മുംബൈ ടെസ്റ്റില്‍ വിജയം :പരമ്പര ജയവുമായി ഇന്ത്യ

കിവീസിന് എതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ വമ്പൻ ജയവുമായി വിരാട് കോഹ്ലിയും ടീമും. മുംബൈയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ നാലാം ദിനം ആദ്യത്തെ മണിക്കൂറിൽ തന്നെ ജയം നേടുവാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞപ്പോൾ ഒരിക്കൽ കൂടി ഇന്ത്യയിൽ ടെസ്റ്റ്‌ പരമ്പര എന്നുള്ള കിവീസ് സ്വപ്നം പൂവണിഞ്ഞില്ല. നേരത്തെ കാൻപൂർ ടെസ്റ്റിൽ അഭിമാന സമനില കരസ്ഥമാക്കിയ കിവീസ് ടീം എല്ലാ അർഥത്തിലും ഇന്ത്യക്ക് മുൻപിൽ പരാജയമായി മാറി.

സ്പിന്നർമാരെ ഏറെ തുണച്ച പിച്ചിൽ ഇന്ത്യൻ ബൗളർമാർ ഒരിക്കൽ കൂടി ഏറെ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ കിവീസ് ബാറ്റിങ് നിര രണ്ടാം ഇന്നിങ്സിൽ 167 റൺസിൽ അവസാനിച്ചു.മുംബൈയിലെ ഈ 372 റൺസ്‌ ജയത്തോടെ പരമ്പര 1-0ന് ഇന്ത്യ സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീം ഒന്നാം ഇന്നിങ്സിൽ 325 റൺസ്‌ നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ വെറും 62 റൺസിലാണ് കിവീസ് ടീം ആൾഔട്ടായി മാറിയത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീം മൂന്നാം ദിനം ഏഴ് വിക്കറ്റ് മാത്രം നഷ്ടത്തിൽ 276 റൺസിൽ ഡിക്ലയർ ചെയ്തു.540 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് രണ്ടാം ഇന്നിങ്സിൽ 167 റൺസ്‌ മാത്രമേ നേടുവാൻ കഴിന്നുള്ളൂ. ഇതോടെ 372 റൺസ്‌ ജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീം ചരിത്ര നേട്ടത്തിലേക്ക് കൂടി എത്തി.

രണ്ടാം ഇന്നിങ്സിൽ ന്യൂസിലാൻഡ് നിരയിൽ ഡാരൽ മിച്ചൽ (60) നിക്കോളാസ് (44) എന്നിവർ പൊരുതി എങ്കിലും അശ്വിനും ജയന്ത് യാദവും നാല് വിക്കറ്റുകളുമായി തിളങ്ങിയത് ശ്രദ്ധേയമായി.നേരത്തെ ഒന്നാം ഇന്നിങ്സിലും അശ്വിൻ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.

അതേസമയം മുംബൈ ക്രിക്കറ്റ്‌ ടെസ്റ്റിൽ തോറ്റെങ്കിൽ പോലും കിവീസിന് എക്കാലവും ഓർത്തിരിക്കാനായി കൂടി സാധിക്കുന്ന അപൂർവ്വ റെക്കോർഡാണ് സ്പിൻ ബൗളർ അജാസ് പട്ടേൽ നേടിയത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ടീമിന്റെ 10 വിക്കറ്റുകൾ സ്വന്തമാക്കിയ താരം അന്താരാഷ്ട്ര ടെസ്റ്റ്‌ ക്രിക്കറ്റിൽ ഈ നേട്ടത്തിലേക്ക് എത്തുന്ന മൂന്നാമത്തെ താരമായി മാറിയിരുന്നു.

ഇന്ത്യക്കായി ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറിയും നേടിയ മായങ്ക് അഗർവാൾ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടി നൽകി.