കോഹ്ലി പവറിൽ ഇന്ത്യൻ വിജയം. 2003 ലോകകപ്പിന് ശേഷം ആദ്യമായി കിവി സംഹാരം നടത്തി ഇന്ത്യ .

ന്യൂസിലാൻഡിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം. അത്യന്തം ആവേശകരമായ മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 2003 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തുന്നത്. തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ ലോകകപ്പ് പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യക്കായി വിരാട് കോഹ്ലിയാണ് ബാറ്റിംഗിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. ബോളിങ്ങിൽ മുഹമ്മദ് ഷാമി ഒരു വമ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇതോടെ മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കി.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാൻഡ് ഇന്നിങ്സിന്റെ ആദ്യ സമയങ്ങളിൽ ഇന്ത്യൻ പേസർമാർ മികവ് പുലർത്തുകയുണ്ടായി. ഓപ്പൺമാരായ കോൺവെയെയും(0) യങ്ങിനെയും(17) തുടക്കത്തിൽ തന്നെ പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. എന്നാൽ പിന്നീട് മൂന്നാം വിക്കറ്റിൽ രചിൻ രവീന്ദ്രയും ഡാരിൽ മിച്ചലും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് ന്യൂസിലാൻഡിനായി കെട്ടിപ്പടുക്കുകയായിരുന്നു.

മത്സരത്തിൽ 159 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. മിച്ചൽ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറിയും നേടി. 127 പന്തുകളിൽ 9 ബൗണ്ടറുകളും 5 സിക്സറുകളുമടക്കം 130 റൺസ് ആണ് മിച്ചൽ നേടിയത്. രവീന്ദ്ര 87 പന്തുകളിൽ 75 റൺസ് നേടി പിന്തുണ നൽകി. ഇതോടെ ന്യൂസിലാൻഡിന്റെ സ്കോർ കുതിക്കുകയായിരുന്നു.

അവസാന ഓവറുകളിൽ ഇന്ത്യൻ പേസർമാർ തിരികെയെത്തി മികവുപുലർത്തി. ഇതോടെ ന്യൂസിലാൻഡിന് 300 എന്ന ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല. ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമിയാണ് ബോളിംഗിൽ തിളങ്ങിയത്. മത്സരത്തിൽ 54 റൺസ് മാത്രം വീട്ടുനൽകിയ ഷാമി 5 വിക്കറ്റുകൾ സ്വന്തമാക്കി. 273 റൺസ് ആയിരുന്നു ന്യൂസിലാൻഡ് മത്സരത്തിൽ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി പതിവുപോലെ രോഹിത് ശർമ ഒരു വെടിക്കെട്ട് തുടക്കമാണ് നൽകിയത്. പവർപ്ലേ ഓവറുകളിൽ കൃത്യമായ രീതിയിൽ അടിച്ചുതകർക്കാൻ രോഹിതിന് സാധിച്ചു. 40 പന്തുകളിൽ 46 റൺസാണ് ഇന്ത്യൻ നായകൻ നേടിയത്.

എന്നാൽ ലോക്കി ഫെർഗ്യുസൺ ബോളിംഗ് ക്രീസിലെത്തിയതോടെ ഇന്ത്യൻ നിര വിറയ്ക്കുകയുണ്ടായി. ഗില്ലിനേയും(26) രോഹിതിനെയും പുറത്താക്കി ഫെർഗ്യുസൺ ന്യൂസിലാൻഡിന് മത്സരത്തിൽ ആധിപത്യം നേടി. പിന്നീടെത്തിയ രാഹുലും(27) ശ്രേയസ് അയ്യരും(33) കോഹ്ലിക്കൊപ്പം ക്രീസിലൂറയ്ക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമാവുകയുണ്ടായി.

എന്നാൽ ഒരു വശത്ത് വിരാട് കോഹ്ലി ക്രീസിലുറച്ചത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നൽകിയത്. ജഡേജയുമൊപ്പം ചേർന്ന് ആറാം വിക്കറ്റിൽ ഒരു വെടിക്കെട്ട് കൂട്ടുകെട്ടാണ് കോഹ്ലി കെട്ടിപ്പടുത്തത്. ഇതോടെ മത്സരത്തിൽ ഇന്ത്യ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. മത്സരത്തിൽ കോഹ്ലി 104 പന്തുകളിൽ 95 റൺസാണ് നേടിയത്. ജഡേജ 44 പന്തുകളിൽ 39 റൺസ് നേടി.

Previous articleഅന്ന് എല്ലാവരും കുട്ടികളെപ്പോലെ കരഞ്ഞു. വെളിപ്പെടുത്തലുമായി മുന്‍ ബാറ്റിംഗ് കോച്ച്
Next articleവിക്കറ്റ് നേടാൻ സാധിച്ചതിൽ സന്തോഷം. ഇന്ത്യ ഒന്നാമതെത്തിയതിൽ അതിലും സന്തോഷം. ഷമി പറയുന്നു.