ന്യൂസിലന്‍റിനെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ 386 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍റ് 295 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ 90 റണ്‍സിന്‍റെ വിജയമാണ് സ്വന്തമാക്കിയത്. പരമ്പര തൂത്തുവാരിയതോടെ ഇന്ത്യ ഏകദിന റാങ്കിങ്ങില്‍ ഒന്നാമതായി.
വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍റിനു രണ്ടാം പന്തില്‍ തന്നെ ഫിന്‍ അലനെ (0) നഷ്ടമായി. കൂറ്റന്‍ ലക്ഷ്യമായതിനാല്‍ തുടക്കത്തിലേ തന്നെ ന്യൂസിലന്‍റ് ബാറ്റര്‍മാര്‍ ആക്രമിച്ചു കളിച്ചു. ഹെന്‍റി നിക്കോളസും (42) ഡെവോണ്‍ കോണ്‍വയും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പൂര്‍ത്തിയാക്കി. നിക്കോളസ് പുറത്തായെങ്കിലും ഡാരില്‍ മിച്ചലുമായി കോണ്‍വേ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു.
ഡാരില്‍ മിച്ചല്‍ (24) ടോം ലതാം (0) ഗ്ലെന്‍ ഫിലിപ്പ്സ് (5) എന്നിവരെ പുറത്താക്കി താക്കൂര്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. മറുവശത്ത് ക്രീസില്‍ തുടര്‍ന്ന ഡെവോണ്‍ കോണ്‍വേ തന്‍റെ സെഞ്ചുറി കണ്ടെത്തി. ഒടുവില്‍ കോണ്‍വേയും കീഴടങ്ങി.
100 പന്തില്‍ 12 ഫോറും 8 സിക്സുമായി 138 റണ്‍സ് നേടിയ കോണ്‍വേയുടെ വിക്കറ്റ് ഉമ്രാന്‍ മാലിക്ക് വീഴ്ത്തി. സിക്സും ബൗണ്ടറിയടിച്ചും ബ്രേസ്വെല്‍ (26) ഭീഷണിയായെങ്കിലും താരത്തിനെ കുല്‍ദീപ് മടക്കി. ലോക്കി ഫെര്‍ഗൂസനും (7) കുല്‍ദീപിന്‍റെ മുന്‍പില്‍ രോഹിതിനു ക്യാച്ച് നല്‍കി മടങ്ങി.
ജേക്കബ് ഡഫിയെയും (0) സാന്‍റ്നറെയും (34) പുറത്താക്കി ചഹല്‍ മത്സരം പൂര്‍ത്തിയാക്കി. ഇന്ത്യക്കായി കുല്‍ദീപും താക്കൂറും 3 വിക്കറ്റ് വീഴ്ത്തി. ചഹല്‍ 2 ഉം ഹര്‍ദ്ദിക്ക് പാണ്ട്യ, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒൻപതു വിക്കറ്റു നഷ്ടത്തില്‍ 385 റൺസാണെടുത്തത്. സെഞ്ചുറി നേടിയ രോഹിത് ശർമ (85 പന്തിൽ 101), ശുഭ്മൻ ഗിൽ (78 പന്തിൽ 112), അർധ സെഞ്ചറിയുമായി തിളങ്ങിയ ഹാർദിക് പാണ്ഡ്യ (38 പന്തിൽ 54) എന്നിവരാണ് ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനു പിന്നില്‍.
വിരാട് കോഹ്ലി (27 പന്തിൽ 36), ഷാർദൂൽ താക്കൂര്‍ (17 പന്തിൽ 25), ഇഷാൻ കിഷൻ (24 പന്തിൽ 17), സൂര്യകുമാർ യാദവ് (ഒൻപതു പന്തിൽ 14), വാഷിങ്ടൻ സുന്ദർ (ഒൻപത്), കുൽദീപ് യാദവ് (മൂന്ന്) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. ന്യൂസിലന്‍ഡിനായി ജേക്കബ് ഡഫി, ബ്ലെയര്‍ ടിക്നര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.