വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 157-7, ഇന്ത്യ 162/4 . പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച്ച നടക്കും
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി മികച്ച തുടക്കമാണ് രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷാനും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 45 പന്തില്‍ 64 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇഷാന്‍ കിഷന്‍ വിക്കറ്റ് കാത്ത് സൂക്ഷിച്ചപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കായിരുന്നു ആക്രമണ ചുമതല. രോഹിത് ശര്‍മ്മയുടെ ബാറ്റില്‍ നിന്നും അനായാസം ബൗണ്ടറികളും സിക്സുകളും വന്നുകൊണ്ടിരുന്നു. 19 പന്തില്‍ 40 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ മറ്റൊരു സിക്സ് ശ്രമത്തിനിടെ ബൗണ്ടറികരികില്‍ പിടി വീണു.
റോസ്റ്റണ്‍ ചേസിനെതിരെ ബാറ്റ് ചെയ്യാന്‍ വിഷമിച്ച ഇഷാന്‍ കിഷന്‍, വമ്പന്‍ ഷോട്ട് അടിക്കാനുള്ള ശ്രമത്തിനിടെ ഫാബിയന്‍ അലന്‍റെ കൈകളില്‍ എത്തി. 42 പന്തില്‍ 4 ഫോര്‍ ഉള്‍പ്പെടെ 35 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്. തൊട്ടു പിന്നാലെ വീരട് കോഹ്ലിയും (17) റിഷഭ് പന്തും (8) മടങ്ങിയതോടെ 114 ന് 4 എന്ന നിലയിലായി. എന്നാല്‍ സൂര്യകുമാര്‍ യാദവും വെങ്കടേഷ് അയ്യരും ചേര്‍ന്ന് ഇന്ത്യയെ വിജയത്തില്‍ എത്തിച്ചു. ഇരുവരും ചേര്‍ന്ന് 26 പന്തില്‍ 48 റണ്‍സ് കൂട്ടിചേര്‍ത്തു. 18 പന്തില്‍ 5 ഫോറും 1 സിക്സുമായി 34 റണ്‍സ് സൂര്യകുമാര്‍ യാദവ് നേടി. ഫിനിഷിങ്ങ് സിക്സും 2 ഫോറുമായി 13 പന്തില്‍ 24 റണ്‍സ് വെങ്കടേഷ് അയ്യര്‍ നേടി.
നേരത്തെ ടോസ് നേടിയ രോഹിത് ശര്‍മ്മ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍റെ തീരുമാനം ശരിവച്ച് ഭുവനേശ്വര്‍ കുമാര്‍ ബ്രാണ്ടന്‍ കിങ്ങനെ (4) പുറത്താക്കി മികച്ച തുടക്കം നല്‍കി. എന്നാല്‍ വിക്കറ്റ് വീണെങ്കിലും വിന്‍ഡീസ് ബാറ്റില്‍ നിന്നും ബൗണ്ടറികള്‍ നിലച്ചില്ലാ. കെയ്ല്‍ മയേഴ്സും നിക്കോളസ് പൂരനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 36 പന്തില്‍ 47 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ ലെഗ് സ്പിന്‍ ജോഡിയായ രവി ബിഷ്ണോയി – ചഹല്‍ എന്നിവര്‍ എത്തിയതോടെ വിന്‍ഡീസ് റണ്‍ നിരക്ക് കുറഞ്ഞു. 24 പന്തിൽ നിന്ന് ഏഴ് ഫോറുകളടക്കം 31 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന മയേഴ്സിനെ ഏഴാം ഓവറിൽ യുസ്വേന്ദ്ര ചാഹൽ മടക്കി. തൊട്ടു പിന്നാലെ അരങ്ങേറ്റ മത്സരം കളിക്കുന്ന രവി ബിഷ്ണോയി റോസ്റ്റൺ ചേസ് (4), റോവ്മാൻ പവൽ (2) എന്നിവരെ മടക്കി. ബാറ്റിംഗില്‍ സ്ഥാന കയറ്റം കിട്ടിയ അകീൽ ഹുസൈനെ (10) 14-ാം ഓവറിൽ ദീപക് ചാഹർ സ്വന്തം ബൗളിങ്ങിൽ ക്യാച്ചെടുത്ത് പുറത്താക്കി.
90 ന് 5 എന്ന നിലയില്‍ നിന്നും നിക്കോളസ് പൂരന്‍ – കീറോണ്‍ പൊള്ളാര്‍ഡ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് 25 പന്തില്‍ 45 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കി. 43 പന്തില്‍ 4 ഫോറും 5 സിക്സും അടക്കം 61 റണ്‍സ് നേടിയ നിക്കോളസ് പൂരനെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി. പൊള്ളാർഡ് 19 പന്തിൽ നിന്ന് 24 റൺസോടെ പുറത്താകാതെ നിന്നു. ഒഡീയന്‍ സ്മിത്ത് (4) അവസാന പന്തില്‍ പുറത്തായി. അവസാന 5 ഓവറില്‍ 61 റണ്‍സാണ് വിന്‍ഡീസ് കൂട്ടിചേര്‍ത്തത്.
ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേലും രവി ബിഷ്ണോയും രണ്ട് വിക്കറ്റ് വീതം നേടി. ഭുവനേശ്വര്‍ കുമാര്‍, ദീപക്ക് ചഹര്‍, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.