ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കി ഇന്ത്യ. അയലൻഡിനെതിരായ ലോ സ്കോറിംഗ് മത്സരത്തിൽ 8 വിക്കറ്റുകളുടെ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 8 ഓവറുകൾ ബാക്കി നിൽക്കവേയായിരുന്നു ഇന്ത്യയുടെ ഈ തകർപ്പൻ വിജയം.
ബോളിങ്ങിന് അനുകൂലമായ പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡിന് കേവലം 96 റൺസ് മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്. രോഹിത് ശർമയുടെ മികച്ച ബാറ്റിംഗിന്റെ ബലത്തിൽ ഇന്ത്യ ഇത് അനായാസം മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ബോളിങ്ങിൽ തിളങ്ങിയത് ഹർദിക് പാണ്ട്യയാണ്. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച വിജയമാണ് ലഭിച്ചിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് അർഷദീപ് സിംഗ് നൽകിയത്. അയർലൻഡിന്റെ ഓപ്പണർമാരായ ബാൽബിർണിയെയും ക്യാപ്റ്റൻ സ്റ്റെർലിങ്ങിനെയും തുടകത്തിൽ പുറത്താക്കാൻ അർഷദീപിന് സാധിച്ചു.
പിന്നാലെ ബൂമ്രയും പാണ്ഡ്യയും മികവ് പുലർത്തിയതോടെ അയർലൻഡ് ബാറ്റിംഗ് നിര തകരുന്നതാണ് കണ്ടത്. മത്സരത്തിന്റെ ഒരു സമയത്ത് പോലും കൃത്യമായി ഇന്ത്യൻ ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ അയർലൻഡിന് സാധിച്ചില്ല. മധ്യനിര ബാറ്റർ ഡലാനി മാത്രമാണ് അയർലൻഡിനായി അല്പസമയമെങ്കിലും ക്രീസിൽ പിടിച്ചുനിന്നത്.
ഇങ്ങനെ അയർലൻഡിന്റെ ഇന്നിംഗ്സ് കേവലം 96 റൺസിന് അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി പേസ് ബോളർമാരാണ് അത്യുഗ്രൻ പ്രകടനങ്ങൾ കാഴ്ചവെച്ചത്. ഹാർദിക് പാണ്ഡ്യ മത്സരത്തിൽ 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. അർഷദീപ് സിംഗും ബുമ്രയും 2 വിക്കറ്റുകൾ വീതമാണ് മത്സരത്തിൽ നേടിയത്. ശേഷം മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ വിരാട് കോഹ്ലിയുടെ(1) വിക്കറ്റ് നഷ്ടമായി. എന്നാൽ ദുർഘടമായ പിച്ചിൽ വളരെ കരുതലോടെയാണ് നായകൻ രോഹിത് ശർമ കളിച്ചത്. പവർപ്ലേ ഓവറുകളിൽ വലിയ ധൃതി കാട്ടാതെ ഇന്ത്യ മുന്നോട്ടു പോവുകയായിരുന്നു.
റിഷഭ് പന്തും രോഹിത് ശർമയും പതിയെ തങ്ങളുടെ ഫോമിലേക്ക് എത്തുന്നതാണ് മത്സരത്തിൽ കണ്ടത്. ബോളിന് അന്തരീക്ഷത്തിൽ നിന്ന് ലഭിക്കുന്ന സ്വിങ് കുറഞ്ഞപ്പോൾ രോഹിത് ശർമ ആക്രമണം അഴിച്ചുവിടുകയുണ്ടായി. മത്സരത്തിൽ 36 പന്തുകളിൽ തന്നെ അർത്ഥ സെഞ്ച്വറി പൂർത്തീകരിക്കാൻ രോഹിത്തിന് സാധിച്ചു.
മത്സരത്തിൽ 37 പന്തുകൾ നേരിട്ട് ഇന്ത്യൻ നായകൻ 52 റൺസാണ് നേടിയത്. 4 ബൗണ്ടറികളും 3 സിക്സറുകളും രോഹിത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മറുവശത്ത് ഋഷഭ് പന്ത് 26 പന്തുകളിൽ 36 റൺസ് നേടി മികച്ച പിന്തുണ നൽകുകയുണ്ടായി. ഇങ്ങനെ ഇന്ത്യ മത്സരത്തിൽ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. 8 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.