മൊട്ടേറയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 160 റണ്‍സിന്റെ പടുകൂറ്റൻ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുവാൻ സാധിച്ചെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ഏറെ വേദനിപ്പിച്ചത് യുവതാരം വാഷിംഗ്‌ടൺ സുന്ദർ കന്നി സെഞ്ച്വറി നേടുവാനാവാതെ മടങ്ങിയതാണ് .ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ബാറ്റിംഗ് അവസാനിപ്പിച്ച് 10ാമനായി മുഹമ്മദ് സിറാജും പുറത്താകുമ്പോള്‍ 96 റണ്‍സുമായി നോണ്‍സ്‌ട്രൈക്കില്‍ അപരാജിതനായി നോക്കി നില്‍ക്കാനെ സുന്ദറിനായുള്ളു.
സെഞ്ച്വറി നഷ്ടമായ നിരാശയിൽ താരം തല താഴ്ത്തി ഡ്രസിങ് റൂമിലേക്ക് മടങ്ങി .
ടെസ്റ്റ് കരിയറിലെ തന്റെ കന്നി സെഞ്ച്വറിയെന്ന സ്വപ്‌ന നേട്ടമാണ് കൈയകലത്ത് വെച്ച് തന്റേതല്ലാത്ത കാരണത്താൽ വാഷിംഗ്‌ടൺ സുന്ദറിന് നഷ്ടമായത്. 174 പന്തുകള്‍ നേരിട്ട് 10 ഫോറും 1 സിക്‌സും ഉള്‍പ്പെട്ട മനോഹരമായ ഇന്നിങ്‌സായിരുന്നു സുന്ദറിന്റേത്. എട്ടാം വിക്കറ്റിൽ സുന്ദർ ഒപ്പം മികച്ച രീതിയിൽ ബാറ്റേന്തിയ അക്ഷര്‍ പട്ടേല്‍ (43) റണ്ണൗട്ടായതാണ് ഇന്ത്യക്കും സുന്ദറിനും തിരിച്ചടിയായത്. അക്ഷർ പുറത്തായതിന് പിന്നാലെ തൊട്ട് അടുത്ത ഓവറിൽ ഇഷാന്ത് ശര്‍മ ആദ്യ പന്തിലും മുഹമ്മദ് സിറാജ് മൂന്നാം പന്തിലും മടങ്ങിയതോടെയാണ് സുന്ദറിന് നിരാശയോടെ മടങ്ങേണ്ടി വന്നത് .
സ്റ്റോക്സ് ഇരുവരെയും ഒരേ ഓവറിൽ തന്നെ പുറത്താക്കി .
എന്നാൽ ഇതാദ്യമായല്ല ഒരു ഇന്ത്യന്‍ താരത്തിന് ഇത്തരമൊരു അവസ്ഥ ടെസ്റ്റ് ക്രിക്കറ്റിൽ നേരിടേണ്ടി വരുന്നത്. മുമ്പ് മൂന്ന് താരങ്ങള്‍ 90ന് മുകളില്‍ റണ്‍സ് നേടി പുറത്താവാതെ നിന്നെങ്കിലും മറുവശത്ത് ബാറ്റിംഗ് പിന്തുണ നൽകുവാൻ ആളില്ലാത്തതിനാല്‍ സെഞ്ച്വറി നേടാനാവാതെ പോയി.
1974-75ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഗുണ്ടപ്പ വിശ്വനാഥിനാണ് ആദ്യമായി ഇത്തരമൊരു സങ്കടകരമായ അവസ്ഥ വന്നത് .വിശ്വനാഥ് 97 റണ്‍സുമായി പുറത്താവാതെ നിന്നെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു.
ഇതോടെ അദ്ദേഹത്തിനും സെഞ്ച്വറി നഷ്ടമായി .
1985ല്‍ കൊളംബോയില്‍
ശ്രീലങ്കക്കെതിരേ നടന്ന മത്സരത്തിൽ ദിലീപ് വെങ്‌സര്‍ക്കാര്‍ പുറത്താവാതെ 98 റണ്‍സുമായി ക്രീസില്‍ നിന്നെങ്കിലും പിന്തുണ നല്‍കാന്‍ മറുവശത്ത് ആളില്ലാത്തതിനാല്‍ സെഞ്ച്വറി നേടാനാവാതെ മടങ്ങി.2012-13ല്‍ ഇംഗ്ലണ്ടിനെതിരേ കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യൻ ഓഫ് സ്പിന്നർ ആര്‍ അശ്വിനും സമാന അവസ്ഥ നേരിട്ടു. പുറത്താവാതെ 91 റണ്‍സുമായി അശ്വിന്‍ ക്രീസില്‍ നിന്ന് എങ്കിലും മറ്റ് താരങ്ങൾ ഏവരും പുറത്തായതോടെ അശ്വിന്റെ സെഞ്ച്വറി എന്ന മോഹവും പൊലിഞ്ഞു .