ശ്രീലങ്കകെതിരെയുള്ള രണ്ടാം ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി. ലങ്ക ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്. 16 റണ്‍സിന്‍റെ വിജയത്തോടെ ശ്രീലങ്ക പരമ്പരയില്‍ ഒപ്പമെത്തി.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേക്കുള്ളില്‍ തന്നെ ഇന്ത്യയുടെ 4 വിക്കറ്റുകള്‍ നഷ്ടമായി. ഇഷാന്‍ കിഷന്‍ (2) ശുഭ്മാന്‍ ഗില്‍ (5) രാഹുല്‍ ത്രിപാഠി (5) ഹര്‍ദ്ദിക്ക് പാണ്ട്യ (12) എന്നിവരെ നഷ്ടമായതോടെ 34 ന് 4 എന്ന നിലയിലായി. ദീപക്ക് ഹൂഡക്കും (9) ഒന്നും ചെയ്യാനായി കഴിഞ്ഞില്ലാ.
സൂര്യകുമാര്‍ യാദവിന് കൂട്ടായി അക്സര്‍ പട്ടേല്‍ എത്തി. അക്സര്‍ പട്ടേല്‍ 7 റണ്‍സില്‍ നില്‍ക്കുമ്പോള്‍ അനായാസം റണ്ണൗട്ടാക്കാനുള്ള ശ്രമം നഷ്ടപ്പെടുത്തി. പിന്നീട് സൂര്യയെ കാഴ്ച്ചക്കാരനാക്കി അക്സറിന്‍റെ ഷോയായിരുന്നു.
ഹസരങ്കയെ ഹാട്രിക്ക് സികസിനു പറത്തിയ താരം 20 പന്തില്‍ തന്‍റെ ഫിഫ്റ്റി പൂര്‍ത്തിയാക്കി. വൈകാതെ സൂര്യയും ഒപ്പം ചേര്‍ന്നതോടെ ഇന്ത്യക്ക് പ്രതീക്ഷയായി.
അവസാന 6 ഓവറില്‍ 68 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ മധുശങ്കയുടെ പന്തില്‍ സൂര്യ പുറത്തായി. 36 പന്തില്‍ 3 വീതം ഫോറും സിക്സുമായി 51 റണ്‍സാണ് നേടിയത്. ഇരുവരും ചേര്‍ന്ന് 40 പന്തില്‍ 91 റണ്‍സ് കൂട്ടിചേര്‍ത്തു.
വാലറ്റക്കാരന്‍ മാവിയുടെ ഊഴമായിരുന്നു അടുത്തത്. ബൗണ്ടറികളും സിക്സുകളും അടിച്ച് വിജയലക്ഷ്യം 12 പന്തില്‍ 33 ആക്കി. രജിത എറിഞ്ഞ ഓവറില്‍ 12 റണ്‍സ് പിറന്നു. 21 റണ്‍സ് പ്രതിരോധിക്കണ്ട ചുമതല ഷനകക്കായിരുന്നു. അക്സര്‍ പട്ടേലിനെ പുറത്താക്കിയതോടെ ശ്രീലങ്ക വിജയം ഉറപ്പിച്ചു. അക്സര്‍ പട്ടേല്‍ 31 പന്തില്‍ 65 (3 ഫോര്‍ 6 സിക്സ് ) റണ്‍സ് നേടി. ശിവം മാവി 15 പന്തില്‍ 26 റണ്‍സ് (2 ഫോര്‍ 2 സിക്സ് ) നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക, നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 206 റൺസാണ് എടുത്തത്. ഓപ്പണർ കുശാൽ മെൻഡിസിന്റെയും (31 പന്തിൽ 52) ക്യാപ്റ്റൻ ദസുൻ ശനകയുടെയും (22 പന്തിൽ 56*) അർധസെഞ്ചറിയും പാത്തും നിസങ്ക (35 പന്തിൽ 33), ചരിത് അസലങ്ക (19 പന്തിൽ 37) എന്നിവരുടെ ബാറ്റിങ് പ്രകടനവുമാണ് സന്ദർശകരെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി പേസർ ഉമ്രാൻ മാലിക്ക് മൂന്നു വിക്കറ്റും അക്ഷർ പട്ടേൽ രണ്ടും യുസ്‌വേന്ദ്ര ചഹൽ ഒരു വിക്കറ്റും വീഴ്ത്തി.