ശ്രീലങ്കകെതിരെയുള്ള ആദ്യ ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയം. ഇന്ത്യ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കക്ക് നിശ്ചിത 20 ഓവറില്‍ 160 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്. 2 റണ്‍സിന്‍റെ വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ജനുവരി 5 നാണ് അടുത്ത മത്സരം.
വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കന്‍ ഓപ്പണര്‍ നിസങ്കയുടെ ക്യാച്ച് ഡ്രോപ്പ് ചെയ്തുകൊണ്ടാണ് ആരംഭിച്ചത്. സഞ്ചു സാംസണിന്‍റെ ഡ്രോപ്പ് കാര്യമായി ബാധിച്ചില്ലാ. നിസംങ്കയുടെ (1) കുറ്റി തെറിപ്പിച്ച് അരങ്ങേറ്റ താരം ശിവം മാവി തുടങ്ങി. തന്‍റെ അടുത്ത ഓവറില്‍ ധനഞ്ജയയെ (8) മടക്കി ശിവം മാവി ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി.
അസലങ്കയെ (12) വീഴ്ത്തി ഉമ്രാന്‍ മാലിക്കും കുശാല്‍ മെന്‍ഡിസ് (28) രാജപക്സെ (10) എന്നിവരെ ഹര്‍ഷല്‍ പട്ടേലും വീഴ്ത്തിയതോടെ ശ്രീലങ്ക 68 ന് 5 എന്ന നിലയിലായി. ഷനകയും ഹസരങ്കയും ചേര്‍ന്ന് അതിവേഗ കൂട്ടുകെട്ട് സൃഷ്ടിച്ചെങ്കിലും ശിവം മാവി കൂട്ടുകെട്ട് തകര്‍ത്തു. 10 പന്തില്‍ 21 റണ്‍സാണ് ഹസരങ്ക നേടിയത്.
അവസാന അഞ്ചോവറില്‍ 53 റണ്‍സായിരുന്നു ശ്രീലങ്കക്ക് വേണ്ടിയിരുന്നത്. ഹര്‍ഷല്‍ പട്ടേലിനെയും ഉമ്രാന്‍ മാലിക്കിനെയും സിക്സടിച്ച് ക്യാപ്റ്റന്‍ ഷനക പൊരുതിയെങ്കിലും താരം പുറത്തായി. 27 പന്തില്‍ 3 വീതം ഫോറും സിക്സുമായി 45 റണ്‍സാണ് സ്കോര്‍ ചെയ്തത്. ഷനകയെ നഷ്ടമായതോടെ ശ്രീലങ്കയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.
അവസാന 2 ഓവറില്‍ 29 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഹര്‍ഷല്‍ പട്ടേലിന്‍റെ ഓവറില്‍ 16 റണ്‍സ് പിറന്നപ്പോള്‍ അവസാന ഓവറില്‍ വേണ്ടിയിരുന്നത് 13 റണ്‍സായിരുന്നു.
അവസാന ഓവര്‍ എറിയാന്‍ എത്തിയ അക്സര്‍ പട്ടേലിനെ കരുണരത്ന മൂന്നാം പന്തില്‍ സിക്സടിച്ചു. അവസാന പന്തില്‍ ജയിക്കാനായി 4 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ കരുണരത്നക്ക് ബൗണ്ടറി നേടാന്‍ കഴിയാഞ്ഞതോടെ ഇന്ത്യ വിജയം രുചിച്ചു. കരുണരത്ന 16 പന്തില്‍ 23 റണ്‍സ് നേടി.
ഇന്ത്യക്കായി അരങ്ങേറ്റ താരം ശിവം മാവി 4 വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേലും ഉമ്രാന്‍ മാലിക്കും 2 വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തു. അവസാന ഓവറുകളില്‍ ദീപക് ഹൂഡയും അക്സർ പട്ടേലും ചേർന്ന് നടത്തിയ ആക്രമണമാണ് ഇന്ത്യയെ ദേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.
ഇഷൻ കിഷൻ (37), ഹർദിക് പാണ്ഡ്യ 29 (27), ദീപക് ഹൂഡ (23 പന്തിൽ 41), ശുഭ്മാൻ ഗിൽ (5 പന്തിൽ 7), സൂര്യകുമാർ യാദവ് (7) അക്സർ പട്ടേൽ ( 20 പന്തിൽ 31 ) സഞ്ചു സാംസണ്‍ (5) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ റൺസ് നേട്ടം.