ഏഷ്യ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയെ പാക്കിസ്ഥാന്‍ പരാജയപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 19.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ജയ പരാജയങ്ങള്‍ മാറി മറഞ്ഞ മത്സരത്തില്‍ അവസാന ഓവറിലായിരുന്നു പാക്കിസ്ഥാന്‍റെ വിജയം
വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാനു മോശം ഫോമിലുള്ള ബാബര്‍ അസമിനെ (14) നഷ്ടമായി. ടൂര്‍ണമെന്‍റില്‍ ഇതാദ്യമായി അവസരം ലഭിച്ച രവി ബിഷ്ണോയിയാണ് വിക്കറ്റ് വീഴ്ത്തിയത്. ഫഖര്‍ സമാനും (15) വലിയ സ്കോര്‍ നേടാനാവതെ മടങ്ങി. മുഹമ്മദ് റിസ്വാനൊപ്പം നാലാം വിക്കറ്റില്‍ ബാറ്റ് ചെയ്യാന്‍ എത്തിയത് മുഹമ്മദ് നവാസായിരുന്നു.
ഇരുവരും ചേര്‍ന്ന് ഹാര്‍ദ്ദിക്ക് പാണ്ട്യയേയും ചഹലിനേയും ഉന്നം വച്ചപ്പോള്‍ പാക്ക്, അനായാസം ഇന്ത്യന്‍ സ്കോറിലേക്കേത്തി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 41 പന്തില്‍ 73 റണ്‍സാണ് നേടിയത്. 20 പന്തില്‍ 6 ഫോറും സിക്സുമായി 42 റണ്‍സ് നേടിയ നവാസിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് ബ്രേക്ക്ത്രൂ നല്‍കിയത്.
പിന്നാലെ അര്‍ദ്ധസെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനും വീണു. 51 പന്തില്‍ 6 ഫോറും 2 സിക്സുമായി 71 റണ്ണാണ് റിസ്വാന്‍ സ്വന്തമാക്കിയത്. ആസിഫ് അലിയുടെ ക്യാച്ച് നഷ്ടപ്പെടുത്തി അര്‍ഷദീപ് സിങ്ങ് ആശങ്ക സൃഷ്ടിച്ചു.
അവസാന 2 ഓവറില്‍ 26 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. 19ാം ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ 19 റണ്‍സാണ് വഴങ്ങിയത്. അവസാന ഓവറില്‍ 7 റണ്‍ വേണമെന്നിരിക്കെ ആസിഫ് അലി (16) പുറത്താകുമ്പോള്‍ പാക്കിസ്ഥാന് 2 പന്തില്‍ 2 റണ്ണായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ അടുത്ത പന്തില്‍ ഇഫ്തികര്‍ അഹമ്മദ് 2 റണ്‍ ഓടിയെടുത്ത് പാക്കിസ്ഥാനെ വിജയിപ്പിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. അര്‍ദ്ധസെഞ്ചുറി നേടിയ വിരാട് കോഹ്ലിയാണ് ടോപ്പ് സ്കോററായത്. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി കെല്‍ രാഹുലും (20 പന്തില്‍ 28) രോഹിത് ശര്‍മ്മയും (16 പന്തില്‍ 18) മികച്ച തുടക്കമാണ് നല്‍കിയത്.
മധ്യനിര നിരാശപ്പെടുത്തിയപ്പോള്‍ വീരാട് കോഹ്ലിയുടെ അര്‍ദ്ധസെഞ്ചുറി പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ടൂര്‍ണമെന്‍റിലെ രണ്ടാം അര്‍ദ്ധസെഞ്ചുറി നേടിയ വീരാട് കോഹ്ലി 44 പന്തില്‍ 60 റണ്‍സ് നേടി. പാക്കിസ്ഥാനായി ഷഡബ് ഖാന്‍ 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ എറിഞ്ഞ മറ്റ് പാക്ക് ബോളര്‍മാര്‍ ഓരോ വിക്കറ്റ് വീതം നേടി.