അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായാണ് ഏവരും കാത്തിരിക്കുന്നത് .തുല്യ ശക്തികളുടെ പോരാട്ടമെന്നാണ് ഈ പരമ്പരയും വിശേഷിപ്പിക്കപ്പെടുന്നത് .ഇന്ത്യൻ മണ്ണിൽ പരമ്പര നടക്കുന്നു എന്നതാണ് ഇന്ത്യൻ ടീമിനുള്ള ആനുകൂല്യം . എന്നാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും രോഹിത് ശർമ്മയ്‌ക്കൊപ്പം യുവ താരം ശുഭ്മാൻ ഗിൽ തന്നെ ഓപ്പൺ ചെയ്യണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻതാരം ഗൗതം ഗംഭീർ. പരമ്പരയിൽ ഇംഗ്ലണ്ട് ശക്തമായ വെല്ലുവിളി ഉയർത്തുമെന്നും ഗംഭീർ ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകുന്നു .
“തന്റെ ടെസ്റ്റ് കരിയറിന് മികച്ച തുടക്കം തുടങ്ങിയ ഗിൽ രോഹിത് ശർമ്മയുടെ ഓപ്പണിംഗ് പങ്കാളിയായി തുടരണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം ആദ്യ പരമ്പരയിൽ തന്നെ ഗിൽ തന്റെ ക്ലാസ് വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനേക്കാൾ നല്ലൊരു തുടക്കം ഒരു ടെസ്റ്റ് ഓപ്പണർക്ക് കിട്ടാനില്ല. അമിത പ്രതീക്ഷകളും വലിയ സമ്മർദവും നൽകാതെ ഗില്ലിനെ
തന്റെ സ്വാഭാവിക ശൈലിയിലൂടെ കളിക്കുവാൻ അനുവദിക്കണം ഗംഭീർ അഭിപ്രായം തുറന്നു പറഞ്ഞു.
ഓസ്‌ട്രേലിയയിൽ മിന്നും വിജയം കരസ്ഥമാക്കിയ ടീം ഇന്ത്യ ആത്മവിശ്വാസത്തിന്റെ പൂർണതയിൽ ആണെങ്കിലും ലങ്കയെ തകർത്ത് എത്തുന്ന ഇംഗ്ലണ്ടിനെ ദുർബലരായി ഒരിക്കലും കാണുവാൻ കഴിയില്ലെന്നും ഗൗതം ഗംഭീർ വ്യക്തമാക്കി. ‘മികച്ച ബാറ്റ്സ്മാൻമാരും ബൗളർമാരുമുള്ള ടീമാണ് ഇംഗ്ലണ്ട്. ലങ്കക്കെതിരെ ഇംഗ്ലണ്ടിന്റെ കരുത്ത് നാം കണ്ടതാണ്. ഇന്ത്യക്കെതിരെ ഈ മികവ് ഇന്ത്യൻ മണ്ണിൽ അവർക്ക് ആവർത്തിക്കുക അത്ര എളുപ്പമായിരിക്കില്ല.പക്ഷേ അമിത ആത്മവിശ്വാസം ഒരിക്കലും ഇന്ത്യക്ക് വിനയാവരുത്’ എന്നും ഗംഭീർ ടീം ഇന്ത്യയെ ഓർമ്മിപ്പിച്ചു.
നേരത്തെ ഓസീസ് എതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ശുഭ്മാൻ ഗിൽ .തന്റെ കന്നി ടെസ്റ്റ് മത്സരം മുതൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത് .
സ്വപ്നതുല്യ അരങ്ങേറ്റ പരമ്പരക്ക് ശേഷം ഇപ്പോൾ സ്വന്തം നാട്ടിൽ പാഡണിയാൻ ഒരുങ്ങുകയാണ് യുവതാരം ശുഭ്മാൻ ഗിൽ. ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയിൽ താരം 259 റൺസ് നേടി. രണ്ട് അർധസെഞ്ച്വറി നേടിയ ഗില്ലിന് പേസര്‍മാരുടെ പറുദീസയായ ഗാബയിൽ സെഞ്ച്വറി നഷ്ടമായത് വെറും ഒൻപത് റൺസിനായിരുന്നു. 91 റൺസിൽ താരം പുറത്തായി .
ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾക്കുള്ള
ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്.