്തില്‍ റയാന്‍ ബേളിന്‍റെ (35) വിക്കറ്റ് വീണു. പിന്നാലെ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ സിംബാബ്വെയുടെ പോരാട്ടം അവസാനിച്ചു. സിക്കന്ദര്‍ റാസ 34 റണ്‍സ് നേടി.
ഇന്ത്യക്കായി അശ്വിന്‍ 3 ഉം ഷമി, ഹര്‍ദ്ദിക്ക് പാണ്ട്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്ങ് , അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, സൂര്യകുമാർ യാദിന്റെയും (25 പന്തിൽ 61*) ഓപ്പണർ കെ.എൽ.രാഹുലിന്റെയും (35 പന്തിൽ 51) അർധസെഞ്ചറിയുടെ മികവിൽ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. രണ്ടാം പകുതിയിൽ തകർപ്പനടിയുമായി കളംനിറഞ്ഞ സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങാണ് ഇന്ത്യൻ ഇന്നിങ്സിനെ മികച്ച നിലയില്‍ എത്തിച്ചത്. വെറും 25 പന്തിൽ നാല് സിക്റുകളുടെയും ആറു ഫോറുകളുടെയും അകമ്പടിയോടെയാണ് സൂര്യ 61 റൺസെടുത്തത്.