ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിലെ രണ്ടാം മത്സരവും വിജയിച്ചു ഇന്ത്യ സമ്പൂര്‍ണ്ണ വിജയം സ്വന്തമാക്കി. ബാംഗ്ലൂരില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ 238 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്നു ദിവസത്തിനുള്ളില്‍ മത്സരത്തിനു ഫലം കണ്ടു. സ്കോര്‍ – ഇന്ത്യ -252 & 303/9 ശ്രീലങ്ക – 109 & 208
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കക്കു വേണ്ടി കരുണരത്ന സെഞ്ചുറി നേടിയെങ്കിലും ഇന്ത്യന്‍ ബോളിംഗിനു മുന്നില്‍ മറ്റ് താരങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ലാ. ഇന്ത്യ ഉയര്‍ത്തിയ 447 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക മൂന്നാം ദിനം മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ 60 പന്തില്‍ 54 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസ് പുറത്തായതോടെ ശ്രീലങ്കന്‍ പതനം ആരംഭിച്ചു.
ഒരറ്റത്ത് കരിയറിലെ പതിനാലാം സെഞ്ചുറിയുമായി കരുണരത്ന പൊരുതിയെങ്കിലും വിജയം അകന്നു നിന്നു. 174 പന്തില്‍ 15 ഫോറുകള്‍ സഹിതമാണ് കരുണരത്ന 107 റണ്‍സ് എടുത്തത്
ലഹിരു തിരിമാന്നെ (0), എയ്ഞ്ചലോ മാത്യൂസ് (1), ധനഞ്ജയ ഡിസിൽവ (4), ചാരിത് അസാലങ്ക (5), ലസിത് എംബുൽദെനിയ (2), സുരംഗ ലക്മൽ (1), വിശ്വ ഫെർണാണ്ടോ (2) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ നാലു വിക്കറ്റ് വീഴ്ത്തി. 19.3 ഓവറിൽ 55 റൺസ് വഴങ്ങിയാണ് അശ്വിൻ നാലു വിക്കറ്റ് വീഴ്ത്തിയത്. ജസ്പ്രീത് ബുമ്ര മൂന്നും അക്ഷർ പട്ടേൽ രണ്ടു വിക്കറ്റും വീഴ്ത്തി. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.
മത്സരത്തിലാകെ ആറു വിക്കറ്റ് വീഴ്ത്തിയ അശ്വിൻ, ടെസ്റ്റിലെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ദക്ഷിണാഫ്രിക്കൻ താരം ഡെയ്‌ൽ സ്റ്റെയ്നെയും മറികടന്നു. നിലവിൽ 442 വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യം.