ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ ടീം. നിശ്ചിത 50 ഓവറുകളിൽ 326 റൺസാണ് ഇന്ത്യ മത്സരത്തിൽ സ്വന്തമാക്കിയത്. ബാറ്റിംഗിന് അത്ര അനുകൂലമല്ലാത്ത പിച്ചിൽ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഇന്ത്യക്ക് സഹായകരമായി മാറിയത്. തങ്ങൾക്ക് ലഭിച്ച അവസരത്തിലൊക്കെയും ദക്ഷിണാഫ്രിക്കൻ ബോളർമാരെ സമ്മർദ്ദത്തിലാക്കാനും റൺസ് കണ്ടെത്താനും ഇരു ബാറ്റര്‍മാർക്കും സാധിച്ചു. മറുവശത്ത് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് അത്ര മികച്ച ബോളിഗ് പ്രകടനമല്ല മത്സരത്തിൽ കാഴ്ചവച്ചത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു വെടിക്കെട്ട് തുടക്കം തന്നെയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമയും ശുഭ്മാന്‍ ഗില്ലും(23) ടീമിന് നൽകിയത്. ആദ്യ ഓവറുകളിൽ ദക്ഷിണാഫ്രിക്കൻ ബോളർമാരെ പൂർണ്ണമായും സമ്മർദ്ദത്തിലാക്കാൻ ഇരു ബാറ്റർമാർക്കും സാധിച്ചു. കേവലം 4.3 ഓവറുകളിൽ നിന്നായിരുന്നു ഇന്ത്യ തങ്ങളുടെ ആദ്യ 50 റൺസ് പൂർത്തീകരിച്ചത്. ശേഷവും രോഹിത് അടിച്ചു തകർക്കുകയുണ്ടായി. മത്സരത്തിൽ രോഹിത് 24 പന്തുകളിൽ 6 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെടെ 40 റൺസാണ് നേടിയത്. എന്നാൽ കൃത്യമായ സമയങ്ങളിൽ രോഹിത് ശർമയുടെയും ഗില്ലിന്റെയും വിക്കറ്റുകൾ വീഴ്ത്താൻ ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് സാധിച്ചു. ഇത് ഇന്ത്യയെ സമ്മർദ്ദത്തിലാക്കി.
പിച്ചിൽ നിന്ന് സ്പിന്നർമാർക്ക് മികച്ച ആനുകൂല്യവും ലഭിച്ചതോടെ ദക്ഷിണാഫ്രിക്ക മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ഈ സമയത്ത് വളരെ സൂക്ഷ്മതയോടെയാണ് ഇന്ത്യയുടെ ബാറ്റർമാരായ കോഹ്ലിയും ശ്രേയസ് അയ്യരും കളിച്ചത്. ഇരുവരും തങ്ങൾക്ക് അവസരങ്ങൾ ലഭിക്കുന്നതിനായി കാത്തു നിന്നു. മെല്ലെ ഇന്നിംഗ്സ് ആരംഭിച്ച ഇരുവരും മത്സരത്തിന്റെ അവസാന സമയങ്ങളിൽ ആളിക്കത്തുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 134 റൺസിന്റെ വമ്പൻ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. വിരാട് കോഹ്ലി മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ 121 പന്തുകളിൽ നിന്ന് 101 റൺസാണ് കോഹ്ലി നേടിയത്. ഇന്നിംഗ്സിൽ 10 ബൗണ്ടറികളും ഉൾപ്പെട്ടു.
ശ്രേയ്യസ് അയ്യർ മത്സരത്തിൽ 87 പന്തുകളിൽ 7 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 77 റൺസ് സ്വന്തമാക്കി. ഒപ്പം അവസാന ഓവറുകളിൽ ഇന്ത്യക്കായി സൂര്യകുമാറും(22) ജഡേജയും(29*) ആഞ്ഞടിച്ചപ്പോൾ ഇന്ത്യ 320 എന്ന സ്കോറിൽ എത്തുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നൽകുന്ന സ്കോർ തന്നെയാണ് ഇത്. പിച്ചിന്റെ സ്ലോ സ്വഭാവം രണ്ടാം ഇന്നിങ്സിലും തുടരുകയാണെങ്കിൽ ഇന്ത്യ മത്സരത്തിൽ വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല.