❛അവസാന നിമിഷം പേടിപ്പിച്ചു❜. ഒടുവില്‍ വിജയവുമായി ഇന്ത്യ

സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ചുറിയിലും നായകന്‍ രോഹിത് ശര്‍മയുടെ മികച്ച പ്രകടനത്തിന്‍റെ പിന്തുണയില്‍ ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 164 എന്ന സ്‌കോര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് ബോള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. ഒരു ഘട്ടത്തില്‍ 20 പന്തില്‍ 21 റണ്‍സ് വേണ്ട ഘട്ടത്തില്‍ നിന്ന് റണ്‍സ് കണ്ടെത്തുവാന്‍ ഇന്ത്യ ബുദ്ധിമുട്ടിയെങ്കിലും 17 റണ്‍സുമായി ഋഷഭ് പന്ത് ഇന്ത്യയുടെ 5 വിക്കറ്റ് വിജയം ഉറപ്പാക്കുകയായിരുന്നു.

മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ഇന്ത്യയ്ക്ക് നല്‍കിയത്. 5 ഓവറിനുള്ളില്‍ 50 റണ്‍സ് കെല്‍ രാഹുല്‍ – രോഹിത് ശര്‍മ്മ കൂട്ടുകെട്ടില്‍ കൂട്ടിച്ചേര്‍ത്തു. കെ എല്‍ രാഹുല്‍ 15 റണ്‍സ് നേടി പുറത്തായപ്പോള്‍ രോഹിത് 36 പന്തില്‍ 5 ഫോറും 2 സിക്സുമടക്കം 48 റണ്‍സ് നേടിയാണ് പുറത്തായത്.

വിരാട് കോഹ്ലിയുടെ അഭാവത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ പ്രകടനം ഇന്ത്യക്കായി പുറത്തെടുത്തു. 34 പന്തില്‍ തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ സൂര്യകുമാര്‍ യാദവ് 40 പന്തില്‍ 6 ഫോറും 3 സിക്സുമടക്കം 62 റണ്‍സ് നേടിയാണ് പുറത്തായത്

ശ്രേയസ്സ് അയ്യറാണ് (8 പന്തില്‍ 5) 19ാം ഓവറില്‍ പുറത്താകുമ്പോള്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 10 റണ്‍സ്. അവസാന ഓവറിലെ ആദ്യ പന്ത് വൈഡ് എറിഞ്ഞ മിച്ചലിനെതിരെ ബൗണ്ടറി നേടുവാന്‍ അരങ്ങേറ്റക്കാരന്‍ വെങ്കിടേഷ് അയ്യര്‍ക്ക് സാധിച്ചുവെങ്കിലും അടുത്ത പന്തില്‍ താരം പുറത്തായി. എന്നാല്‍ ബൗണ്ടറി നേടി റിഷഭ് പന്ത് (17) ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍റ് നിശ്ചിത 20 ഓവറില്‍ 165 റണ്‍സാണ് നേടിയത്. തുടക്കത്തിലേ ഡാരില്‍ മിച്ചലിനെ നഷ്ടമായെങ്കിലും മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (42 പന്തില്‍ 70) മാര്‍ക്ക് ചാപ്മാന്‍ (50 പന്തില്‍ 63 ) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളാണ് ന്യൂസിലന്‍റിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 109 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

മധ്യ ഓവറുകളില്‍ ന്യൂസിലന്‍റ് തിളങ്ങിയെങ്കിലും ഫിനിഷിങ്ങില്‍ കീവിസിനു പിഴച്ചു. തുടര്‍ച്ചയായ വിക്കറ്റുകള്‍ വീഴ്ത്തി ന്യൂസിലന്‍റിനെ തടഞ്ഞു നിര്‍ത്തി. ഗ്ലെൻ ഫിലിപ്സ് (0), ടിം സീഫർട്ട് (11 പന്തിൽ 12), രചിൻ രവീന്ദ്ര (എട്ടു പന്തിൽ ഏഴ്) എന്നിവരാണ് പുറത്തായ മറ്റ് കിവീസ് താരങ്ങൾ. മിച്ചൽ സാന്റ്നർ (4), ടിം സൗത്തി (0) എന്നിവർ പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ നാല് ഓവറിൽ 23 റൺസ് വഴങ്ങിയും ഭുവനേശ്വർ കുമാർ നാല് ഓവറിൽ 24 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചാഹറിന് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ 42 റൺസ് വഴങ്ങി. മുഹമ്മദ് സിറാജ് നാല് ഓവറിൽ 39 റൺസ് വഴങ്ങിയും ഒരു വിക്കറ്റെടുത്തു.

Previous articleനോ ലുക്ക് ഷോട്ടിനു ശേഷം അടുത്ത ബോളിൽ വിക്കറ്റ് :ഇത് ദീപക് ചഹാർ സ്റ്റൈൽ
Next articleഎനിക്ക് അവനെയും അവന് എന്നെയും നന്നായി അറിയാം. രോഹിത് ശര്‍മ്മയുടെ വാക്കുകള്‍