ന്യൂസിലന്‍റിനെ ഞെട്ടിച്ച് സുന്ദർ അറ്റാക്ക്. ആദ്യ ഇന്നിങ്സിൽ കിവികൾ 259ന് പുറത്ത്

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ശക്തമായ ബോളിംഗ് പ്രകടനം കാഴ്ചവച്ച് വാഷിംഗ്ടൺ സുന്ദ. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡ് നിരയിലെ 7 വിക്കറ്റുകൾ വീഴ്ത്തിയാണ് സുന്ദർ ഇന്ത്യയുടെ വജ്രായുധമായി മാറിയത്.

ആദ്യ മത്സരത്തിൽ കുൽദീപ് യാദവ് ആയിരുന്നു ഇന്ത്യൻ നിരയിൽ സ്പിന്നറായി കളിച്ചിരുന്നത്. എന്നാൽ രണ്ടാം മത്സരത്തിൽ കുൽദീപിന് പകരക്കാരനായി സുന്ദറിനെ ഇന്ത്യ ഉൾപ്പെടുത്തുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് മത്സരത്തിന്റെ ആദ്യ ദിവസം താരം കാഴ്ചവെച്ചത്. ന്യൂസിലാൻഡിനെ ആദ്യ ഇന്നിങ്സിൽ കേവലം 259 റൺസിലൊതുക്കാൻ സുന്ദറിന് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ നിന്നും വിപരീതമായ രീതിയിൽ രണ്ടാം മത്സരത്തിൽ പിച്ച് കൂടുതലായി സ്പിന്നിനെ അനുകൂലിക്കുന്നതാണ് കണ്ടത്. ഈ സാഹചര്യത്തിൽ മത്സരത്തിന്റെ ആദ്യ സമയങ്ങളിൽ ന്യൂസിലാൻഡിന്റെ ബാറ്റർമാർ വിഷമിക്കുകയുണ്ടായി.

നായകൻ ടോം ലാതത്തെ തന്റെ ആദ്യ ഓവറിൽ തന്നെ പുറത്താക്കാൻ അശ്വിന് സാധിച്ചു. എന്നാൽ ഒരുവശത്ത് കോൺവെ ക്രീസിലുറച്ചത് ഇന്ത്യയ്ക്ക് ഭീഷണിയുണ്ടാക്കി. മത്സരത്തിൽ 76 റൺസാണ് കോൺവെ സ്വന്തമാക്കിയത്. ഒപ്പം നാലാമനായി ക്രീസിലെത്തിയ രചിൻ രവീന്ദ്രയും അർത്ഥസെഞ്ച്വറി സ്വന്തമാക്കി.

65 റൺസായിരുന്നു രവീന്ദ്രയുടെ സമ്പാദ്യം. എന്നാൽ ന്യൂസിലാൻഡ് മത്സരത്തിൽ മികച്ച നിലയിൽ നിന്ന സമയത്താണ് വാഷിംഗ്ടൺ സുന്ദർ തകർപ്പൻ ബോളിംഗ് പ്രകടനവുമായി രംഗത്തെത്തിയത്. തുടർച്ചയായി ന്യൂസിലാൻഡിന്റെ ബാറ്റർമാരെ വട്ടംചുറ്റിക്കാൻ സുന്ദറിന് സാധിച്ചു. ന്യൂസിലാൻഡിന്റെ മധ്യനിര ബാറ്റർമാർക്ക് ആർക്കുംതന്നെ മത്സരത്തിൽ മികവ് പുലർത്താൻ സാധിച്ചില്ല. എല്ലാവരും സുന്ദറിന്റെ മുൻപിൽ കടപുഴകി വീഴുകയായിരുന്നു. ഇതോടെ ന്യൂസിലാൻഡിന്റെ ഇന്നിംഗ്സ് കേവലം 259 റൺസിൽ അവസാനിച്ചു. 7 വിക്കറ്റുകളാണ് ഇന്നിംഗ്സിൽ വാഷിംഗ്ടൺ സുന്ദർ സ്വന്തമാക്കിയത്.

കേവലം 59 റൺസ് മാത്രം വിട്ടു നൽകിയായിരുന്നു സുന്ദറിന്റെ ഈ നേട്ടം. 3 വിക്കറ്റുകൾ സ്വന്തമാക്കിയ അശ്വിനും ഇന്ത്യക്കായി മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ചു. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രോഹിത് ശർമയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. സൗദിയുടെ ഒരു കിടിലൻ പന്തിൽ രോഹിത്തിന് തന്റെ സ്റ്റാമ്പ് നഷ്ടമാവുകയായിരുന്നു. മത്സരത്തിൽ പൂജ്യനായാണ് രോഹിത് മടങ്ങിയത്. ശേഷം ഗില്ലും ജയസ്വാളും ന്യൂസിലാൻഡ് ബോളർമാരെ പ്രതിരോധിക്കുകയായിരുന്നു. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ 16 റൺസാണ് ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്.